അസിലത ഗോഡ്സെ,അഥവാ ഹിമാനി സവർക്കർ : രണ്ട് പ്രശസ്ത കുടുംബങ്ങളെ കൂട്ടിയിണക്കിയ അഗ്നിപുഷ്പം

0

“വെടിയുണ്ടകളെ വെടിയുണ്ടകൾ കൊണ്ട് നേരിടാമെങ്കിൽ, സ്ഫോടനത്തെ സ്ഫോടനം കൊണ്ടും നേരിടാം”

ഈ ഉദ്ധരണിയുടെ വക്താവ്, ഒരുപക്ഷേ വായനക്കാർക്ക് സുപരിചിതയായിരിക്കില്ല. അധികമാരാലും അറിയപ്പെടാതെ പോയ ആ അഗ്നിപുഷ്പത്തിൻ്റെ കഥ കേൾക്കേണ്ടത് തന്നെയാണ്.

കഴിഞ്ഞ ശതകത്തിൽ ഭാരതം കണ്ട സ്വാതന്ത്ര്യസൈനികരിൽ ത്യാഗനിർഭരത കൊണ്ടും പ്രതിഭാധനം കൊണ്ടും ഉന്നതിയിൽ നിൽക്കുന്ന വീര സവർക്കർ എന്ന വിനായക് ദാമോദർ സവർക്കറെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, സ്വതന്ത്ര ഭാരതത്തിൻ്റെ അതിപ്രസക്തമായ ഏടുകളിൽ ഒന്നായ ഗാന്ധിവധതിലൂടെ കുപ്രസിദ്ധി ആർജിച്ച നാഥുറാം വിനായക് ഗോഡ്സെയും ജനങ്ങൾക്കിടയിൽ പ്രചാരം നേടിയ പേരാണ്. എന്നാൽ, ഇവർ രണ്ടാളുടെയും കുടുംബങ്ങൾ പിന്നീട് ബന്ധുക്കളായിത്തീർന്നതും , ആ ബന്ധത്തിൽ പിന്മുറക്കാർ ഉണ്ടായിരുന്നതും ജനങ്ങൾക്ക് അധികം കേട്ടുകേൾവി ഉണ്ടാകില്ല.

1947, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച അതേ വർഷം, നാഥുറാം ഗോഡ്സെയുടെ ജ്യേഷ്ഠസഹോദരൻ ഗോപാൽ ഗോഡ്സെക്ക് ജനിച്ച പെൺകുട്ടിക്ക് “അസിലത” എന്ന് നാമകരണം ചെയ്തു. ബാപ്പു എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയെ വധിച്ച കുറ്റമേറ്റു പറഞ്ഞു കഴുമരം വരിച്ച ഇളയച്ഛൻ്റെ കൂട്ടുപ്രതിയായി കൂടെപ്പോയ സ്വന്തം പിതാവിൻ്റെ ഓർമകൾ അന്ന് പത്തു മാസം മാത്രം പ്രായമുള്ള അസിലതക്ക് ഒരുപക്ഷേ ഓർത്തെടുക്കാൻ പ്രയാസമുണ്ടെങ്കിലും, ആ സംഭവം പിൽക്കാലത്ത് അടങ്ങാത്ത മനോവീര്യവും ആശയതീവ്രതയും അവൾക്ക് സ്വായത്തമാകാൻ ഒരു പരിധി വരെ കാരണമായിരുന്നിരിക്കാം.

