ക്രിപ്റ്റോ കറൻസിയെന്ന പേടിസ്വപ്നം : യു.എസ് ഡോളർ യുഗം അവസാനിക്കുന്നു

0

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചോദ്യമാണ് ഡോളറിന്റെ അപ്രമാദിത്വത്തെ ക്രിപ്റ്റോകറൻസി ചോദ്യം ചെയ്യുമോ എന്നുള്ളത്. 2009-ൽ, സറ്റോഷി നകാമോട്ടോയെന്ന വ്യക്തി ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോകറൻസി രംഗത്തിറക്കിയപ്പോൾ അത് ഇത്രത്തോളം ശക്തമായൊരു വിനിമയോപാധിയാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. നകാമോട്ടോ മിക്കവരും വിചാരിക്കുന്നതു പോലെ ഒരു വ്യക്തിയല്ല. ഒരാളാണോ ഒരു കൂട്ടമാണോയെന്ന് ഉറപ്പില്ലാത്ത, അദൃശ്യതയിൽ മറഞ്ഞിരിക്കുന്ന ഒരു വ്യാജപ്പേര് മാത്രമാണ് നകാമോട്ടോ. യഥാർത്ഥത്തിൽ അയാൾ/ അവർ ആരാണെന്നൊന്നും ആർക്കുമറിയില്ല. ക്രിപ്റ്റോ കറൻസികൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനു മുൻപ് നമ്മൾ ആദ്യമറിയേണ്ടത് ഡോളർ എങ്ങനെ ലോക കറൻസിയായി മാറി എന്നതാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ആഗോള ശക്തികൾ ലോകത്ത് സാമ്പത്തികസ്ഥിരത കൈവരുത്താൻ ഉറപ്പിച്ചു നടത്തിയ ബ്രിട്ടൻ വുഡ്സ് സമ്മേളനത്തിലാണ് ഡോളർ തന്റെ രാജപദവി കൈവരിക്കുന്നത്. 44 രാജ്യങ്ങളിൽ നിന്നായി 730 പ്രതിനിധികൾ പങ്കെടുത്ത ആ യോഗത്തിൽ ആഗോള മൂല്യ നിലവാരത്തിന്റെ കാവലാളായി യു.എസ് ഡോളർ അവരോധിക്കപ്പെട്ടു. സഖ്യകക്ഷികളുടെ താൽപര്യപ്രകാരം, ഡോളറിന്റെ മൂല്യം സ്വർണ്ണത്താൽ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം അമേരിക്ക അംഗീകരിച്ചു. അതായത്, തന്റെ കയ്യിലുള്ള ഡോളർ ശേഖരവുമായി ഏതൊരു രാജ്യം യു.എസ് ഫെഡറൽ റിസർവിനെ സമീപിച്ചാലും തത്തുല്യമായ സ്വർണം പകരം നൽകപ്പെടും. കാര്യമൊക്കെ സമ്മതിച്ചെങ്കിലും, സഖ്യകക്ഷികൾ തങ്ങളുടെ ഓഡിറ്റിംഗ് നടത്തുന്നതിൽ നിന്നും യു.എസ് ഫെഡറൽ റിസർവ് തന്ത്രപൂർവം അവരെ വിലക്കി. ബ്രിട്ടൻവുഡ്സ് ഇരട്ടകളെന്നറിയപ്പെട്ട ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും (IMF) ഈ സമ്മേളനത്തിലാണ് പിറവിയെടുത്തത്.

അമേരിക്കയിലേക്ക് വൻ കയറ്റുമതികൾ നടത്തി ലോകരാഷ്ട്രങ്ങൾ ഡോളർ ശേഖരിച്ചു. പിന്നീടവർ, അതു കൊണ്ട് പരസ്പരം ക്രയവിക്രയം നടത്താൻ തുടങ്ങി. കുറച്ചു കാലം സുഖമായി കടന്നു പോയി. എന്നാൽ, അറുപതുകളിൽ വിയറ്റ്നാം യുദ്ധം പൊട്ടിപ്പുറപ്പെടുകയും ശീതസമരം അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്തതോടെ ഡോളർ അടിയുലഞ്ഞു. അതോടെ, ചില ലോകരാഷ്ട്രങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങി. ഏറ്റവുമധികം കടുംപിടുത്തം ഫ്രാൻസിനായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വൾ, തങ്ങളുടെ സമ്പൂർണ്ണ ഡോളർ നിക്ഷേപവും സ്വർണമാക്കി മടക്കിയെടുക്കാൻ തീരുമാനിച്ചു. അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ ടൺകണക്കിന് നോട്ടുകെട്ടുകൾ കയറ്റിയ ഫ്രഞ്ച് നേവി കപ്പലുകൾ യു.എസ് ലക്ഷ്യമാക്കി കുതിച്ചു. ഫ്രാൻസ് തങ്ങളുടെ തടി സംരക്ഷിച്ചതറിഞ്ഞ ലോകരാഷ്ട്രങ്ങൾ ഒന്നിനു പിറകെ ഒന്നായി ഡോളർ മാറ്റിയെടുക്കാൻ അമേരിക്കയെ സമീപിക്കാൻ തുടങ്ങി.

