അരുന്ധതി റോയ് : ബൗദ്ധികതയ്ക്കു പിറകിലെ ദംഷ്ട്രകളുടെ നേർക്കാഴ്‌ച

0

ഒരു രാഷ്ട്രത്തിലെ ജനതയുടെ ബൗദ്ധിക നിലപാടുകളുടെ ധ്വജം വഹിക്കുന്നത് ആ സമൂഹത്തിലെ എഴുത്തുകാരാണ്. രാജാക്കന്മാരുടെ പേരിനോടൊപ്പം, ഒരു പക്ഷേ അതിലുമുപരി, വിശ്രുത സാഹിത്യകാരന്മാരുടെ പേരുകളും ചരിത്രത്തിൽ സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നമുക്കു മനസിലാക്കിത്തരുന്നത് എന്തെന്നാൽ, എഴുത്തുകാരന്റെ  തൂലികയിലൂടെ സമൂഹത്തിന്റെ ചിന്തകളും സമരസപ്പെട്ടിരുന്നുവെന്ന വസ്തുതയാണ്. എഴുത്തുകാരന്റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടിരുന്ന, കഥാപാത്രങ്ങളിലെ നന്മ ഇഷ്ടപ്പെട്ടിരുന്ന വായനക്കാർ സ്വാഭാവികമായും ആ കഥാപാത്രത്തിന്റെ സ്രഷ്ടാവിനും അതേ  നന്മയുണ്ടാകുമെന്ന് കരുതി. ആ തെറ്റിദ്ധാരണ മൂലം, അവന്റെ വാക്കുകളിലൂടെ ജനങ്ങൾ ചിന്തിച്ചു, അവന്റെ വരികളിലൂടെ അവർ ലോകം കണ്ടു.


പക്ഷേ, ജനങ്ങൾ മറന്ന ഒന്നുണ്ട്. അതേ ജനതയേയും രാഷ്ട്രത്തെയും ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനും വികൃതമായി  തരം താഴ്ത്താനും എഴുത്തുകാർക്ക് കഴിയും. നൈസർഗികമായി അവർക്ക് കിട്ടിയ ആശയങ്ങളെ ആവാഹിക്കാനുള്ള കഴിവ്, പണം കിട്ടിയാൽ ഒരു സമൂഹത്തിനെതിരെ അവർ ഉപയോഗിക്കുകയും ചെയ്യും. ഇക്കാര്യം വ്യക്തമായി അറിയാവുന്ന രാജ്യവിരുദ്ധ ശക്തികൾ, സർഗ്ഗശേഷിയുള്ള പ്രതിഭകളെ പണം കൊടുത്ത് വശത്താക്കുകയും, അവരുടെ എഴുതാനുള്ള കഴിവിനെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ലോകത്തിലെ നിരവധി രാഷ്ട്രങ്ങളിൽ നടക്കുന്ന ഈ പ്രവണത ഇപ്പോഴും സിംഹഭാഗം ജനങ്ങൾക്കും മനസ്സിലായിട്ടില്ല. ചെകുത്താന്മാരുടെ മനുഷ്യാവകാശത്തിനു വേണ്ടി വാദിക്കുക, തീവ്രവാദികളുടെ നന്മയെ ഉയർത്തി കാണിക്കുക, സ്വന്തം രാജ്യത്തെയും ഭരണാധിപന്മാരെയും സൈനികരെയും അങ്ങേയറ്റം മോശമായ രീതിയിൽ അപമാനിക്കുക, എന്നിങ്ങനെയാണ്  ക്ഷുദ്രശക്തികളുടെ കൂലിയെഴുത്തുകാരായ ഇത്തരക്കാരുടെ പ്രവർത്തനരീതി. പ്രഥമ ദൃഷ്ട്യാ, ആക്ടിവിസ്റ്റ്, മനുഷ്യാവകാശ പ്രവർത്തകർ, പ്രകൃതി സ്നേഹികൾ എന്നിങ്ങനെയുള്ള ലേബലുകൾക്ക് പിറകിൽ ഒളിച്ചിരിക്കുന്ന ഒന്നാന്തരം കഴുതപ്പുലികളാണ് ഇങ്ങനെയുള്ള എഴുത്തുകാർ.

ഇന്ത്യയിൽ ഈ പ്രവണത തൊണ്ണൂറുകളോടെയാണ് ശക്തമാകുന്നത്. ഹൃദയഹാരിയായ വാക്കുകൾ കൊണ്ട് എഴുതാൻ കഴിയുന്നവരോട് സാധാരണക്കാർക്കുണ്ടാവുന്ന ആരാധന കലർന്ന വിധേയത്വത്തെ, പൊതുജനങ്ങളുടെ ഉള്ളിലെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ ഉപയോഗിക്കുന്നത് ഈ കാലഘട്ടം മുതലാണ്. ഇത്തരം എഴുത്തുകാരിൽ ഒന്നാംസ്ഥാനത്താണ് സൂസന്ന അരുന്ധതി റോയ്.1997-ലെ ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന അവരുടെ കൃതിക്ക് മാൻ ബുക്കർ പ്രൈസ് ലഭിക്കുന്നതോടെയാണ് അരുന്ധതി റോയ് അന്താരാഷ്ട്രതലത്തിൽ പ്രശസ്തയാകുന്നത്.

