കൊലയാളികൾക്ക് ഇരയെ കാട്ടിക്കൊടുക്കുന്ന പെഗാസസ് സ്പൈവെയർ : പ്രവർത്തനവും ചരിത്രവും

0

ഇന്ത്യൻ മാധ്യമങ്ങളിലെല്ലാം കുറച്ചു ദിവസമായി പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിനെ സംബന്ധിക്കുന്ന വാർത്തകളാണ്. പെഗാസസ് എന്ന കുപ്രസിദ്ധ സ്പൈവെയർ ആദ്യമായി വാർത്തകളിൽ ഇടംപിടിക്കുന്നത് 2016 ലാണ്. യുഎഇയിലെ മനുഷ്യാവകാശ പ്രവർത്തകനായ അഹമ്മദ് മൻസൂറിന്റെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിച്ചപ്പോളായിരുന്നു അത്.

തന്റെ ഐഫോണിൽ മൻസൂറിന് ഒരു വെബ്സൈറ്റിന്റെ ലിങ്ക് അടങ്ങുന്ന ഒരു ടെക്സ്റ്റ് മെസ്സേജ് ലഭിച്ചു. യുഎഇയിൽ പോലീസ് കസ്റ്റഡിയിൽ മൃഗീയമായി ശാരീരിക പീഡനം അനുഭവിക്കുന്ന തടവുകാരുടെ രഹസ്യ വിവരങ്ങൾ അടങ്ങിയതാണ് ആ വെബ്സൈറ്റ് ലിങ്ക് എന്നതായിരുന്നു എസ്എംഎസ് സന്ദേശം. എന്നാൽ, ആ ലിങ്ക് ഫോളോ ചെയ്യുന്നതിന് പകരം, അഹമ്മദ് അത് വിദഗ്ധ പരിശോധനയ്ക്കയച്ചു. സിറ്റിസൺ ലാബ് നടത്തിയ സാങ്കേതിക പരിശോധനയിൽ, ആ ലിങ്കിനു പുറകിൽ പ്രവർത്തിച്ചിരുന്ന കരങ്ങൾ എൻ.എസ്. ഒ ഗ്രൂപ്പിന്റെയാണ് എന്ന് കണ്ടെത്തി.

എൻ.എസ്.ഒ ഗ്രൂപ്പ് ഇസ്രായേലിനു കീഴിൽ പ്രവർത്തിക്കുന്ന ഹാക്കർമാരുടെ ഒരു സംഘടനയാണ്. സൈബർ സുരക്ഷാ വിഭാഗം എന്ന പേരിലാണ് പ്രവർത്തിക്കുന്നതെങ്കിലും, ലോകത്തിലെ കുപ്രസിദ്ധ ഹാക്കിങ് സംഘമായ അനോണിമസിന് കിടപിടിക്കുന്ന ടീമാണ് എൻ.എസ്. ഒ ഗ്രൂപ്പ്. ഇസ്രായേലിന്റെ പ്രതിരോധ മേഖലയ്ക്ക് സൈബർ കവചം തീർക്കുക, മൊസാദ് പോലുള്ള ചാരസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുക, അവരുടെ പ്രവർത്തനം സുഗമമാക്കാൻ വേണ്ട സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുക തുടങ്ങി പിടിപ്പത് പണികളുണ്ട് എൻ.എസ്.ഒ ഗ്രൂപ്പിന്.

ചാര സോഫ്റ്റ്‌വെയറുകളും മാൽവെയറുകളും ഈ കമ്പനി ധാരാളം വികസിപ്പിക്കുന്നുണ്ട്. “സർക്കാർ സുരക്ഷാ ഏജൻസികളെ സഹായിക്കുവാൻ വേണ്ടി” എന്ന പേരിൽ അവർ നിർമ്മിച്ചിട്ടുള്ള അത്തരം സർവൈലൻസ് സോഫ്റ്റ്‌വെയറുകളിൽ ഏറ്റവും നിശബ്ദനും ശക്തനുമാണ് പെഗാസസ്. ലൈസൻസുള്ള യൂസർമാർക്ക് മാത്രമാണ് ഇത് ഉപയോഗിക്കുവാൻ സാധിക്കുക. 2019 മെയ് മാസത്തിൽ, എൻ.എസ്.ഒ ഗ്രൂപ്പ് പെഗാസസിന്റെ വിൽപ്പന വിൽപ്പന, ദേശീയ സുരക്ഷാ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.
ആഗോള തീവ്രവാദം ചെറുക്കാനും പ്രതിരോധിക്കാനും, കുറ്റകൃത്യങ്ങൾക്ക് തടയിടാനും മാത്രമേ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പാടൂ എന്ന് കമ്പനി വെബ്സൈറ്റിൽ പറയുന്നത് നാളിതുവരെയുള്ള അവരുടെ പ്രവർത്തി നോക്കിയാൽ വെറും ആലങ്കാരികമാണ്.

