കസാഖ്സ്ഥാൻ കലാപം, പുടിൻ ഇടപെടുന്നു: പറന്നിറങ്ങി റഷ്യൻ പാരാകമാൻഡോസ്

0

അൽമാട്ടി: കസാഖ്സ്ഥാൻ ആഭ്യന്തര കലാപം അടിച്ചമർത്താൻ പാരാട്രൂപ്പേഴ്സിനെ അയച്ചു കൊടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. നേരത്തേ, സർക്കാരും ജനങ്ങളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഡസൻകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജനങ്ങൾ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (CSTO) അംഗരാജ്യമായ കസഖ്സ്ഥാൻ, സഖ്യത്തോട് സഹായമാവശ്യപ്പെട്ടതിനെ തുടർന്നാണ് റഷ്യ സൈന്യത്തെ ഇറക്കിയത്. വിദേശത്തു നിന്നും പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കസഖ്സ്ഥാൻ ആരോപിക്കുന്നത്.

അക്രമാസക്തരായ ജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് ഇരച്ചു കയറാൻ ആരംഭിച്ചതോടെ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്വയരക്ഷാർത്ഥം വെടിയുതിർക്കേണ്ടി വന്നുവെന്ന് പൊലീസ് വക്താവ് സൽത്താനത്ത് അസിർബേക് വെളിപ്പെടുത്തി. തന്ത്രപ്രധാനമായ സൈന്യ ആസ്ഥാനങ്ങളിലും പോലീസ് കേന്ദ്രങ്ങളിലും ജനങ്ങൾ അതിക്രമിച്ചു കയറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. ഏതാണ്ട് മൂന്നു ഡസനിലേറെ പേർ വെടിയേറ്റ് മരിച്ചിട്ടുണ്ട്. കലാപകാരികളുടെ ആക്രമണത്തിൽ പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. എട്ടോളം സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചെന്ന് ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.

മുൻ സോവിയറ്റ് രാജ്യമായ കസാഖ്സ്ഥാൻ, താരതമ്യേന ശാന്ത മേഖലയായിരുന്നു. രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതിനാൽ, സർക്കാരിന് നല്ല അന്താരാഷ്ട്ര പിന്തുണയുണ്ട്.

Google search engine
Previous articleഫ്രാൻസിൽ പുതിയ കോവിഡ് വകഭേദം ‘ഐ.എച്ച്.യു’ കണ്ടെത്തി : ഒമിക്രോണിനേക്കാൾ മാരകമെന്ന് റിപ്പോർട്ടുകൾ
Next article‘ഐ ലവ് പാകിസ്ഥാൻ’ : കോഴിക്കോട് സൂപ്പർമാർക്കറ്റിൽ ‘രാജ്യസ്നേഹ’ ബലൂണുകൾ