രാജ്യത്തിന്റെ മുഖത്ത് ചെളി വാരിയെറിയുന്ന പണി  അരുന്ധതി റോയ് ആരംഭിക്കുന്നത് 2002-ലാണ്. ഗുജറാത്ത് കലാപസമയത്ത് ലോകമെങ്ങും പ്രചാരം ലഭിച്ച കഥയായിരുന്നു ഗർഭിണി-ശൂലം-ഭ്രൂണം. എരിവും പുളിയും ചേർത്ത ആ കഥ, പല രീതിയിൽ ലോകം മുഴുവൻ ഹിന്ദു സമൂഹത്തിന്റെ മുഖത്ത് കരിവാരിത്തേച്ചു കൊണ്ട് പ്രചരിച്ചു. കലാപത്തിന്റെ  ഭീകരത മുഴുവനാവാഹിച്ച ഈ കഥയുടെ ഉപജ്ഞാതാവ് ബിബിസിയായിരുന്നു. ഉറപ്പില്ലാത്ത, തെളിവില്ലാത്ത വാർത്ത എന്ന അർത്ഥത്തിൽ, uncorroborated എന്ന വിശേഷണമാണ് ബിബിസി അതിന് കൊടുത്തത്. ഈ ആധികാരികമല്ലാത്ത വാർത്തയെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ ക്രൂരതയ്ക്ക് സമം പൈശാചികത ചേർത്ത് ലേഖനങ്ങളെഴുതി രാജ്യം മുഴുവൻ പാടി നടന്നത് അരുന്ധതി റോയിയാണ്. ബുക്കർ പ്രൈസ് നേടിയ ഒരു എഴുത്തുകാരി കള്ളം പറയില്ലെന്ന വിശ്വാസത്തിൽ സകലരും അത് കണ്ണടച്ച് വിശ്വസിച്ചു. യാഥാർത്ഥ്യമറിയാവുന്ന ഉന്നത വിദ്യാഭ്യാസം നേടിയ ചില കപട സെക്യൂലറിസ്റ്റുകൾ സ്വാർത്ഥ ലാഭം മാത്രം കണക്കാക്കി അരുന്ധതി റോയിയുടെ പൊറാട്ടു നാടകത്തിന് പുതിയ ഭാഷ്യങ്ങളെഴുതി. ഒടുവിൽ, ഇതിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വേണ്ടി ഈ കഥയ്ക്ക് തെളിവ് നൽകാൻ പോലീസ് അവരോടാവശ്യപ്പെട്ടു. കള്ളി വെളിച്ചത്തായപ്പോൾ, അരുന്ധതി റോയി പറഞ്ഞത്  തന്നെ വിളിച്ചു വരുത്തി തെളിവ് ചോദിക്കാൻ പോലീസിന് അധികാരമില്ലെന്നായിരുന്നു. ഇല്ലാത്ത തെളിവ് പാവം അരുന്ധതി എങ്ങനെ നൽകാനാണ്.? 


ഒടുവിൽ, സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം 2009-ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കഥ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പ്രസ്തുത ഗർഭിണിയായ കൗസർ ഭാനുവിനെ പോസ്റ്റുമോർട്ടം ചെയ്ത ജെ.എസ് കനേരിയയെന്ന സർക്കാർ ഡോക്ടർ കോടതിയിൽ കൊടുത്ത മൊഴി, തീപ്പൊള്ളലേറ്റ് മരിച്ച കൗസർ ഭാനുവിന്റെ  വയറ്റിൽ ഗർഭസ്ഥ ശിശു അതുപോലെ തന്നെ ഉണ്ടായിരുന്നുവെന്നാണ്. അതോടെ, വയറു പിളർന്ന് ഭ്രൂണത്തെ ത്രിശൂലത്തിൽ കുത്തിയെടുത്ത് കത്തിച്ച കഥ ചീറ്റി.

ഗുജറാത്ത് കലാപത്തിനിടെ അരുന്ധതി റോയിയുടെ മറ്റൊരു സർഗ്ഗസൃഷ്ടിയാണ് മുൻ കോൺഗ്രസ് എം.പി ആയിരുന്ന എഹ്സാൻ ജഫ്രിയുടെ മകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കഥ. തന്റെ  ഭാഷാനൈപുണ്യം ഉപയോഗിച്ച് ആൾക്കൂട്ടത്തിനു മുന്നിൽ പരിപൂർണ്ണ നഗ്നയാക്കപ്പെട്ട,  ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ കദനകഥ അരുന്ധതി വരച്ചു കാട്ടി. ക്രൂരമായ ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ജീവനോടെ കത്തിച്ചുവെന്ന്, സംഭവത്തിന് സാക്ഷ്യം വഹിച്ച വൈകാരികതയോടെ അരുന്ധതി ഔട്ട്‌ലുക്ക് മാഗസിനിൽ വിവരിച്ചു. എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെ ഒരു സംഭവം തന്നെ നടന്നിട്ടില്ല. ആൾക്കൂട്ടത്തിന് നേരെ നിറയൊഴിച്ച ജഫ്രിയെ, കുപിതരായ ജനക്കൂട്ടം വധിച്ചുവെന്നത് സത്യമാണ്. പക്ഷേ, മകൾ കൊല്ലപ്പെട്ടുവെന്നത് അതിവിദഗ്ധമായി കൂട്ടിച്ചേർക്കപ്പെട്ട കല്ലുവച്ച നുണയായിരുന്നു. കാരണം, ജഫ്രിയുടെ മകൾ ആ സമയം സഹോദരനോടൊപ്പം അമേരിക്കയിലായിരുന്നു. ഇക്കാര്യം പിന്നീട് ജഫ്രിയുടെ കുടുംബം തന്നെ സ്ഥിരീകരിച്ചതിനെ തുടർന്ന് അരുന്ധതി റോയിക്ക് എഹ്സാൻ ജഫ്രിയുടെ കുടുംബത്തോട് ക്ഷമ ചോദിക്കേണ്ടി വന്നിരുന്നു. ഇന്നും നിങ്ങൾക്കതിന്റെ പതിപ്പുകൾ ഇന്റർനെറ്റിൽ വായിക്കാൻ ലഭിക്കും.

ഗുജറാത്ത് കലാപത്തെ കുറിച്ച് അരുന്ധതി റോയ് എഴുതിയിരിക്കുന്ന ലേഖനം വായിച്ചാൽ വികാരവിക്ഷുബ്ധരാകുന്ന ന്യൂനപക്ഷത്തിലെ  ജനങ്ങളെ കുറ്റം പറയാൻ പറ്റില്ല.”ഇന്നലെ രാത്രി, ഏങ്ങലടിച്ചു കൊണ്ട് ബറോഡയിൽ നിന്നും എന്റെയൊരു സുഹൃത്ത് വിളിച്ചിരുന്നു. വിങ്ങിപ്പൊട്ടിയായിരുന്നു അവളെന്നോട് സംസാരിച്ചത്. പത്തുമിനിറ്റോളം സമയമെടുത്തു അവളുടെ കരച്ചിലടക്കി എന്നോട് കാര്യം പറയാൻ. അവളുടെ സയീദ എന്നൊരു സുഹൃത്ത്, എങ്ങനെയോ കലാപകാരികളുടെ ഇടയിൽപ്പെട്ടു. അക്രമികൾ പച്ചജീവനോടെ ആ പെൺകുട്ടിയുടെ വയറു കീറി. കത്തുന്ന തുണിക്കഷണങ്ങൾ അവളുടെ വയറിൽ കുത്തി നിറച്ചു. ഒടുവിൽ, ആ പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ അവളുടെ നെറ്റിയിൽ അവർ വാൾമുന കൊണ്ട് ഓംകാരം വരച്ചു” എന്നൊക്കെ എഴുതിക്കഴിഞ്ഞാൽ, ആരായാലും വിശ്വസിച്ചു പോകും. വാളും കുന്തവുമെടുത്ത് ഇറങ്ങുകയും ചെയ്യും.നൂറു ശതമാനം വിദ്യാഭ്യാസമുള്ള സാക്ഷര കേരളത്തിലെ  ന്യൂനപക്ഷങ്ങളുടെ മതവികാരം പോലും  തീവ്രതയുള്ളതാണെങ്കിൽ, ഇത്രത്തോളം വിദ്യാഭ്യാസമില്ലാത്ത ഉത്തരേന്ത്യയിലെ മുസ്‌ലിങ്ങൾ അന്ന് എന്തു മാത്രം പ്രകോപിതരായിക്കാണും?.