യൗവനയുക്തയായപ്പോൾ അവളുടെ വിവാഹം നിശ്ചയക്കപ്പെട്ടു. പേരുകേട്ട സവർക്കർ കുടുംബത്തിൽ ജനിച്ച സാക്ഷാൽ വീര സവർകറിൻ്റെ അനുജൻ നാരായണ സവർക്കറിൻ്റെ മകൻ അശോക് സവർക്കറായിരുന്നു വരൻ. വിവാഹാനന്തരം, ഭർതൃ പാരമ്പര്യത്തിന് അനുയോജ്യമായി അസിലത തൻ്റെ പേര് “ഹിമാനി സവർക്കർ” എന്ന് മാറ്റം ചെയ്തു. ദമ്പതികൾക്ക് സാത്യകി സവർക്കർ എന്നൊരു മകനും ജനിച്ചു. ഹിമാനി എന്ന അസിലതയെ ഗാർഹസ്ഥ്യതിൻ്റെ മതിൽക്കെട്ടുകളിൽ ജീവിത സാഹചര്യങ്ങൾ പിന്നീട് കുറെ നാൾ തളച്ചിട്ടു. എൻജിനീയറിങ് ബിരുദധാരിയായ അവർ, കുറച്ചു കാലം പൂനെ നഗരത്തിൽ ഒരു ആർക്കിടെക്ട് ആയി ജോലി നോക്കിയിരുന്നു. ഇക്കാലയളവിൽ വീരസവർക്കറിനെ പറ്റിയുള്ള സാധൂകരിക്കപ്പെടാവുന്ന ചരിത്ര രേഖകളും മറ്റും കണ്ടെത്താനും, അദ്ദേഹത്തെ പറ്റിയുള്ള പുസ്തകങ്ങളുടെ പകർപ്പവകാശം കുടുംബത്തിൽ നിലനിർത്താനും, അതുവഴി അദ്ദേഹത്തിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഹിമാനി ബദ്ധശ്രദ്ധയായിരുന്നു.

ഒരുപക്ഷേ, ആ ചരിത്ര പുരുഷൻ്റെ ഗാഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകണം , രണ്ടായിരാമാണ്ടിൽ , തൻ്റെ 53-ആം വയസ്സിൽ, ഹിമാനി തൻ്റെ ഗാർഹസ്ഥ്യ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഒരു കാലത്ത് വീരസവർക്കർ തന്നെ അലങ്കരിച്ച ഹിന്ദു മഹാസഭയുടെ പ്രസിഡൻ്റ് പദവിയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.

കലർപ്പില്ലാത്ത ഹിന്ദുത്വ നിലപാടുകൾ വച്ചുപുലർതിയിരുന്നതിനാൽ, വളരെ പെട്ടെന്ന് തന്നെ ഹിമാനി ജനശ്രദ്ധയാകർഷിച്ചു. ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നത് മുതൽ അഖണ്ഡ ഭാരത പുനർസൃഷ്ടി വരെ നീളുന്ന തൻ്റെ വീക്ഷണം അവർ കൃത്യമായി മാലോകർക്ക് മുൻപിൽ പ്രഖ്യാപിച്ചു. തുടർന്ന് 2004 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പൂനെയിലെ കസബ പെട്ടിൽ നിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല, എന്നിരുന്നാലും ഹിമാനിയുടെ ജനപ്രീതി നാൾക്കു നാൾ വർദ്ധിച്ചു പോന്നു.

അങ്ങിനെയിരിക്കുമ്പോഴാണ് അവരുടെ കൂടെ പ്രവർത്തിച്ചിരുന്ന ഏതാനും ചിലർ വീരസാവർക്കർ ഒരു കാലത്ത് തുടക്കവും ഒടുക്കവും ചെയ്ത സംഘടനയായ “അഭിനവ് ഭാരത്” പുനർജീവിപ്പിച്ചത്. പക്ഷേ, നാമമാത്രമായ സാമ്യത്തിനപ്പുറം സവർക്കർ രൂപീകരിച്ച സംഘടനയുമായി അതിനു പുലബന്ധം പോലുമുണ്ടാരുന്നില്ല. ദീർഘവീക്ഷണമോ പ്രവർത്തനപരിചയമോ ഇല്ലാത്ത ഒരുസംഘം ആളുകളുടെ കയ്യിൽ അത് അകപ്പെട്ടു, ചുമതലകളുടെ തിരക്കിൽ, ഹിമാനിയും അത് വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ല.