1971-ൽ, യു.എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഡോളറിനെ സ്വർണവുമായി മൂല്യമാറ്റം ചെയ്യാൻ കേന്ദ്ര ബാങ്കിന് അനുമതി നിഷേധിച്ചു. 1976-ഓട് കൂടെ യു.എസ് സർക്കാർ സ്വർണത്തിൽ നിന്നു ഡോളറിന്റെ മൂല്യത്തെ വിച്ഛേദിച്ചു. അടിത്തറയിളകാതെ പിടിച്ചു നിൽക്കണമെങ്കിൽ എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലാക്കിയ നിക്സൺ ഭരണകൂടം, അക്കാലത്ത് കത്തി നിന്നിരുന്ന എണ്ണയിൽ കണ്ണു വെച്ചു. സ്വർണ്ണത്തിന് പകരമായി എണ്ണ നിക്ഷേപത്തെ പ്രതിഷ്ഠിക്കാം എന്ന് മനസ്സിലാക്കിയ അമേരിക്ക 1973-ൽ, ഔദ്യോഗികമായി സൗദി രാജാവ് കിംഗ് ഫൈസലുമായി കരാറൊപ്പിട്ടു. തങ്ങളുടെ എണ്ണ കയറ്റുമതിക്ക് സൗദി അറേബ്യ ലോകരാഷ്ട്രങ്ങളോടെല്ലാം ഡോളറുപയോഗിച്ച് മാത്രമേ വിനിമയം നടത്തൂ. ഇതിന് പകരമായി സൗദിക്ക് ആവശ്യമായ സൈനിക സംരക്ഷണം അമേരിക്ക നൽകും. ഇതായിരുന്നു കരാർ. പെട്രോളിയം ഉൽപാദിപ്പിക്കുന്ന മറ്റു രാഷ്ട്രങ്ങൾക്കെല്ലാം തത്തുല്യമായ പല ഓഫറുകളും അമേരിക്ക വെച്ചു നീട്ടി.

അങ്ങനെ പെട്രോഡോളർ ജനിച്ചു വീണു. ലോകരാഷ്ട്രങ്ങൾ വീണ്ടും പെട്ടുവെന്ന് പറയാം. എണ്ണ ലഭിക്കണമെങ്കിൽ, ഒപെക് രാജ്യങ്ങൾക്ക്‌ പണം ഡോളറായിത്തന്നെ നൽകണമല്ലോ. അങ്ങനെ, അമേരിക്കയിലേക്കുള്ള സകല കയറ്റുമതികൾക്കും അവർ വീണ്ടും ഡോളർ സ്വീകരിച്ചു തുടങ്ങി. അമേരിക്ക കണ്ണടച്ച് ലാഭം കൊയ്തുവെന്ന് പറഞ്ഞാൽ മതിയല്ലോ. ഉൽപ്പന്നങ്ങൾ ലഭിക്കാൻ അവർക്ക് ആകെ ചെയ്യേണ്ടിയിരുന്നത് കൂടുതൽ ഡോളർ അച്ചടിക്കുകയും, അത് വിദേശരാജ്യങ്ങൾക്ക് നൽകുകയുമായിരുന്നു. അമേരിക്കയുടെ സാമ്പത്തിക അടിത്തറ പൂർവാധികം ശക്തമായി.
അതേസമയം, അമേരിക്കൻ കമ്പനികൾക്ക് കോൺട്രാക്ടർ നൽകാനും, ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനും ഒപേക് രാജ്യങ്ങൾ ഡോളർ തന്നെ ഉപയോഗിക്കണമായിരുന്നു. വികസ്വര രാജ്യങ്ങൾക്ക് വികസനപ്രവർത്തനങ്ങൾ നടത്താനും സമ്പദ് വ്യവസ്ഥ ശക്തമാക്കാനും ബ്രിട്ടൻ വുഡ്സ് ഇരട്ടകളായ ഐഎംഎഫും ലോകബാങ്കും ഡോളറിൽ വായ്പകൾ വാരിക്കോരി നൽകി. ഈ സംവിധാനം പെട്രോഡോളർ റീസൈക്ലിങ് സിസ്റ്റം എന്നറിയപ്പെട്ടു.

