ഒറ്റക്കണ്ണൻ മോഷേ ഡയാൻ : ഈജിപ്ഷ്യൻ വ്യോമസേനയെ ഒരു പിടി ചാരമാക്കിയ യുദ്ധവീരൻ

0

1967-ൽ, സീനായ്, അറേബ്യൻ ഉപദ്വീപുകൾക്കിടയിലായി സ്ഥിതിചെയ്യുന്ന അക്ക്വാബ ഉൾക്കടലിനെ ചെങ്കടലിൽ നിന്ന് വേർതിരിക്കുന്ന ടിറാൻ കടലിടുക്കിലേക്ക് ഇസ്രായേലി കപ്പലുകൾക്ക് പ്രവേശനം നിഷേധിച്ചതായി ഈജിപ്ഷ്യൻ പ്രസിഡണ്ടായ ഗമാൽ നാസർ പ്രഖ്യാപിച്ചു. കടലിടുക്ക് അടച്ചു പൂട്ടിയ നടപടി, യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പു നൽകി. എന്നാൽ, താക്കീതിനു പുല്ലുവില കൽപിച്ച ഈജിപ്ത്, പ്രശ്നങ്ങളില്ലാതിരിക്കാൻ ഐക്യരാഷ്ട്രസംഘടന വിന്യസിച്ചിരുന്ന യു.എൻ എമർജൻസി ഫോഴ്സ് എന്ന സേനയെ പുറത്താക്കുകയും, പകരം അതിർത്തിയിൽ സ്വന്തം സൈന്യത്തെ അണിനിരക്കുകയും ചെയ്തു. ഇതേ തുടർന്ന്, ഇസ്രായേലും തങ്ങളുടെ അതിർത്തിയിൽ സൈനിക വിന്യാസം നടത്തി. ഈജിപ്റ്റ് അക്കാലത്തെ അറബ് രാഷ്ട്രങ്ങളിലെ ഏറ്റവും ശക്തരായിരുന്നു. നേരിട്ട് ഏറ്റുമുട്ടിയാൽ ഇസ്രയേൽ ജയിക്കില്ലെന്ന് മനസ്സിലായതോടെ ജൂതന്മാരുടെ മനോധൈര്യം തകർന്നു തുടങ്ങി. ഇതു മനസ്സിലാക്കിയ പ്രധാനമന്ത്രി ലെവി എഷ്‌കോൽ, ഇസ്രായേൽ കണ്ട ഏറ്റവും വലിയ യുദ്ധവീരനായ ജനറൽ മൊഷേ ഡയാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു.

ആധുനിക ഇസ്രായേൽ കണ്ട ഏറ്റവും വലിയ യുദ്ധവീരനായ മോഷെ ഡയാൻ അറിയപ്പെട്ടിരുന്നത് ജൂതരാഷ്ട്രത്തിന്റെ യുദ്ധചിഹ്നമായാണ്. തന്റെ ഇരുപതുകളിൽ, ബൈനോക്കുലറിലൂടെ വീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഫ്രഞ്ച് സ്നൈപ്പറിന്റെ വെടിയേറ്റ് ഇടതുകണ്ണ് തകർന്ന ഡയാൻ, റെസ്ക്യൂ ടീമെത്തുന്നതുവരെ മണിക്കൂറുകൾ വേദന കടിച്ചു പിടിച്ചു നിന്ന കഥകൾ ഇസ്രായേലിലെ ഓരോ സൈനികർക്കും മനപ്പാഠമായിരുന്നു. ലെവിയുടെ നീക്കം കുറിക്കു കൊണ്ടു. രക്തം തിളക്കുന്ന, ജൂതന്റെ ആത്മവീര്യമുർത്തുന്ന ഡയാന്റെ പ്രസംഗത്തോടെ ഇസ്രായേലി സൈനികർ ആവേശഭരിതരായി.

ഇസ്രയേലിനെക്കാൾ ശക്തമായ വ്യോമസേനയായിരുന്നു ഈജിപ്തിന് ഉണ്ടായിരുന്നത്. അതു കൊണ്ടു തന്നെ, അവരെക്കുറിച്ചുള്ള തന്ത്രപ്രധാനമായ ചില വിവരങ്ങൾ മൊസാദിലെ മിടുക്കന്മാർ ചോർത്തി ഇസ്രായേലിനു നൽകി. അവ ഇപ്രകാരമായിരുന്നു.