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് 2019 അവസാനത്തോടെ വാട്സ്ആപ്പ് ഉയർത്തിയ പരാതി. അതേ വർഷം മെയ് മാസത്തിൽ, 20 രാജ്യങ്ങളിലായുള്ള 1400 വാട്ട്സ്ആപ്പ് ഉപഭോക്താക്കൾ പെഗാസസിനാൽ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന വാർത്ത വാട്സ്ആപ്പ് അധികൃതർ പുറത്തു വിട്ടു. ഇതിൽ പ്രശസ്തരായ ഇന്ത്യൻ പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉണ്ടായിരുന്നു. വാട്സ്ആപ്പ് വീഡിയോ കോളിംഗ് സിസ്റ്റത്തിലെ പ്രോഗ്രാമിംഗ് പഴുതു കണ്ടെത്തിയായിരുന്നു പെഗാസസ് പ്രവർത്തിച്ചിരുന്നത്. തങ്ങൾ ആ പഴുത് പരിഹരിച്ചുവെന്ന് വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിയമിച്ച് ആദ്യം അതിലൂടെ വീഡിയോ കോളുകൾ വിളിക്കുകയും അറ്റൻഡ് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഫോണിൽ നിരീക്ഷണത്തിനുള്ള പ്രോഗ്രാം ഓട്ടോമാറ്റിക്കായി ഇൻസ്റ്റാളാവുകയുമാണ് സാധാരണ പതിവെങ്കിൽ, ഇവിടെ ഉപഭോക്താവ് വീഡിയോ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ പോലും സ്പൈവെയർ ഇൻസ്റ്റാൾ ആകുമായിരുന്നു.

പിന്നീട്, ഈ സ്പൈവെയറിലൂടെ വാട്സ്ആപ്പ് മെസ്സേജുകളും കോളുകളും വോയിസ് കോളുകളും പാസ്‌വേഡുകളും കോൺടാക്ട് ലിസ്റ്റുകളും എന്ന് വേണ്ട മൊബൈൽ ഉപഭോക്താവിന്റെ ജാതകം വരെ പെഗാസസ് ചോർത്തും. മൊബൈൽ ഫോണിന്റെ മൈക്രോഫോണും ക്യാമറയും നിയന്ത്രിക്കാനും ഇതിലൂടെ നിഷ്പ്രയാസം സാധിക്കും.

രാഷ്ട്രതാൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും സദാസമയം നിരീക്ഷിക്കാൻ പല ഗവൺമെന്റുകളും പെഗാസസ് ഉപയോഗിക്കുന്നു. 2017 മാർച്ചിൽ, ഒരു കാർ വാഷ് സെന്ററിൽ നിൽക്കുകയായിരുന്ന മെക്സിക്കൻ പത്രപ്രവർത്തകനായ പിനേഡ ബിർട്ടോയെ അജ്ഞാത കൊലയാളി സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഹിറ്റ്മെൻ ബിർട്ടോയുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞത് പെഗാസസ് ഉപയോഗിച്ചാണെന്ന് ഗാർഡിയൻ അടക്കമുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫേസ്ബുക്ക് ലൈവിൽ, സ്റ്റേറ്റ് പോലീസിസും രാഷ്ട്രീയ പ്രവർത്തകരും എൽ ടെക്വില്ലറോ എന്നൊരു അധോലോക നായകനുമായി ഒത്തു പ്രവർത്തിക്കുന്നുവെന്ന് നിശിതമായി വിമർശിച്ച് ഈ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ബിർട്ടോ കൊല്ലപ്പെട്ടത്. പിനേഡ ബിർട്ടോ അടക്കമുള്ള 26 മെക്സിക്കൻ പത്രപ്രവർത്തകരുടെ ഫോൺ നമ്പറുകളും പെഗാസസിന്റെ നിരീക്ഷണ വലയത്തിനുള്ളിലായിരുന്നു. എന്തിനധികം, മാധ്യമ ഭീമനായ ന്യൂയോർക്ക് ടൈംസിന്റെ മുൻ ബ്യൂറോ ചീഫ് അസാം അഹമ്മദിന്റെ ഫോണിൽ പോലും ഈ ചാര സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