സാമ്പത്തിക സുരക്ഷയിലുപരി, ഈ സംവിധാനം അമേരിക്ക ലോകരാഷ്ട്രങ്ങൾക്കു മേൽ കൂടുതൽ രാഷ്ട്രീയ നിയന്ത്രണങ്ങൾ നൽകി. തങ്ങൾക്ക് താൽപര്യമില്ലാത്ത രാജ്യങ്ങൾക്കു മേൽ അമേരിക്ക ഏകപക്ഷീയമായി സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി. അതിനായവർക്ക്ആകെ ചെയ്യേണ്ടിയിരുന്നത് ആ രാജ്യത്തിന് ഡോളറിനു മേലുള്ള വിനിമയസ്വാതന്ത്ര്യം നിഷേധിക്കുക മാത്രമായിരുന്നു. ലോക രാഷ്ട്രീയത്തിൽ അമേരിക്കയുടെ നീരാളിക്കൈകൾ മുറുകുന്നതറിഞ്ഞ പലരാജ്യങ്ങളും ഇതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ശക്തമായ പ്രതിരോധമാണ് യു.എസ് നടത്തിയത്. വേണ്ടി വന്നപ്പോഴെല്ലാം, സൈനികശക്തി വരെ അവർ ഡോളറിന്റെ അപ്രമാദിത്വം നിലനിർത്താൻ ഉപയോഗിച്ചു.

ഉദാഹരണത്തിന്, രണ്ടായിരത്തോടെ ഇറാഖ് തങ്ങളുടെ എണ്ണക്കയറ്റുമതിക്ക് പ്രതിഫലം ഡോളറിൽ സ്വീകരിക്കാൻ തുടങ്ങി. 1998-ൽ, ക്ലിന്റൻ അവസാനിപ്പിച്ച ആക്രമണവും സദ്ദാമിന്റെ ഏകാതിപത്യ പരിവേഷവും മറയാക്കി ലോക സുരക്ഷയ്ക്ക് വേണ്ടി എന്ന നാട്യത്തിൽ അമേരിക്കയും സഖ്യശക്തികളും ഇറാക്ക് തവിടുപൊടിയാക്കി. അടുത്ത ഹതഭാഗ്യൻ ലിബിയൻ ഭരണാധികാരിയായ മുഅമ്മർ ഗദ്ദാഫിയായിരുന്നു. ഡോളറിന്റെ അന്താരാഷ്ട്ര മേൽക്കൈ അവസാനിപ്പിക്കാൻ വേണ്ടി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മാത്രമായി ഒരു തനത് കറൻസി വേണമെന്ന് ഗദ്ദാഫിക്ക് തോന്നി. ലിബിയയുടെ നേതൃത്വത്തിൽ, സ്വർണ്ണത്താൽ വിപണിമൂല്യം സംരക്ഷിക്കപ്പെടുന്ന ആഫ്രിക്കൻ കറൻസി ഇറങ്ങിയാൽ തങ്ങളുടെ ഇടപാട് തീരുമെന്ന് മനസ്സിലാക്കിയ അമേരിക്ക, സി.ഐ.എ.യുടെ സഹായത്താൽ സൃഷ്ടിച്ച മുല്ലപ്പൂ വിപ്ലവത്തിൽ ഗദ്ദാഫിയെ തീർത്തു. ആഫ്രിക്കൻ കറൻസിയും അദ്ദേഹത്തോടൊപ്പം അകാലമൃത്യു പ്രാപിച്ചു. അതിന്റെ വിശദവിവരങ്ങൾ ഈ ലിങ്കിൽ എഴുതിയിട്ടുണ്ട്.