എന്നാൽ, അന്നത്തെ രാജ്യസഭാ എം.പിയായിരുന്ന ബൽബീർ പഞ്ച് ഇതങ്ങനെ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല. തന്റെ കഴിവും പദവിയും ഉപയോഗിച്ച് ഗുജറാത്തി സർക്കാരിൽ സ്വാധീനം ചെലുത്തി അദ്ദേഹം ഈ സംഭവം അന്വേഷിപ്പിച്ചു. ബറോഡയിലെ നഗര, ഗ്രാമ പ്രദേശങ്ങളെല്ലാം തന്നെ അരിച്ചു പെറുക്കിയിട്ടും അങ്ങനെയൊരു സംഭവം നടന്നതായി കണ്ടെത്താൻ പോലീസിന്  കഴിഞ്ഞില്ല. സയീദ എന്ന പേരിലൊരാൾ ആ ഭാഗത്ത്‌ തന്നെയില്ലായിരുന്നു. ഒടുവിൽ, സംഭവത്തിന്റെ നിജസ്ഥിതിയറിയാനും ഇരയ്ക്ക് നീതി ലഭിക്കാനും ഗുജറാത്ത് പോലീസ് അരുന്ധതി റോയുടെ സഹായം തേടി.എന്നാൽ, അരുന്ധതി റോയ് ഇക്കുറിയും സഹകരിക്കാൻ തയ്യാറായില്ല. മാത്രമല്ല, ഇക്കാര്യത്തിൽ സമൻസ് അയക്കാൻ പോലീസിന് അധികാരമില്ലെന്ന് തന്റെ വക്കീൽ മുഖേനെ അരുന്ധതി റോയ് വാദിച്ചു. ആ വക്കീലാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നീതിപീഠത്തെ നിന്ദിച്ചതിന്  സുപ്രീം കോടതി വിചാരണ നേരിട്ട ശ്രീ പ്രശാന്ത് ഭൂഷൺ. നോക്കണേ വലയുടെ കണ്ണികൾ പോകുന്ന പോക്ക്.!

തീവ്രവാദികൾക്കും രാജ്യദ്രോഹികൾക്കും വേണ്ടി മാത്രം തൂലിക ചലിപ്പിക്കുന്ന കപട ലിബറലുകൾ ഭാരതത്തിന്റെ ബൗദ്ധിക രംഗം കയ്യടക്കി വെച്ചിരിക്കുന്നതിനാൽ, ഇതെല്ലാം വെറും വ്യാജപ്രചരണങ്ങളാണെന്ന് ജനങ്ങൾക്ക്  മനസ്സിലാവാൻ ഒരുപാട് വർഷമെടുത്തു. അത്രയ്ക്കുണ്ടായിരുന്നു ഏഴു പേജുള്ള ആ ലേഖനത്തിന്റെ പ്രഹരശേഷി. അപ്പോഴേക്കും, അനേകം ന്യൂനപക്ഷ മതസ്ഥരുടെ മനസ്സുകളിൽ ആ നുണക്കഥ പാകിയ ഭീതിയും മതഭ്രാന്തും ആഴത്തിൽ  വേരുറപ്പിച്ചിരുന്നു. ഇന്നും സാമൂഹിക മാധ്യമങ്ങളിൽ ഈ കഥ പാടി നടക്കാൻ ഇടതുപക്ഷ കൂലിത്തൊഴിലാളികളുണ്ട്. അവരീ കഥയുടെ വിശ്വസ്തതയ്ക്ക് മാനദണ്ഡമായി ചൂണ്ടിക്കാണിക്കുന്നത് അരുന്ധതി റോയുടെ സർഗ്ഗശേഷിയാണ്. അവരൊരു ലോകം തിരിച്ചറിഞ്ഞ ചിന്തകയാണ്, എഴുത്തുകാരിയാണ് എന്നതാണ്. യഥാർത്ഥത്തിൽ, വംശഹത്യ നടത്തിയ ഹിറ്റ്ലർ നല്ലൊരു പ്രസംഗികൻ കൂടിയായിരുന്നുവെന്ന യാദൃശ്ചികത പോലെ, ഒരു രാജ്യവിരുദ്ധയായ, അതേ സമയം  കഴിവുള്ള എഴുത്തുകാരിയെന്നതിൽ കവിഞ്ഞ് പ്രസക്തിയൊന്നും ഇന്ത്യക്കാർ  ആ സർഗ്ഗശേഷിക്ക്  കൊടുക്കില്ല.

ഗുജറാത്ത് കലാപം കഴിഞ്ഞ് അരുന്ധതി വിഷലിപ്തമായ പ്രചരണങ്ങളുമായി പിന്നീട്  മുന്നോട്ടു വരുന്നത് 2008ലാണ്. കാശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ച്, കശ്മീർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന പ്രഖ്യാപനമാണ് അരുന്ധതി ഇക്കുറി നടത്തിയത്. ആഗസ്റ്റ് 18ന്, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കശ്മീരിൽ നടത്തുന്ന ഭീകരവാദികളുടെ പോരാട്ടത്തെ അവർ സ്വാതന്ത്ര്യ സമരമെന്ന് വിളിച്ചു. ഇന്ത്യയിൽ നിന്നും കശ്മീർ വേർപെടുത്താനുള്ള ഭീകരവാദികളെ ശ്രമങ്ങൾക്ക് അവർ നിരുപാധിക പിന്തുണയാണ്  പ്രഖ്യാപിച്ചത്. തൊട്ടു പുറകേ, ബ്രിട്ടീഷ് പത്രമായ ഗാർഡിയനിൽ വളരെ മോശമായാണ് അരുന്ധതി ഇന്ത്യയെ  ചിത്രീകരിച്ചത്. കശ്മീരിലെ തീവ്രവാദികളുടെ ക്രൂരതകളെ അവർ മനുഷ്യത്വപരമായ ചെറുത്തു നിൽപ്പാക്കി ചിത്രീകരിച്ചു. നിരപരാധികളായ സൈനികർ കൊല്ലപ്പെടുന്നത് സ്വാതന്ത്ര്യ സമരമായി ലോക ജനതയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമരങ്ങൾക്കുള്ള കാരണങ്ങളാണ്  അതിലും രസം. ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠ, പുണ്യ ക്ഷേത്രമായ അമർനാഥിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നതിൽ കശ്മീരിലെ മുസ്ലിങ്ങൾക്ക് ആശങ്കയുണ്ടത്രേ! ഹിന്ദുക്കൾ തൊഴാൻ വരുന്നത് കശ്മീരിലെ ജനസംഖ്യയുടെ ഭാഗധേയം മാറ്റിമറിക്കും പോലും.! ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് കശ്മീരിൽ നടന്നിരുന്നത്. പ്രതിഷേധങ്ങളുടെ മറവു പറ്റിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യൻ പട്ടാളം അടിച്ചമർത്തിയിരുന്നു. അതായിരുന്നു കശ്മീരിലെ മതമൗലികവാദികൾ അഴിച്ചുവിട്ട അക്രമങ്ങളുടെ മൂല കാരണവും.