അക്കാലത്ത് ഹൈന്ദവ ജനത്ക്ക് നേരെയുള്ള ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം നിത്യസംഭവമായിരുന്നു, പ്രത്യേകിച്ച് ഇസ്ലാമിക മുൻതൂക്കം ഉള്ള പ്രദേശമായ മലേഗാവിൽ. ഇവിടെ പ്രവർത്തിച്ചു പോന്ന തീവ്രവാദികൾ പലപ്പോഴും പോലീസുകാർക്ക് തലവേദനയുണ്ടാക്കിയിരുന്നു. പലപ്പോഴും പ്രതികരിച്ച നിയമപാലകരും ഹിന്ദു കുടുംബങ്ങളും ദാരുണമായി കൊല്ലപ്പെട്ടു, താലിബാൻ പോലെയുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘടനകൾക്ക് അകമഴിഞ്ഞ പിന്തുണ ഇവിടെയുള്ള ഇസ്ലാമിക മൗലിക വാദികൾ നൽകിപ്പോന്നു. നടുത്തെരുവിൽ പരസ്യമായുള്ള ആക്രമണം, കത്തിക്കുത്ത്, കൊലപാതകം എന്നിങ്ങനെ അവർ ജനജീവിതം ദുഃസ്സഹമാക്കി. ഇതിൽ, ഹിന്ദു സമൂഹം ചെറുത്തു നിന്ന ചില സംഘർഷങ്ങളിൽ മഹാസഭയിലും അഭിനവ ഭാരതിലും പ്രവർത്തിക്കുന്നവരും ഉൾപ്പെട്ടിരുന്നു.

2006 ൽ രാജ്യത്തെ നടുക്കിയ സംഭവങ്ങളിൽ ഒന്നായ മലേഗാവ് ബോംബാക്രമണം നടന്നു. അവിടത്തെ മുസ്ലിം പള്ളിയിലെ ശ്മശാനത്തിൽ, ഒരു വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ 40-ൽ അധികം പേർ മരിക്കുകയും, 100ൽ അധികം പേർക്ക് സാരമായ പരിക്ക് പറ്റുകയും ചെയ്തു. ഇസ്ലാമിക വിദ്യാർത്ഥി സംഘടനയായ സ്റ്റുഡൻ്റ്സ് ഇസ്ലാമിക് ഓർഗൈസേഷൻ ഓഫ് ഇന്ത്യ എന്ന സിമി (SIMI) ആയിരുന്നു അതിനു പിന്നിൽ. പക്ഷേ, സംശയാസ്പദമായി ചില മഹാസഭ നേതാക്കളും അഭിനവ് ഭാരത് പ്രവർത്തകരും പ്രതി ചേർക്കപ്പെട്ടു. ഹിന്ദുത്വ നിലപാടുകൾ കലർപ്പില്ലാതെ പറഞ്ഞിരുന്ന അവരെ ബലിയാടാക്കി ചിത്രീകരിക്കാൻ എളുപ്പമായിരുന്നു.

പക്ഷേ, സംഭവമറിഞ്ഞ ഹിമാനി തൻ്റെ സഹപ്രവർത്തകരെ തള്ളിപ്പറയാനോ കയ്യോഴിയാനോ ശ്രമിച്ചില്ല. അവർക്ക് വേണ്ട എല്ലാ നിയമ, സാമ്പത്തിക സഹായവും, ചെയ്തു കൊടുത്തു. ഇതു പോലെ നിന്ദ്യമായ ഒരു ചെയ്തിയെ പിന്തുണക്കാൻ എങ്ങിനെ സാധിക്കുന്നു എന്ന് അവരോട് ചോദിച്ച മാധ്യമ അഭിസാരികമാരോട് അവർ പറഞ്ഞ വാചകമാണ് ആദ്യം പറഞ്ഞത്:

“വെടിയുണ്ടകളെ വെടിയുണ്ടകൾ കൊണ്ട് നേരിടാമെങ്കിൽ, സ്ഫോടനത്തെ സ്ഫോടനം കൊണ്ടും നേരിടാം. ഇങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതു പോലെ തിരിച്ചും ചെയ്യുന്നതിൽ തെറ്റ് പറയാൻ എന്താണുള്ളത്?”

സ്വന്തം പരമ്പരയിൽ തന്നെ ഹൈന്ദവസേവനത്തിനായി ജീവിതം ബലിയർപ്പിച്ച ആളുകളെ കണ്ട് വളർന്ന, അക്കാരണം കൊണ്ട് സ്വജീവിതത്തിൽ പലതും അനുഭവിക്കേണ്ടി വന്ന , തിക്താനുഭവങ്ങൾ ജീവിതത്തിൻ്റെ ഉലയിലൂതി ഘനീഭവിക്കപ്പെട്ട മനസ്സിൽ നിന്ന് ചിതറിയ ആഗ്നേയസ്ഫുരണമായിരുന്നു ആ വചനങ്ങൾ.അവർ സസന്തോഷം സമൂഹവിചാരണ നേരിട്ടു.