മറ്റൊരു എടുത്തു പറയേണ്ട ഉദാഹരണം ഇറാനാണ്. പെട്രോഡോളർ സമ്പ്രദായത്തിൽ നിന്നും വ്യതിചലിക്കുന്ന സ്വഭാവങ്ങൾ പ്രകടിപ്പിച്ച ഇറാൻ ഭരണകൂടം അമേരിക്കയുടെ കണ്ണിലെ കരടായിട്ട് വർഷങ്ങളായി. 1979-ൽ, വിപ്ലവത്തിലൂടെ ഷാ പുറത്തായ അന്നുമുതൽ ഇറാൻ യു എസ് എ സാമ്പത്തിക ഉപരോധം നേരിടുകയാണ്. 2012-ൽ, അമേരിക്കൻ മേൽക്കോയ്മ ലംഘിക്കാൻ താല്പര്യമുള്ള രാജ്യങ്ങൾക്ക് സ്വർണ്ണം പകരം വാങ്ങി എണ്ണ വിൽക്കാൻ തയ്യാറാണെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചു. പ്രകോപിതരായ യു.എസ് ഭരണകൂടം ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇന്നും ഇറാനെ തകർക്കാൻ അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. അമേരിക്കൻ ശാസനകൾ ലംഘിക്കാൻ താല്പര്യം പ്രകടിപ്പിച്ച മറ്റൊരു രാജ്യം സിറിയയാണ്. 2011-ലെ ആഭ്യന്തര യുദ്ധത്തിൽ ലക്ഷങ്ങളാണ് സിറിയയിൽ കൊല്ലപ്പെട്ടത്. അഭയാർഥികളായവരും കിടപ്പാടം നഷ്ടപ്പെട്ടവരും അതിന്റെ ഇരട്ടി വരും. എന്നാൽ, ബഷർ-അൽ-അസദിനെ താഴെയിറക്കാനുള്ള ആ ശ്രമത്തിൽ അമേരിക്കയ്ക്ക് കളി പിഴച്ചു. എല്ലാ അർത്ഥത്തിലും സഹായം നൽകി റഷ്യ സിറിയയുടെ കൂടെ നിന്നു. മാത്രമല്ല, യുഎൻ രക്ഷാസമിതിയിൽ സിറിയ്ക്കെതിരെയുള്ള അമേരിക്കയുടെ പ്രമേയങ്ങളെ 11 തവണ റഷ്യ വീറ്റോ ചെയ്തു നിഷ്ഫലമാക്കി. നിർണായകഘട്ടങ്ങളിൽ, പലപ്പോഴും ഇറാനും സിറിയയെ പിന്തുണച്ചു. പെട്രോഡോളർ വ്യവസ്ഥ നിലനിർത്താൻ സൈനിക നടപടി മതിയാവില്ലെന്ന് അമേരിക്കയ്ക്ക് പ്രത്യക്ഷത്തിലുള്ള മുന്നറിയിപ്പായിരുന്നു സിറിയയുടെ പ്രതിരോധം. എന്നാൽ, ആ രാജ്യത്തെ സന്തുലിതാവസ്ഥയും ക്രമസമാധാനവും തകർക്കാൻ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും സാധിച്ചു.