1) കാലത്ത് ഏഴരക്കും എട്ടുമണിക്കും ഇടയിൽ ഈജിപ്ഷ്യൻ റഡാർ ഓപ്പറേറ്റർമാരുടെ ഷിഫ്റ്റ് അവസാനിക്കുന്ന സമയമാണ്. ഡ്യൂട്ടി സമയത്തിന്റെ അവസാനത്തോടടുത്ത അവർ വളരെ ക്ഷീണിതരായിരിക്കും.

2) ഇതേ സമയത്താണ് ഈജിപ്ഷ്യൻ പൈലറ്റുമാർ ബ്രേക്ഫാസ്റ്റിന് ഇരിക്കുക.

3) ഈജിപ്ഷ്യൻ ഫൈറ്റർ വിമാനങ്ങളെല്ലാം മെയിന്റനൻസ് എൻജിനീയർമാരുടെ ദിനംപ്രതിയുള്ള പരിശോധന കാത്ത് ഹാംഗറുകളിൽ കിടക്കുകയായിരിക്കും.

4) ഈജിപ്ഷ്യൻ ഭരണകൂടത്തിലെയും സൈന്യത്തിലെയും ഉന്നതരെല്ലാം ഈ സമയത്ത് തങ്ങളുടെ ഓഫീസുകളിലേക്കുള്ള യാത്രയ്ക്കിടയിൽ കനത്ത ട്രാഫിക്കിൽ കുടുങ്ങി കിടക്കുകയായിരിക്കും.

ഇത്രയും വിവരങ്ങൾ തന്നെ ഇസ്രായേലി പ്രതിരോധ വിഭാഗത്തിന് അധികമായിരുന്നു. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് മോഷേ ഡയാൻ തീരുമാനിച്ചു. അങ്ങനെ 1967 ജൂൺ അഞ്ചിന് ഇസ്രായേൽ ‘ഓപ്പറേഷൻ ഫോക്കസ്: എന്ന അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചു…

രാവിലെ ഏഴരയ്ക്ക് എട്ടിനും ഇടയ്ക്ക് ഇസ്രായേൽ വ്യോമസേനയുടെ ഇരുന്നൂറോളം വിമാനങ്ങൾ അതിർത്തി ലംഘിച്ച് ഈജിപ്തിൽ കനത്ത വ്യോമാക്രമണം നടത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിന് മുൻപേ നൂറുകണക്കിന് ഈജിപ്ഷ്യൻ പട്ടാളക്കാർ പിടഞ്ഞു വീണു. ബാച്ചുകളായാണ് ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണമഴിച്ചു വിട്ടത്. ആദ്യ പ്രഹരത്തിൽ തന്നെ, ഈജിപ്ഷ്യൻ റൺവേകളും റഡാർ വിനിമയ സംവിധാനങ്ങളും ഇസ്രായേലി വ്യോമസേന തകർത്തു. ഹാംഗറുകളിൽ വിശ്രമിച്ചിരുന്ന നൂറുകണക്കിന് ഈജിപ്ഷ്യൻ യുദ്ധവിമാനങ്ങൾ സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. രണ്ടാമത്തെ ബാച്ച് വിമാനങ്ങൾ ആക്രമണം നടത്തി മടങ്ങുമ്പോഴേക്കും, വെറും ഏഴര മിനിറ്റ് സമയം കൊണ്ട് ഇന്ധനം നിറച്ച്, മിസൈലുകളും ബോംബുകളും ലോഡ് ചെയ്തു മടങ്ങിയെത്തിയ ആദ്യബാച്ച് വിമാനങ്ങൾ വീണ്ടും ആക്രമണം തുടങ്ങിയിരുന്നു. ഇരമ്പിയാർത്തു തിരമാല പോലെ വന്ന ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബുകളുടെ പെരുമഴ തന്നെ വർഷിച്ചു. അങ്ങനെ, മൂന്നു മണിക്കൂർ തുടർച്ചയായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഈജിപ്റ്റിന്റെ 340-ൽ, 300 യുദ്ധവിമാനങ്ങളും തകർന്നു തരിപ്പണമായി.