പെണ്ണെന്ന ആയുധം മഹാരഥന്മാരെ പോലും തോൽപ്പിച്ചിട്ടുണ്ട്. വൻമരങ്ങൾ അത് സൃഷ്ടിച്ച വിവാദത്തിൽപ്പെട്ട് കടപുഴകി വീണിട്ടുണ്ട്. അവസാനം, അരുന്ധതി റോയ് പുറത്തെടുത്തതും അതേ ആയുധമാണ്. “ഇന്ത്യൻ പട്ടാളക്കാരാൽ ബലാത്സംഗം ചെയ്യപ്പെടാനുള്ളതാണ് ഞങ്ങളെല്ലാവരും” എന്ന് ഏതോ ഒരു പെൺകുട്ടി അരുന്ധതിയോട് പറഞ്ഞുവെന്ന് വടിവൊത്ത ഇംഗ്ലീഷിൽ അവർ ഗാർഡിയനിൽ വിവരിച്ചു. ആരെന്നോ എന്തെന്നോ ഉള്ള വ്യക്തമായ യാതൊരു വിവരവുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണം, അവരുടെ സമൂഹത്തിലെ സ്ഥാനം നൽകുന്ന പ്രാധാന്യം കൊണ്ട് കഥയറിയാതെ ആട്ടം കാണുന്ന ലോകജനത ഏറ്റുപിടിച്ചു. ജീവനും യൗവനവും രാജ്യത്തിനുവേണ്ടി ഹോമിക്കുന്ന നമ്മുടെ ജവാന്മാർ ആ അപവാദം കേട്ട് നിസ്സഹായരായി തല കുനിച്ചു.


ചരിത്രപരമായ സകല തെളിവുകളെയും കണ്ണടച്ച് നിഷേധിച്ചുള്ള അരുന്ധതിറോയിയുടെ ഈ പ്രസ്താവനയ്ക്കെതിരെ, അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസ് പോലും രംഗത്തു വന്നു. കശ്മീരിൽ രൂക്ഷമായ പ്രതിഷേധം നടക്കുന്ന അക്കാലത്ത് ഉയർന്നു കേട്ടിരുന്ന ഒരു മുദ്രാവാക്യം ” “നഗ്നമല്ലേ, വിശന്നു പൊരിയുകയല്ലേ ഹിന്ദുസ്ഥാൻ..? എങ്കിലും, ഞങ്ങൾക്ക് ജീവനേക്കാൾ പ്രിയങ്കരമാണ്  പാകിസ്ഥാൻ” എന്നതായിരുന്നു. മറ്റെവിടെയും പോകേണ്ട, അരുന്ധതി റോയിയുടെ ലേഖനത്തിൽ തന്നെ അത് വിവരിച്ചിട്ടുണ്ട്. യാഥാർത്ഥ്യങ്ങൾ ഇങ്ങനെയാണെങ്കിലും അരുന്ധതിയ്ക്ക് പ്രിയങ്കരർ യാസിൻ മാലിക്കിനെപ്പോലുള്ള  കശ്മീരിലെ കലാപകാരികളായിരുന്നു. അതെന്നും അങ്ങനെയാണ്.മാവോയിസ്റ്റുകൾ, നക്സലൈറ്റുകൾ, കൊടും ഭീകരർ, പാകിസ്ഥാൻ, എന്നിങ്ങനെ എക്കാലത്തും ഇന്ത്യയുടെ ശത്രുക്കളോട് ഒപ്പം മാത്രമാണ് അരുന്ധതി റോയ് എന്ന ദേശവിരുദ്ധ എഴുത്തുകാരി നിലകൊണ്ടിട്ടുള്ളത്.

ബി.എ ഇംഗ്ലീഷ് ആൻഡ് ലിറ്ററേച്ചർ മൂന്നാം സെമസ്റ്ററിലെ അപ്രിഷിയേറ്റിങ്ങ് പ്രോസ് എന്ന ടെക്സ്റ്റ് ബുക്കിൽ, അരുന്ധതിയുടെ കം സെപ്റ്റംബർ എന്ന വിദ്വേഷ പ്രസംഗം കുട്ടികൾക്ക് പഠിക്കാനായി ചേർത്തിട്ടുണ്ട്. 2002 സെപ്റ്റംബർ 18ന് അമേരിക്കയിലെ ലന്നൻ ഫൗണ്ടേഷനിൽ അരുന്ധതി നടത്തിയ പ്രസംഗമാണ് കം സെപ്റ്റംബർ. ഛിദ്രശക്തികളുടെ താൽപര്യ പ്രകാരം അരുന്ധതി നടത്തിയ ഈ പ്രസംഗം, ലോക ജനതയ്ക്ക് മുന്നിൽ കെട്ടുകഥകളുടെ പരിഹാസ ശരമേറ്റ് ഭാരതം നാണംകെട്ടു നിൽക്കേണ്ട അവസ്ഥയാണുണ്ടാക്കിയത്. ഭാരതത്തിനെ അടിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത പാശ്ചാത്യ മാധ്യമങ്ങൾ വൻപ്രാധാന്യത്തോടെ തന്നെ ഈ പ്രസംഗം പ്രസിദ്ധീകരിച്ചു. ബുക്കർ പ്രൈസ് ജേതാവായ ഇന്ത്യയിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാൾ ഭാരതത്തിന്റെ ഇരുണ്ട വശങ്ങളെ തുറന്നു കാണിക്കുന്നു എന്നായിരുന്നു അവർ അതിനെ വ്യാഖ്യാനിച്ചത്. ഇതേ കവിതയാണ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഇപ്പോൾ കാഴ്ചപ്പാടുറയ്ക്കുന്ന പ്രായത്തിൽ കുട്ടികളിലേക്ക് കുത്തി വയ്ക്കുന്നത്.