#ക്രിപ്റ്റോകറൻസി

കാര്യങ്ങൾ ഇത്തരത്തിൽ മുന്നോട്ടു പോകുമ്പോഴാണ് ക്രിപ്റ്റോകറൻസി എന്ന വില്ലൻ അവതരിക്കുന്നത്. ഇറാഖിനോടും ഇറാനോടും ചെയ്തതുപോലെ സൈനിക നടപടിയെന്ന പ്രതിരോധം ഇവിടെ വിലപ്പോകില്ല. കാരണം, ബ്ലോക്ക്ചെയിൻ ടെക്നോളജി അടിസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറൻസികൾ പ്രവർത്തിക്കുന്നത്. ക്രിപ്റ്റോ നാണ്യവിനിമയത്തിൽ ഇടപാടുകൾ നടക്കുന്നത് ഡിജിറ്റലായാണ്. അതുകൊണ്ടു തന്നെ, ഇടപാടുകൾ സൂക്ഷിക്കുന്നതും ഡിജിറ്റൽ ലെഡ്ജറിലാണ്. സെൻട്രലൈസ്ഡ് അല്ലാതെ, വികേന്ദ്രീകൃതമായ ഘടനയാണ് ഇവയ്ക്ക്. എല്ലാ വിവരങ്ങളും ബിറ്റുകളായി വ്യക്തിഗതമായി ബ്ലോക്കുകളിൽ സംഭരിക്കും. ലിങ്കുകൾ അഥവാ,ഫലത്തിൽ ചെയിനുകൾ ഉപയോഗിച്ച് ഈ ബ്ലോക്കുകൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇവയെ ബ്ലോക്ക്ചെയിനെന്ന് വിളിക്കുന്നത്. ഓരോ ബ്ലോക്ക് ചെയിനും നെറ്റ്‌വർക്ക് സോഫ്റ്റ്‌വെയറിൽ കൃത്യമായി എൻക്രിപ്റ്റ് ചെയ്ത ഒരു നിർദ്ദിഷ്ട കോഡ് പ്രാമാണീകരണത്തെ പ്രതിനിധീകരിക്കുന്നു. ഓരോ ബ്ലോക്കും ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കും. ഇടപാടുകളുടെ വിശദവിവരങ്ങൾ അടങ്ങിയ റെക്കോർഡുകൾ ഒരു പിയർ ടു പിയർ നെറ്റ്‌വർക്കിൽ അതീവ സുരക്ഷയോടെ ശേഖരിച്ചു വച്ചിരിക്കും. ലോകത്തുള്ള ആയിരക്കണക്കിന് സെർവറുകളിൽ ബ്ലോക്ക് ചെയിൻ വഴി ശേഖരിച്ചു വച്ച ഡാറ്റയുടെ ബാക്കപ്പ് ഉണ്ടാകും. അതുകൊണ്ടു തന്നെ, ഡാറ്റ മൊത്തമായി അടിച്ചു പോകുന്ന പ്രശ്നമില്ല. എന്നാൽ, എല്ലാം നിയന്ത്രിക്കുന്ന ഒറ്റ കേന്ദ്രീകൃത സംവിധാനമെന്നത് ഇതിലില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ, ഡാറ്റയിൽ കൃത്രിമം കാട്ടാൻ ആർക്കെങ്കിലും കഴിഞ്ഞു എന്ന് വരും. തികച്ചും വികേന്ദ്രീകൃതമായ സംവിധാനം തന്നെയാണ് ഇതിന് ഏറ്റവും വലിയ സുതാര്യതയും സുരക്ഷയും. തന്റെ ബ്ലോക്കിൽ ഓരോ പങ്കാളിയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ഡാറ്റകൾ ആവശ്യക്കാർക്ക് വീക്ഷിക്കാനും സാധിക്കും. ഓരോ ബ്ലോക്കിലും ബാറ്റ് കൂടാതെ അതിന്റെ മൂല്യവും ഹാഷ് ആയി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഓരോ ബ്ലോഗിന്റെയും തനതു വിരലടയാളം എന്ന് വേണമെങ്കിൽ ഹാഷിനെ പറയാം. അതിൽ സംഭരിച്ചിരിക്കുന്ന ഡാറ്റകളുടെ മൂല്യത്തിനെ ഹാഷ്മൂല്യം ഉപയോഗിച്ച് മനസ്സിലാക്കാൻ സാധിക്കും. ബ്ലോക്ക് ചെയിനിലെ ഏറ്റവും ആദ്യത്തെ ബ്ലോക്കിന്റെ മൂല്യം പൂജ്യമാണ്. എന്നാൽ, രണ്ടാമത്തെ ബ്ലോക്കിന്റെ മൂല്യം മൂന്നാമത്തെ ബ്ലോക്കിൽ രേഖപ്പെടുത്തിയിരിക്കും. മൂന്നാമത്തെ ബ്ലോക്കിന്റെ മൂല്യമാകട്ടെ, നാലാമത്തെ ബ്ലോക്കിലും രേഖപ്പെടുത്തിയിരിക്കും.

നമ്മൾ ഒരു ബാങ്കിലൂടെ ഒരാൾക്ക് പണം ഇടുകയാണെങ്കിൽ, അയാൾക്കും നമ്മൾക്കും ഇടയിൽ ഗ്യാരണ്ടി നൽകുന്നത് ബാങ്ക് ആണ്. എന്നാലിവിടെ, ഇതേ ശൃംഖലയിലെ മറ്റുള്ള ബ്ലോക്കുകളാണ് നമ്മളുടെ ബ്ലോക്കിന്റെ മൂല്യം ഗ്യാരണ്ടി നൽകുന്നത്. അതിനാൽ തന്നെ, എല്ലാ ബ്ലോക്കുകൾക്കും ഇവിടെ തുല്യപ്രാധാന്യം ലഭിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ബ്ലോക്കിനുള്ളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ, അതിൽ മാത്രം മാറ്റം വരുത്തിയാൽ മതിയാകില്ല. ആ ഡാറ്റയുടെ കോപ്പികൾ മറ്റുള്ള ബ്ലോക്കുകളിലും കാണും. അതിനാൽ, നിങ്ങളുടെ ശൃംഖലയിലുള്ള മറ്റു ബ്ലോക്കുകളെ സമീപിച്ച് അവരുടെ കയ്യിലുള്ള ഡാറ്റയിലും ആ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രക്രിയ വളരെ സങ്കീർണമായതിനാലും പരസ്പരം ആശ്രയിച്ചിരിക്കുന്നതിനാലും ബ്ലോക്ക്ചെയിന്റെ സുരക്ഷ അതിശക്തമാണ്.