ഈജിപ്തിന്റെ ഒരൊറ്റ യുദ്ധവിമാനത്തിനു പോലും പറന്നുയരാൻ സാധിച്ചില്ല. സിറിയയ്ക്കും ജോർദാനുമെല്ലാം പിന്നീട് ഇതേ ഗതിയായിരുന്നു. ആറു ദിവസം നീണ്ടുനിന്ന “സിക്സ് ഡേ വാർ” എന്ന പ്രശസ്തമായ ആ യുദ്ധത്തിൽ ഇസ്രായേലി വ്യോമസേന ശത്രുക്കളുടെ 452 യുദ്ധവിമാനങ്ങളാണ് ചാമ്പലാക്കിയത്. പ്രേതഭൂമി പോലെ, യുദ്ധവിമാനങ്ങളുടെ അസ്ഥികൂടങ്ങൾ കൊണ്ട് ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ നിറഞ്ഞു. കാർഗോ വിമാനങ്ങളും നശിപ്പിക്കപ്പെട്ടതോടെ, സീനായ് മരുഭൂമിയിൽ വിന്യസിക്കപ്പെട്ടിരുന്ന ഈജിപ്ഷ്യൻ കരസേനയ്ക്കുള്ള അവശ്യസാധനങ്ങളുടെ സപ്ലൈ മുറിഞ്ഞു. ഒറ്റപ്പെട്ടു പോയ ഈജിപ്ഷ്യൻ സൈന്യത്തെ ഇസ്രായേലികൾ വളഞ്ഞിട്ട് കൂട്ടക്കൊല ചെയ്തു. അക്കാലത്ത്, തുറസ്സായി പണിതിരുന്ന ആഗോള വ്യോമതാവളങ്ങളുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്ത യുദ്ധതന്ത്രമായിരുന്നു ഇസ്രായേലിന്റേത്. അങ്ങനെ ആറു ദിന യുദ്ധത്തിന്റെ അനന്തരഫലമായി അതിർത്തിയിൽ, സിറിയയുടെ കൈയ്യിലിരുന്ന ഗോലാൻ കുന്നുകളും ഗാസ മുനമ്പും വെസ്റ്റ് ബാങ്കും കൂടി ഇസ്രായേൽ പിടിച്ചെടുത്തു. കയ്യിലിരുന്നതും കൂടി പോയതോടെ, വേണ്ടായിരുന്നു എന്ന് പല അറബ് രാജ്യങ്ങൾക്കും തോന്നിത്തുടങ്ങി.
പക്ഷേ, ഇത്രയൊക്കെയായിട്ടും ഇസ്രയേലുമായി സന്ധിചെയ്യാൻ അറബികൾ തയ്യാറല്ലായിരുന്നു. യുദ്ധത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം, അതേവർഷം, സെപ്റ്റംബർ ഒന്നിന് സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ 8 അറബ് രാഷ്ട്രങ്ങൾ ഒത്തുകൂടിയ സമ്മേളനത്തിലെ തീരുമാനമായ മൂന്ന് ‘നോ’ കൾ ലോകപ്രശസ്തമാണ്. നോ പീസ്, നോ റെക്കൊഗ്നീഷൻ, നോ നെഗോഷിയേഷൻ എന്നായിരുന്നു അവ. അതായത് ഇസ്രായേലെന്ന രാഷ്ട്രത്തെ അംഗീകരിക്കില്ല, അവരുമായി വിലപേശലിനില്ല, അവരുമായി സമാധാനത്തിൽ കഴിയാനും താല്പര്യമില്ല എന്ന തീരുമാനമായിരുന്നു എല്ലാ രാഷ്ട്രങ്ങളും ചേർന്നെടുത്തത്.

Google search engine
Previous articleഇസ്ലാമിക് സ്റ്റേറ്റ് ഭ്രാന്തമായ വേഗത്തിൽ വ്യാപിക്കുന്നു : അഫ്ഗാനെ കൈവെടിഞ്ഞാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് യു.എൻ
Next article“യൂണിഫോം സിവിൽ കോഡ് ഉടൻ നടപ്പാക്കുക”: കേന്ദ്രസർക്കാരിനോട് ഹൈക്കോടതി