ആ ലേഖനം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് കശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്നാണ്. പാർലമെന്റ് ഭീകരാക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നത് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ  കളങ്കമാണ്, ആ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായാണ് എഡിറ്റർ കുട്ടികൾക്ക് അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. കശ്മീർ ഭീകരവാദികളുടെ കലാപത്തെയും അട്ടിമറി ശ്രമങ്ങളെയും സ്വാതന്ത്ര്യ സമരമായാണ് അരുന്ധതി വിശേഷിപ്പിച്ചിരിക്കുന്നത്. പലസ്തീൻ പോലെ, സാമ്രാജ്യത്വത്തിന്റെ രക്തം പുരണ്ട സംഭാവനയാണ് കശ്മീരത്രേ! ഭാരതത്തിന്റെ തന്ത്രപ്രധാന പ്രദേശമായ കശ്മീർ സംരക്ഷിക്കാൻ ബലി കൊടുത്ത ആയിരക്കണക്കിന് പട്ടാളക്കാരുടെ ജീവന് പുല്ലുവില കൊടുത്താണ്  ഇവരീ പ്രസംഗം നടത്തിയിരിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ പേരു  പറഞ്ഞ് പ്രഥമദൃഷ്ട്യാ, വളരെ നിഷ്കളങ്കമായി ഇന്ത്യൻ സൈനികരെ കുഴിബോംബ് വെച്ച് കൂട്ടക്കൊല നടത്തുന്ന മാവോയിസ്റ്റുകളുടെ ഭീകര പ്രവർത്തനത്തെ പോലും ന്യായീകരിച്ച ചരിത്രം അരുന്ധതിക്കുണ്ട്. അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെ പോലും എതിർത്ത ഇവരെപ്പോലത്തെ രാഷ്ട്ര വിരുദ്ധർക്ക് അങ്ങനെ സംസാരിക്കാൻ മാത്രമല്ലേ കഴിയൂ.!പാകിസ്ഥാനെതിരെ  കാർഗിലിൽ ആക്രമണം നടത്തിയത് ഇന്ത്യയാണെന്നാണ് ആ പ്രസംഗത്തിൽ അരുന്ധതി പറയുന്നത്. ക്യാപ്റ്റൻ സൗരഭ് കാലിയയുടെ കഥ അറിഞ്ഞിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ, ഇങ്ങനെ പറയാൻ അവരുടെ നാവുയരില്ലായിരുന്നു. ഹിന്ദുക്കളെ തന്റെ  ജന്മ ശത്രുക്കളായി കാണുന്ന യാസിൻ മാലിക്കിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയുമൊപ്പം വേദി പങ്കിടുന്ന അരുന്ധതി റോയിയേക്കാളും അപകടകാരികളാണ് ഈ ലേഖനം പാഠഭാഗത്തിൽ ഉൾപ്പെടുത്തിയ മുരുകൻ ബാബുവും ആബിദ ഫാറൂഖിയും. രാഷ്ട്രത്തിന്റെ യുവ മനസ്സുകളിൽ നിന്നും ദേശീയതയെന്ന ആശയം തന്നെ തുടച്ചു മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യാ മഹാരാഷ്ട്രത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നടപടികൾ ഇതാദ്യമായല്ല. തേച്ചാലും മാച്ചാലും പോകാത്ത നാണക്കേട് ഈ സർവകലാശാല നമുക്ക് നേടിത്തന്നിട്ടുണ്ട്.2013-ൽ, അൽഖ്വയിദ തലവനായ ഇബ്രാഹിം-അൽ-റുബായിഷിന്റെ ‘ഓഡ് ടു ദി സീ’ എന്ന കവിതയും ഇതേ ഇംഗ്ലീഷ് വിഭാഗം പാഠപുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തീവ്രവാദിയുടെ ആരാധകരുൾപ്പെടുന്ന ഇന്ത്യയിലെ സർവ്വകലാശാലയുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും വാർത്തകൾ, ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ  പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ തീവ്രവാദത്തിന് ശക്തി പകരാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണായുധങ്ങൾ ഉണ്ടാകുന്നത്. കിറുകൃത്യമായ ആസൂത്രണ മികവുള്ള കോഴിക്കോട് സർവകലാശാലയിലെ മതമൗലികവാദികളായ ചില അധ്യാപകരടക്കം ഈ ക്യാംപെയിന്റെ ഭാഗമാണ്.

അരുന്ധതി റോയിയുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പുത്തരിയല്ല. പക്ഷേ, ഇവയിൽ ഏറ്റവും ഗുരുതരമായി കാണേണ്ട ഒന്നുണ്ട്. നമ്മുടെ രാജ്യം ഒരു ആണവ ശക്തിയായി മാറിയതിനെ ജനങ്ങളും സാംസ്കാരിക നായകരും പ്രോത്സാഹിപ്പിച്ചപ്പോൾ, അതിനെ ഒരു കുറ്റമായി പരാമർശിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. വികസന സംബന്ധമായ, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന എന്ത് കാര്യവും അരുന്ധതി റോയിയെ പോലുള്ളവരെ അസ്വസ്ഥരാക്കുന്നുണ്ട്. അണുപരീക്ഷണത്തെ മാത്രമല്ല, രാജ്യത്തെ വൻ അണക്കെട്ടുകളെയും ഇവർ ചോദ്യം ചെയ്യുന്നുവെന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഒരുകാലത്ത് വിദൂരമെന്നു തോന്നിയിരുന്നെങ്കിലും, ഇപ്പോൾ വളരെ പ്രസക്തമായ ഒരു സാധ്യതയിലേക്ക് കൂടി ഇത് വിരൽ ചൂണ്ടുന്നുണ്ട്. ആക്ടിവിസ്റ്റുകൾ എന്ന ലേബലിലറിയപ്പെടുന്ന ഇവരുടെ സ്വത്വം വെളിവാക്കപ്പെട്ട ചില സംഭവങ്ങളിലേക്ക് നമുക്ക് കണ്ണോടിക്കാം.