ഇതിന്റെ ഏറ്റവും വലിയ ഗുണമെന്തെന്നാൽ ഇതിൽ നടക്കുന്ന ഏതൊരു ഇടപാടിനും ഏതെങ്കിലുമൊരു അതോറിറ്റിയുടെയോ വക്താവിന്റെയോ, ഓഹരിവിപണിയിലെ പോലെ ഇടനിലക്കാരുടെയോ നിർദ്ദേശമോ അംഗീകാരമോ ആവശ്യമില്ല. ഇതേ പിയർ ടു പിയർ നെറ്റ്‌വർക്കിൽ പങ്കെടുക്കുന്നവർ തന്നെയായിരിക്കും ഓരോ ഇടപാടുകളും പരിശോധിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ഇവരെയാണ് മൈനർമാർ എന്നറിയപ്പെടുന്നത്. ഈ പരിശോധനാ പ്രക്രിയയെ മൈനിങ് എന്ന് വിളിക്കുന്നു.

ക്രിപ്റ്റോകറൻസിയ്ക്ക് ഗുണങ്ങൾ പലതാണ്. ചാഞ്ചാട്ടം ഉള്ള ഒരു ദിവസം കൊണ്ട് പോലും വളരെ വലിയ മൂല്യവ്യതിയാനങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ അന്താരാഷ്ട്ര ഇടപാടുകൾക്ക് പുതിയൊരു മാനം കൈവരാനുള്ള സാധ്യത അതിലൊന്നാണ്. 2019-ൽ മാത്രം ഏതാണ്ട് 135 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോകറൻസി ട്രാൻസാക്ഷനുകൾ നടന്നു കഴിഞ്ഞുവെന്ന് coindesk. com-ൽ വന്ന ഒരു ആർട്ടിക്കിൾ വ്യക്തമാക്കുന്നു. പരമ്പരാഗതമായ പെയ്മെന്റ് സേവനദാതാക്കളിലൂടെ നടന്ന ബിറ്റ്കോയിൻ ട്രാൻസാക്ഷൻ മാത്രം ഏതാണ്ട് നാല് ബില്യൻ ഡോളർ മൂല്യമുള്ളതാണ്. നിയന്ത്രിതമായ സപ്ലൈ മാത്രമാണ് ക്രിപ്റ്റോ കറൻസി ലോകത്ത് ഉണ്ടായിരിക്കുക എന്നാണ് പൊതുവേ പറയപ്പെടുന്നത്. ലോകത്ത് ആകെ മൊത്തം 21 മില്യൺ കോയിനുകളാണ് മൈൻ ചെയ്യാൻ സാധിക്കുക. അതിൽ 18 മില്യൻ ബിറ്റ്കോയിനുകൾ ഇതുവരെ മൈൻ ചെയ്തു കഴിഞ്ഞു. ഏതാണ്ട് രണ്ടര മില്യൺ ബിറ്റ്കോയിനുകൾ ഇനിയും മൈൻഡ ചെയ്യാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുമ്പോൾ തന്നെ, കൃത്യമായ ഒരു നിയന്ത്രിത വ്യവസ്ഥയില്ലാത്തതിനാൽ, കൂടുതൽ കോയിനുകൾ മാർക്കറ്റിലെത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നതും യാഥാർത്ഥ്യമാണ്. 2020- ലെ കണക്കനുസരിച്ച് ബിറ്റ് കോയിൻ, എതെറിയം, ഡോജ് കോയിൻ തുടങ്ങി ട്രംപ് കോയിൻ, പുടിൻ കോയിൻ എന്നിങ്ങനെയുള്ള വെറൈറ്റികളടക്കം ഏതാണ്ട് 3,000 ക്രിപ്റ്റോകറൻസികൾ ഇപ്പോൾ തന്നെ ലോകത്ത് നിലവിലുണ്ട്. ഉയർന്ന ലാഭ സാധ്യത പോലെ തന്നെ ഉയർന്ന നഷ്ടസാധ്യതയും ക്രിപ്റ്റോകറൻസി മാർക്കറ്റിനുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ബിറ്റ്പേ, സ്ക്വയർ, പേപൽ മുതലായ ഓൺലൈൻ പെയ്മെന്റ് സിസ്റ്റങ്ങളെല്ലാം ബിറ്റ്കോയിനും മറ്റു ക്രിപ്റ്റോകറൻസികളിലുമുള്ള പെയ്മെന്റ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിൽ ഏതാണ്ട് 70 മില്യണോളം ബിറ്റ്കോയിൻ ഇലക്ട്രോണിക് വാലറ്റുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. (ഗ്രാഫ് ചുവടെ കൊടുക്കുന്നു).