1885-ലെ ഇന്ത്യൻ ടെലഗ്രാഫ് നിയമം വകുപ്പ് 5(2), രണ്ടായിരത്തിൽ നിലവിൽ വന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് വകുപ്പ് 69 എന്നിവ അനുസരിച്ചാണ് പൊതു അടിയന്തരഘട്ടങ്ങളിൽ ഓരോ രാജ്യ സുരക്ഷയെ മുൻനിർത്തി ദേശീയ-സംസ്ഥാന ഏജൻസികൾ ഇലക്ട്രോണിക് ആശയവിനിമയ ഉപാധികൾ നിയമപരമായി തടസ്സപ്പെടുത്താനോ നിരീക്ഷിക്കാനോ ഒരുമ്പെടാറ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിരീക്ഷണത്തിനും ഡീകോഡ് ചെയ്യുന്നതിന് അനുമതി നൽകുന്നത്.

എന്നാൽ, എൽഗാർ പരിഷത്ത് കേസിൽ പ്രതികളായ ഹനി ബാബു, റോണ വിൽസൺ എന്ന മലയാളികളും, മലയാളി മാധ്യമപ്രവർത്തകരായ ഉണ്ണിത്താൻ ജയ് ഗോപീകൃഷ്ണൻ, ആക്റ്റിവിസ്റ്റ് ജയ്സൻ കൂപ്പർ എന്നിവരും ആക്ടിവിസ്റ്റ് വരവരറാവുവിന്റെ മകൾ കെ.പാവനയും പെഗാസസിന്റെ ചാരവലയത്തിലാണെന്ന വെളിപ്പെടുത്തൽ സാധാരണ മലയാളികളിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടാക്കുന്നില്ല. തീവ്രവാദത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അക്കാര്യം മനപ്പൂർവ്വം മറച്ചു വെക്കുമ്പോൾ, ചില കാര്യങ്ങളെങ്കിലും തോണ്ടിയെടുക്കാൻ സർക്കാർ ഇത്തരം നയം സ്വീകരിച്ചെങ്കിൽ, അതിൽ ആശങ്കപ്പെടാൻ പ്രത്യേകിച്ചൊന്നുമില്ല.

ഈ പേരുകളിൽ തിരഞ്ഞാൽ, രാഷ്ട്രത്തിനു വേണ്ടി ശബ്ദമുയർത്തിയവരെയൊന്നും നമ്മൾക്ക് കാണാൻ സാധിക്കില്ല. എന്നാൽ, എവിടെ രാഷ്ട്ര വിരുദ്ധതയുണ്ടോ അവിടെയെല്ലാം കൊടി പിടിച്ച് ഇതിൽ പലരും മുൻപിൽ തന്നെ കാണും. സമുദ്രം മുതൽ ഒളിമ്പസ് പർവ്വതത്തിലെ മുകളറ്റം വരെ ചിറകടിച്ചുയർന്നു പറന്ന പെഗാസസെന്ന കുതിരയെ ദേവാധിദേവനായ സ്യൂസ് ഒരു നക്ഷത്രസമൂഹമാക്കി മാറ്റിയെന്ന് ഗ്രീക്ക് പുരാണം പറയുന്നു. ഇരുളിന്റെ മറവിൽ പലരും ചെയ്തു കൂട്ടിയത് പലതും ഇന്ത്യൻ ജനതയറിയാൻ പെഗാസസ് ഒരു കാരണമാകുമെങ്കിൽ, അത് നല്ലതാണ്.

Google search engine
Previous articleടിപിആർ പത്തിന് മുകളിൽ തന്നെ : ഇന്ന് 13,956 പേർക്ക് കോവിഡ്
Next article“നേതാക്കളുടെ അമിതമായ ആത്മവിശ്വാസം, പശ്ചിമബംഗാളിൽ സീറ്റുകൾ നഷ്ടപ്പെടുത്തി”: ആഞ്ഞടിച്ച് ബിജെപി നേതാവ്