ഇന്ത്യയുടെ സാമ്പത്തിക, സൈനിക, വ്യവസായിക സുരക്ഷകളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ബൃഹദ് പദ്ധതികളെ ചോദ്യംചെയ്യാനും, അത്തരത്തിലുള്ളവ ആരംഭിക്കുന്നതു മുടക്കാനും ഇത്തരക്കാർ മുൻനിരയിൽ ഉണ്ടാകും. പാരിസ്ഥിതിക പ്രശ്നങ്ങൾ, സമാധാന, മാനവികതാ വാദങ്ങൾ എന്നിവ മുൻനിർത്തിയായിരിക്കും പ്രക്ഷോഭമെന്ന പേരിലുള്ള ഇവരുടെ കരുനീക്കം. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ്. ലോകത്തിലെ തന്നെ ഏറ്റവുമധികം  ചെമ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറികളിൽ ഒന്നായിരുന്നു സ്റ്റെർലൈറ്റ്. അധികൃതരുടെ കെടുകാര്യസ്ഥത മൂലം നിർഭാഗ്യവശാൽ
2013-ൽ അവിടെ വാതകചോർച്ചയുണ്ടായി. പൊട്ടിമുളച്ചത് പോലെയാണ് പിന്നെ ആക്ടിവിസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ആ പ്രശ്നം ഊതിപ്പെരുപ്പിച്ച് വലുതാക്കി ഫാക്ടറി അടച്ചു പൂട്ടാനുള്ള ശ്രമങ്ങൾ, അവരുടെ കഷ്ടകാലത്തിന് ഒതുങ്ങിപ്പോയി. എന്നാൽ, 2018-ൽ പ്രതിവർഷ ഉല്പാദനം 40,000 ടൺ ചെമ്പിൽ നിന്ന് 80,000 ആയി ഉയർത്താൻ കമ്പനി തീരുമാനിച്ചു. ഈറ്റപ്പുലി പോലെയാണ് പിന്നീട് സാമൂഹ്യപ്രവർത്തകർ ചാടി വീണത്. നിഷ്കളങ്കത പൊതുവേ കൂടുതലായ തമിഴ് ജനതയെ പറഞ്ഞിളക്കുന്നതിൽ സാംസ്കാരിക നായകർ വിജയിച്ചു. മെയ് 22ന് രാവിലെ കലക്ടറേറ്റിന് മുന്നിൽ തടിച്ചു കൂടിയ വലിയൊരു  ജനക്കൂട്ടത്തിൽ സാമൂഹ്യവിരുദ്ധരും ഉണ്ടായിരുന്നു. അക്രമാസക്തരായ ജനം കലക്ടറേറ്റിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത് പോലീസ് വെടിവെപ്പിൽ കലാശിച്ചു. ടിയർഗ്യാസും ലാത്തിച്ചാർജും നിഷ്ഫലമായപ്പോൾ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. അരുന്ധതി റോയ്, സ്ഥിരം മനുഷ്യസ്നേഹികളായ കമലഹാസൻ, വിജയ്, എന്നിവർ മുതലക്കണ്ണീരൊഴുക്കി രംഗത്തു വന്നപ്പോൾ, വികസനത്തിനെതിരെ പുറം തിരിഞ്ഞു നിൽക്കാതെ വേണ്ടരീതിയിൽ പരിഹരിക്കണമെന്ന ഉറച്ച നിലപാടുമായി രജനീകാന്ത്‌ നില കൊണ്ടു. പക്ഷേ, മെയ് 28-ന് സ്റ്റെർലൈറ്റ് പ്ലാന്റ് തമിഴ്നാട് സർക്കാർ അടച്ചു പൂട്ടി.

വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അനിൽ അഗർവാളിന്റെ വേദാന്ത എന്ന കമ്പനിയാണ് സ്റ്റെർലൈറ്റിന്റെ ഉടമസ്ഥർ. മോദി സർക്കാരിന്റെ ആദ്യ നാലു വർഷങ്ങൾ കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളെത്തിച്ച ‘ഭാരത് കി ബാത്ത്’ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പങ്കാളിത്തം ഇവർക്കായിരുന്നു. ലണ്ടനിൽ നടത്തുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ, സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്യുമെന്ററികൾക്ക് സാമ്പത്തിക സഹായം നൽകൽ എന്നിങ്ങനെ നിശബ്ദമായ സാമൂഹിക സേവനങ്ങൾ സ്റ്റെർലൈറ്റ് കമ്പനിയുടെ മുഖമുദ്രയാണ്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി നിയമങ്ങൾ പ്രകാരം, വാർഷിക വരുമാനം 1000 കോടിയിൽ കൂടുതൽ ഉള്ള കമ്പനികൾ രണ്ട് ശതമാനം സാമൂഹ്യ സേവനങ്ങൾക്ക് നീക്കിവയ്ക്കണം എന്നിരിക്കെ, വേദാന്ത ഗ്രൂപ്പ് നീക്കിവയ്ക്കുന്നത് മൂന്ന് ശതമാനമാണ്. 2013-ൽ, 300 കോടി രൂപയാണ്  അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്.

എന്നാൽ, ഭാരതത്തിന്റെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്ന ഛിദ്രശക്തികൾ വേദാന്ത ഗ്രൂപ്പിനെയും നോട്ടമിട്ടിരുന്നു. മെല്ലെ മെല്ലെ, അരുന്ധതി റോയിയെപ്പോലുള്ള എഴുത്തുകാരെ സ്വാധീനിച്ച വിദേശ ശക്തികൾ, വില്പനയ്ക്ക് വെച്ചിട്ടുള്ള സകല ആക്ടിവിസ്റ്റുകളെയും വിലക്കെടുത്തു. 2008-ൽ, ഒഡീഷയിലെ ലാഞ്ചിഗഡിൽ, വേദാന്ത ഗ്രൂപ്പിന്റെ അംഗനവാടി, ആതുരസേവന പ്രോജക്ടുകളെ പ്രകീർത്തിച്ചു കൊണ്ട് ലേഖനമെഴുതിയ തെഹൽക  മാഗസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് അരുന്ധതി റോയ് എഴുതിയ കത്താണ് എന്റെയീ  ലേഖനത്തിന് ആധാരം തന്നെ. വേദാന്ത ഗ്രൂപ്പിനെ ഈ വെട്ടുക്കിളിക്കൂട്ടം വളരെ മുൻപേ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.

ഒഡീഷയിലെ നിയംഗിരി മലനിരകളിലുള്ള വേദാന്തയുടെ ബോക്സൈറ്റ് പ്ലാന്റും അരുന്ധതി റോയ് അടക്കമുള്ള സാമൂഹിക പ്രവർത്തകർ മുന്നിട്ടിറങ്ങി പൂട്ടിച്ചത് 2014ലാണ്. പക്ഷേ, അതേ വർഷം തന്നെയായിരുന്നു 23,000 കോടി വരുന്ന തന്റെ സമ്പത്തിൽ 75%, അനിൽ അഗർവാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കി വെച്ചതും. സംരംഭങ്ങൾ ഒന്നൊന്നായി അവസാനിപ്പിക്കപ്പെടുമ്പോഴും ഗംഗാനദിയുടെ ബിഹാറിലെ തീരങ്ങൾ വൃത്തിയാക്കൽ, വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രധാനമന്ത്രിയുടെ ഉജാല പദ്ധതി, 4,000 അങ്കണവാടികൾ നവീകരിക്കാനുള്ള നന്ദ്ഗർ പദ്ധതി എന്നിവയിലൊക്കെ വേദാന്ത ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം തുടർന്നു.