ഒറ്റ വാക്കിൽ പറഞ്ഞാൽ, ഒരു ഡിജിറ്റൽ ഗ്ലോബൽ റിസർവ് കറൻസിയ്ക്ക് വേണ്ട ഏതാണ്ട് എല്ലാ യോഗ്യതകളും ക്രിപ്റ്റോകറൻസികൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ ഒന്നാംസ്ഥാനത്തു നിൽക്കുക തീർച്ചയായും ബിറ്റ്കോയിൻ തന്നെയായിരിക്കും. ഈ സംവിധാനത്തിന് പിറകിൽ പ്രവർത്തിക്കുന്നവർ റഷ്യ പോലുള്ള ഏതെങ്കിലും ശക്തമായ രാജ്യങ്ങളോട് കൈകോർത്തു കഴിഞ്ഞാൽ യു.എസ് ഡോളറിന്റെ ആഗോള അപ്രമാദിത്വത്തിൽ വിള്ളൽ വീഴുമെന്ന് തീർച്ചയാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താൽ ആദ്യമുയരുന്ന ചോദ്യം, ബിറ്റ് കോയിൻ പരമാവധി 21 മില്യൺ എണ്ണമാണ് ഇറക്കാൻ സാധിക്കുക. ലോക ജനസംഖ്യയ്ക്ക് തീരുമാനം ചെയ്യാൻ അത്ര പണം മതിയാകുമോ എന്നതാണ്. ഓരോ ബിറ്റ്കോയിനും 8 ഡെസിമൽ പ്ലേസസ് (ദശാംശം) വരെ വിഭജിക്കാൻ സാധിക്കും. ബിറ്റ് കോയിന്റെ ആറ്റമിക് യൂണിറ്റാണ് സതോഷി. ഒരു ബിറ്റ് കോയിൻ 100 മില്യൺ സതോഷികളാക്കി വിഭജിക്കാം. ചുരുക്കിപ്പറഞ്ഞാൽ, ലോക ജനസംഖ്യയ്ക്ക് ഉപയോഗിക്കാനുള്ളത്രയല്ല , ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ നിയന്ത്രിക്കാനുള്ളത്ര സാംഖ്യ ശേഷി ബിറ്റ്കോയിനുകൾക്കുണ്ട്.

അമേരിക്കക്ക് ഒരിക്കലും എഴുന്നേൽക്കാൻ പറ്റാത്ത പ്രഹരമായിരിക്കും ഏൽക്കാൻ പോകുന്നതെന്ന് നല്ല ബോധ്യമുണ്ട്. യു.എസ് പാർലമെന്റ് അംഗമായ ബ്രാഡ് ഷെർമാൻ ഇക്കാര്യം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു കഴിഞ്ഞു.
“അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിൽ യുഎസ് ഡോളറിനുള്ള പ്രാധാന്യം എടുത്തുകളയാൻ ബിറ്റ്കോയിൻ വിചാരിച്ചാൽ സാധിക്കും. അമേരിക്കൻ താൽപര്യപ്രകാരം ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള രാജ്യത്തിന്റെ ശേഷി അതോടെ നഷ്ടപ്പെടും. ആഗോള രാഷ്ട്രങ്ങളിൽ അമേരിക്കയുടെ ശക്തി ഡോളറിനെ മേൽക്കോയ്മയും ന്യൂയോർക്ക് എക്സ്ചേഞ്ചിലൂടെ അതിന്റെ ട്രാൻസാക്ഷനുകളും നടക്കുന്നുവെന്നതാണ്. വിപണി, എണ്ണ മുതലായ സകലമേഖലകളിലും ക്രിപ്റ്റോകറൻസികളുടെ പ്രഭാവമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരിക്കും. ഇതൊഴിവാക്കാനുള്ള ഒരേയൊരു മാർഗം ബിറ്റ്കോയിനും മറ്റുള്ള ക്രിപ്റ്റോകറൻസികളും നിരോധിക്കുക എന്നതാണ്. അങ്ങനെ ഒരു നിയമം പാസാക്കാൻ ഞാനെന്റെ സഹപ്രവർത്തകരെ ക്ഷണിക്കുകയാണ്” എന്നാണ് ഷെർമാൻ പാർലമെന്റിൽ പ്രസംഗിച്ചത്. ക്രിപ്റ്റോകറൻസികളെ പിന്തുണയ്ക്കുന്നവർ ആഗോള നിയന്ത്രണത്തിനുള്ള അമേരിക്കയുടെ ശക്തി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷേ, ഷെർമാൻ വിചാരിച്ച പോലെ അത് നടക്കുന്ന ഒരു സംഗതിയല്ല എന്നതാണ് യാഥാർത്ഥ്യം. ബിറ്റ്കോയിനടക്കമുള്ള ക്രിപ്റ്റോകറൻസികൾ പൂർണ്ണമായി നിരോധിക്കണമെങ്കിൽ, ഇന്റർനെറ്റ് ആകെ മൊത്തം ഷട്ട് ഡൗൺ ചെയ്യേണ്ടി വരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.അതാകട്ടെ, ഒരിക്കലും നടക്കാത്തൊരു കാര്യവുമാണ്.