അത്യം ദുസ്സഹമായ ദിനങ്ങളായിരുന്നു പിന്നീടവരെ കാത്തിരുന്നത്. 2009-ലെ തിരഞ്ഞെടുപ്പിൽ മഹാസഭ സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടിയെങ്കിലും, മലേഗാവ് പ്രശനം അവരുടെ പൊതുസ്വീകര്യതയെ ബാധിച്ചിരുന്നതിനാൽ, വിജയം വരിക്കാനായില്ല. സഹപ്രവർത്തകരുടെ കേസ് ആവശ്യങ്ങൾക്കും മറ്റുമായി സ്വന്തം ആരോഗ്യവും ആവശ്യങ്ങളും സമയവും സ്വന്തം പക്കലുണ്ടായിരുന്ന സർവ്വ സമ്പത്തും അവർ ഹോമിച്ചു. വർഷങ്ങളോളം ഹിമാനി നിരന്തരം തൻ്റെ സഹവർത്തികൾക്കും അവരുടെയൊക്കെ കുടുംബത്തിനും വേണ്ടി നിരന്തരം യത്നിച്ചു പോന്നു.

പക്ഷേ, കാലം അവർക്ക് കാത്തു വച്ച ഏറ്റവും വലിയ പരീക്ഷണം ബ്രെയിൻ ട്യൂമറിൻ്റെ രൂപത്തിൽ അധികം വൈകാതെ പ്രത്യക്ഷപ്പെട്ടു, അതവരുടെ ജീവിതം കശക്കിയെറിഞ്ഞു. ചികിത്സയും മറ്റും ചെയ്തുവെങ്കിലും തടുത്തു നിർത്താൻ പറ്റാത്ത വണ്ണം അത് വളർച്ച പ്രാപിച്ചിരുന്നു, അനന്തരം ആതുരശയ്യയിലായ അവർ, തൻ്റെ അവസാന നാളുകൾ ഏറെയും പങ്കിട്ടത് മകനായ സത്യകിയോടും മരുമകളോടുമൊപ്പമാണ്. പക്ഷേ, രോഗബാധിതയായി വീട്ടിലെ സജ്ജീകരിച്ച മുറിയിലും പിന്നീട് ആശുപത്രിയിലും കിടക്കുമ്പോൾ പോലും അവർ പ്രസ്ഥാനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കാണാം.

2015 ഒക്ടോബർ 11ന് പൂനെയിലെ ഒരു ആശുപത്രി മുറിയിൽ ഹിമാനി സവർക്കർ എന്ന അസിലത ഗോഡ്സെയുടെ ഭൗതികാധ്യായം അവസാനിച്ചു. ദേഹി വിട്ടൊഴിഞ്ഞ ദേഹം ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും സത്കാംക്ഷികളുടെയും സാന്നിധ്യത്തിൽ പൂനെയിലെ “വൈകുണ്ഠo” എന്ന ശ്‌മശാനത്തിൽ പവനഹവിസ്സായി അർപ്പിച്ചു. രാഷ്ട്രസേവനത്തിൻ്റെ യശസ്സ് വിളിച്ചോതുന്ന കുടുംബപരമ്പരയിലെ ആദരയോഗ്യയായ, എന്നാൽ അർഹിച്ചിരുന്ന പ്രാധാന്യവും കീർത്തിയും കാലം തട്ടിമാറ്റിയ ഒരു അഗ്നിപുഷ്പം അങ്ങിനെ യാത്രയായി.

അമ്മയുടെ ആദർശവും, അവർ ശേഷിപ്പിച്ച പൈതൃകവും, തൻ്റെ പാരമ്പര്യവും കാത്തു സൂക്ഷിക്കാൻ മകനായ സാത്യകി സവർക്കർ ഇന്നും കർമ മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്നു.

കടപ്പാട് : VOX INDICA

Google search engine
Previous articleപൊട്ടിത്തെറിക്കാൻ വന്ന ചാവേറിനെ പറ്റിച്ച് ടാക്സിക്കാരൻ വണ്ടിയ്ക്കകത്ത് പൂട്ടി : ഭീകരൻ പൊട്ടിത്തെറിച്ചത് ഒറ്റയ്ക്ക്
Next articleയു.എസ് വീണു : ഇനി ചൈന ഏറ്റവും സമ്പന്ന രാഷ്ട്രം