ഇത് ലോകത്തിനു മുഴുവൻ അറിയുന്ന കഥ,  എന്നാൽ, മറുവശം കൂടി നമ്മൾക്ക് നോക്കാം.
സ്റ്റെർലൈറ്റ് കമ്പനി പൂട്ടിയതിന്റെ പ്രത്യാഘാതങ്ങൾ വിചാരിച്ചതിലും വലുതായിരുന്നു. മുടക്കു മുതലായ മൂവായിരം കോടി രൂപ, ഫാക്ടറി പൂട്ടിയതോടെ കമ്പനിക്ക് നഷ്ടമായി, വേണ്ടവിധം പരിപാലിക്കാഞ്ഞതിനാൽ അറ്റകുറ്റപ്പണികൾക്കായി ഇതിനിടെ 100 കോടി വേറെ ചിലവായിരുന്നു. തുടർച്ചയായി ഒന്നരവർഷം പൂട്ടിയിട്ട ഇതിലൂടെ പ്രതിദിനം അഞ്ചു കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. കമ്പനി പൂട്ടിയതോടെ, പ്രത്യക്ഷമായും പരോക്ഷമായും
15,000 പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇതെല്ലാം ഉപരിപ്ലവമായി ഒരു വ്യക്തിക്ക് നോക്കിയാൽ മനസ്സിലാകുന്ന നഷ്ടങ്ങളായിരുന്നു.


പക്ഷേ, നമ്മൾ മനസ്സിലാക്കേണ്ട, ആരും ശ്രദ്ധിക്കാഞ്ഞ ചില വസ്തുതകളുണ്ട്. കോപ്പർ കാഥോഡുകളുടെ കയറ്റുമതിയിൽ ലോകത്തിലെ ആദ്യ അഞ്ച് രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന ഇന്ത്യ,തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് പ്രവർത്തിച്ചിരുന്നപ്പോൾ കയറ്റുമതി ചെയ്തിരുന്നത് 400 കിലോ ടണ്ണാണ്. എന്നാൽ, 2018-19 വർഷത്തിൽ ഇത് കുത്തനെ താണ് 48 കിലോടൺ ആയി. ഇനി, മറുവശം ഇതിലും രസകരമാണ്. 2017-18-ൽ 36 കിലോ ടൺ കോപ്പർ കാഥോഡുകൾ മാത്രം ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, 2019-20-ന്റെ ആദ്യപകുതിയിൽ മാത്രം 70 ടൺ ഇറക്കുമതി ചെയ്തു കഴിഞ്ഞു. വികസന വിരോധികൾ നിമിത്തം, ധാതുസമ്പുഷ്ടമായ ഒരു രാജ്യത്തിന്റെ അധഃപതനം എന്നല്ലാതെ, ഇതിനെ മറ്റൊന്നും വിശേഷിപ്പിക്കാൻ നമുക്ക് സാധിക്കില്ല. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ തലവനായ അജയ് സഹായ് ഇക്കാര്യം കൃത്യമായി എടുത്തു പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ ആകെ മൊത്തം ഉൽപ്പാദിപ്പിക്കുന്ന ചെമ്പിന്റെ 40 ശതമാനവും സ്റ്റെർലൈറ്റ് പ്ലാന്റിലായിരുന്നു. രാജ്യത്തിന്റെ  ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് അത് പര്യാപ്തവുമായിരുന്നു. എന്നാൽ, പ്ലാന്റ് പ്രവർത്തനം അവസാനിപ്പിച്ചതോടെ, ചെമ്പ് ഇറക്കുമതി ചെയ്യാൻ ഭാരതം നിർബന്ധിതരായിരിക്കുകയാണ്. പ്രതിവർഷം രണ്ട് ബില്യൺ യു.എസ് ഡോളറിന്റെ  ചെമ്പാണ് ഇന്ത്യ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ, സ്റ്റെർലൈറ്റ് പ്ലാന്റ് പൂട്ടിക്കുന്നത് വിദേശ രാജ്യങ്ങൾക്ക് വളരെയധികം താല്പര്യമുള്ള വിഷയമായിരുന്നു. ആക്ടിവിസ്റ്റ് എന്ന പേരിൽ ചാരന്മാരെയിറക്കി അവരത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. ഏതൊരു വ്യവസായവും പരിസ്ഥിതി ചൂഷണം തന്നെയാണ്, മലിനീകരണം തന്നെയാണ്. എന്നാൽ,  അവ ഫലപ്രദമായ രീതിയിൽ പരിഹരിക്കാതെ ആ വ്യവസായം തന്നെ അടച്ചു പൂട്ടാൻ നിർബന്ധിക്കുന്നത് ഒരു രാജ്യത്തിന്റെ വികസനം മുരടിപ്പിക്കും. അത്തരമൊരു സ്ഥിതി വിശേഷം സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യവും. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഇന്ത്യാ വിരുദ്ധ താൽപര്യങ്ങളുള്ള വിദേശ രാജ്യങ്ങളാണ്. അതിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ നമുക്ക് ലഭ്യവുമാണ്. തൂത്തുക്കുടി വെടിവെപ്പിന്റെ  അനന്തരഫലങ്ങൾ മാത്രം നോക്കിയാൽ മതി അത് മനസ്സിലാക്കാൻ. വേദാന്ത ഗ്രൂപ്പിന് നേരിടേണ്ടിവന്ന പ്രതിസന്ധികൾ അത്ര രൂക്ഷമായിരുന്നു.ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും വേദാന്ത ഗ്രൂപ്പിനെ പുറത്താക്കാനുള്ള നടപടികളുമായി ബ്രിട്ടനിലെ ലേബർ പാർട്ടി വരെ മുന്നിട്ടിറങ്ങി. അത്തരമൊരു തീരുമാനം ബ്രിട്ടനിലെ ശക്തരായ രാഷ്ട്രീയ പാർട്ടിയെ കൊണ്ട് എടുപ്പിക്കാൻ തക്ക ശേഷിയൊന്നും ഇന്ത്യയിലെ ഇടതു പക്ഷ വികസനവിരുദ്ധ കീടങ്ങൾക്കില്ലെന്ന വസ്തുത വിരൽ ചൂണ്ടുന്നത് വളരെ വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചയിലേക്കാണ്.