മെല്ലെ മെല്ലെ, നാണ്യവിനിമയ രംഗത്ത് ക്രിപ്റ്റോകറൻസികൾ പിടിമുറുക്കുന്നതിന്റെ പ്രഥമ കിരണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. 2017-ൽ, വെനിസ്വേല സർക്കാർ പെട്രോ എന്നൊരു ക്രിപ്റ്റോകറൻസി പുറത്തിറക്കി. എപ്രകാരമാണ് ഡോളർ സ്വർണ്ണത്താൽ ബാക്ക് ചെയ്യപ്പെട്ടിരുന്നത്, അപ്രകാരം പെട്രോ തങ്ങളുടെ എണ്ണ നിക്ഷേപങ്ങളാൽ പിന്തുണച്ച് വെനിസ്വേല കറൻസിയുടെ മൂല്യം ഉറപ്പു നൽകി. നിരവധി പോരായ്മകളും പാളിച്ചകളുമുണ്ടായിരുന്നെങ്കിലും 2018-ൽ, 38 മില്യൺ പെട്രോ ടോക്കണുകളുടെ നാണ്യവിനിമയം നടന്നുവെന്ന് വെനിസ്വെല റിപ്പോർട്ട് ചെയ്തു. അതായത്, ഏതാണ്ട് 3.3 ബില്യൺ യുഎസ് ഡോളറിനു തുല്യമായ തുക! ഈ കറൻസി ഉപയോഗിച്ച് യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ നിന്നും സാവധാനം കരകയറാനാണ് വെനിസ്വേലയുടെ പദ്ധതി.

യുഎഎസ് എന്ന ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ, ക്രിപ്റ്റോ റൂബിൾ എന്നപേരിൽ ഒരു ക്രിപ്റ്റോകറൻസിയ്ക്ക് റഷ്യ രൂപം കൊടുത്തിട്ടുണ്ട്. വ്ലാഡിമീർ പുടിന്റെ നിർദ്ദേശാനുസരണമാണിത്. മൈനിങ് ഇല്ലാത്തതിനാലും, ഓയിൽ ഉപയോഗിച്ചുള്ള മൂല്യ സംരക്ഷണമുള്ളതിനാലും ഇതിനെ പൂർണ്ണമായും ഒരു ക്രിപ്റ്റോകറൻസി എന്ന് പറയാനാവില്ല. ഒരു റഷ്യൻ റൂബിളിന്റെ മൂല്യത്തിന് തുല്യമായിരിക്കും ഒരു ക്രിപ്റ്റോ റൂബിളിന്റെ വിലയും. ഊഹാപോഹങ്ങളും കെട്ടുകഥകളും നിരവധിയുണ്ടെങ്കിലും, ക്രിപ്റ്റോ റൂബിളിന്റെ യഥാർത്ഥചിത്രമറിയണമെങ്കിൽ, ഈ വർഷം പകുതിയോടെ റഷ്യ ഇതിന്റെ ട്രയൽറൺ നടത്തണം.

അമേരിക്കയ്ക്ക് ഇനി കഠിന പരീക്ഷണത്തിന്റെ നാളുകളായിരിക്കും. എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് വെനിസ്വേലയെ വരുതിക്ക് നിർത്താമെങ്കിലും, റഷ്യയുടെ അടുത്ത് ആ വക പരിപാടികളൊന്നും വിലപ്പോവില്ല. പെട്രോഡോളർ യുഗം അവസാനിക്കുകയാണെന്നും ഉപരോധങ്ങൾ കൊണ്ട് ഇനിയങ്ങോട്ട് കാര്യമില്ലെന്നും സൈനിക നടപടിയിലേക്ക് നീങ്ങിയാൽ ആഗോളമായി ഒറ്റപ്പെടുകയാവും ഫലമെന്നും അമേരിക്കയ്ക്ക് നല്ല ബോധ്യമുണ്ട്. ഈ അവസരത്തിൽ യുഎസ് ഭരണകൂടത്തിന്റെ നീക്കം എന്തായിരിക്കുമെന്ന് കണ്ടറിയണം.

Google search engine
Previous articleമാലാഖയായി ഡി മരിയ : ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന
Next articleഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം : പരമ്പരയിൽ ഒപ്പം