അന്താരാഷ്ട്ര വിപണിയിലെ ചെമ്പ് വ്യവസായത്തിൽ ഇന്ത്യയ്ക്കു നഷ്ടമായ പദവി ഇന്ന് കയ്യാളുന്നത് ചൈനയാണ്. ചൈനയുടെ ചെമ്പ് സ്രോതസിന്റെ അക്ഷയഖനി, പാക്ക് നിയന്ത്രിത ബലൂചിസ്ഥാൻ മേഖലയാണ്. വൻതോതിൽ ചെമ്പ് നിക്ഷേപമുള്ള ഈ ഖനികളിൽ പാകിസ്ഥാനുള്ള അവകാശം പ്രത്യക്ഷത്തിൽ മാത്രമാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. യഥാർത്ഥത്തിൽ, ഈ ഖനികൾ കൈകാര്യം ചെയ്യുന്നത് ചൈനയാണ്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെന്ന പദ്ധതിയെ മറയാക്കി ഈ മേഖല മുഴുവൻ ചൈനീസ് സൈന്യം കയ്യടക്കിയിട്ടുണ്ട്. കനത്ത സുരക്ഷയിൽ അവരാണ് ഇതിന്റെ പരിപാലനം നിർവഹിക്കുന്നത്.

മൂന്നു വർഷം മുമ്പ് പാക്കിസ്ഥാനിൽ നിന്നുള്ള ചെമ്പിന്റെ കയറ്റുമതി 106 മില്യൺ ഡോളറിന്റെ  ആയിരുന്നുവെങ്കിൽ, 2019-ൽ അന്താരാഷ്ട്ര വിപണിയിൽ വില്പനയ്ക്ക് എത്തിക്കാനായി പാകിസ്ഥാനിൽ നിന്നും ചൈന കടത്തിയത് 550 മില്യൺ ഡോളർ മൂല്യമുള്ള ചെമ്പ് ആണ്. പാകിസ്ഥാനിലെ സൈൻഡക്ക് നഗരം ലോകത്തിലെ തന്നെ ഏറ്റവും വലിയ ചെമ്പ് നിക്ഷേപങ്ങളിൽ ഒന്നാണ്. പ്രതിവർഷം 15,800 ചെമ്പ് ഉൽപ്പാദിപ്പിക്കാവുന്ന ഈ നിക്ഷേപങ്ങളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ചൈനയും പാകിസ്ഥാനും തമ്മിൽ അന്താരാഷ്ട്ര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ചൈനയുടെ മെറ്റലർജിക്കൽ  കോർപ്പറേഷന്റെ വെളിപ്പെടുത്തലനുസരിച്ച്,  ഈ കേസ് കൂടി ജയിച്ചാൽ പ്രതിവർഷം 10 ബില്യൺ ഡോളറിന്റെ ചെമ്പ് ചൈന അന്താരാഷ്ട്ര വിപണിയിലെത്തിക്കും. സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടിയതോടെ ഇന്ത്യയുടെ ആവശ്യത്തിന് പോലും ചെമ്പ് പുറത്തു നിന്നും വരേണ്ട ഗതികേടിലായ നമുക്ക് കയറ്റുമതിയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. അന്താരാഷ്ട്ര വിപണിയിൽ നിന്നും ഇന്ത്യ എന്ന കരുത്തനായ എതിരാളിയെ, രാജ്യവിരുദ്ധ ശക്തികളെ വിലയ്ക്കെടുത്ത്‌  നിഷ്പ്രയാസം ചൈന ഒതുക്കി. ആർക്കൊക്കെ എന്തൊക്കെ, എത്രയൊക്കെ കിട്ടിയെന്നുള്ളത് മാത്രമാണ് ഇനി നമ്മൾക്ക് അറിയേണ്ടത്.

കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. തമിഴ്നാട്ടിൽ ശക്തമായ മതംമാറ്റം മാഫിയയുടെ കേന്ദ്രമായ ചില ക്രിസ്ത്യൻ പള്ളികളുടെ മുന്നിൽ നിന്നാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ പല പ്രക്ഷോഭ ജാഥകളും ആരംഭിച്ചത്. മതപുരോഹിതർ തന്നെ ഇതിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നത് മറ്റൊരു പ്രത്യേകത. ചതിയുടെ പാമ്പിൻ കുഞ്ഞുങ്ങളെ ചമയിച്ച് പ്രകൃതി സ്നേഹത്തിന്റെ വെള്ളരി പ്രാവുകളായി അരുന്ധതി റോയിയെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന കയറ്റുമതികളിൽ ഒന്നാണ് എന്നെന്നേയ്ക്കുമായി ഇല്ലാതായത്.

പരിസ്ഥിതി വാദവുമായി മുന്നിൽ നിന്ന് സംരംഭങ്ങൾ പൂട്ടിക്കുന്ന ആക്ടിവിസ്റ്റുകളെയും എല്ലിൻ കഷണങ്ങൾ കാത്തിരിക്കുന്ന ശ്വാനന്മാരെയും വേർതിരിച്ചറിയാൻ പൊതുജനങ്ങൾക്കു സാധിക്കുന്നില്ല. അത് സാധിക്കുന്ന കാലത്തോളം, മണ്ണിന്റെ വാദവും മണ്ണിന്റെ മക്കൾ വാദവുമായി നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയിൽ ഈ കപട മനുഷ്യസ്നേഹികൾ ചതിക്കുഴികൾ ഒരുക്കും. ഇന്ത്യയെ സംരക്ഷിച്ചു പിടിക്കുന്ന ദേശീയതയെന്ന വികാരം ഇല്ലാതാക്കുകയെന്നതാണ് ഇവരുടെ പ്രാഥമിക ലക്ഷ്യമെന്ന് ഓരോ ഭാരതീയനും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Google search engine
Previous articleപട്ടിണി മൂലം ഒമ്പതു വയസ്സുകാരിയെ പിതാവ് 55കാരന് വിറ്റു : താലിബാൻ ഭരണത്തിനു കീഴിലെ ഞെട്ടിക്കുന്ന കഥകൾ
Next articleഇടതുപക്ഷ ഫെമിനിസ്റ്റുകളുടെ രൂക്ഷമായ ഉപദ്രവം : പുരുഷന്മാർ പോൺ ഫിലിമുകളും ഗെയിമുകളും കൊണ്ട് തൃപ്തിപ്പെടുന്നെന്ന് യു.എസ് സെനറ്റർ