ഗദ്ദാഫി വധവും അമേരിക്കൻ തിരക്കഥയും : പെട്രോഡോളർ സംരക്ഷണത്തിന്റെ അറിയപ്പെടാത്ത കഥകൾ

0

പെട്രോഡോളർ, അല്ലെങ്കിൽ ഡോളറിന്റെ ആഗോള അപ്രമാദിത്വം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന രാജ്യമാണ് യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. വേണ്ടി വന്നപ്പോഴെല്ലാം, സൈനികശക്തി വരെ അവർ ഡോളറിന്റെ അപ്രമാദിത്വം നിലനിർത്താൻ ഉപയോഗിച്ചു.
മുൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൺ ഉണ്ടാക്കിയ കരാർ പ്രകാരം, ഒപേക് രാഷ്ട്രങ്ങൾ തങ്ങളുടെ എണ്ണയും പ്രകൃതിവാതകവും വിൽക്കുമ്പോൾ വില വാങ്ങിയിരുന്നത് യു.എസ് ഡോളറായി മാത്രമായിരുന്നു. നിക്സണും സൗദി രാജാവ് കിംഗ് ഫൈസലും തമ്മിലായിരുന്നു ആദ്യ ഉടമ്പടി. അതിന്റെ പ്രത്യുപകാരമാണ് സൗദി അറേബ്യയ്ക്ക് അമേരിക്ക ഇന്നും നൽകുന്ന സൈനിക സംരക്ഷണം.

എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതിന് പല വെല്ലുവിളികളും ഉയർന്നു.
ഉദാഹരണത്തിന്, രണ്ടായിരത്തോടെ ഇറാഖ് തങ്ങളുടെ എണ്ണക്കയറ്റുമതിക്ക്  പ്രതിഫലം യൂറോയിൽ സ്വീകരിക്കാൻ തുടങ്ങി. 1998-ൽ, ക്ലിന്റൻ  അവസാനിപ്പിച്ച ആക്രമണവും സദ്ദാമിന്റെ ഏകാധിപത്യ പരിവേഷവും യു.എസ് മറയാക്കി. ലോക നശീകരണത്തിന് വേണ്ടിയുള്ള ആയുധങ്ങൾ  കൈവശം വയ്ക്കുന്നു എന്നാരോപിച്ച്  ലോക സുരക്ഷയ്ക്ക് വേണ്ടിയെന്ന നാട്യത്തിൽ അമേരിക്കയും സഖ്യശക്തികളും ഇറാക്ക് തവിടുപൊടിയാക്കി. അടുത്ത ഹതഭാഗ്യൻ ലിബിയൻ ഭരണാധികാരിയായ മുഅമ്മർ ഗദ്ദാഫിയായിരുന്നു. ഡോളറിന്റെ അന്താരാഷ്ട്ര മേൽക്കൈ അവസാനിപ്പിക്കാൻ വേണ്ടി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മാത്രമായി ഒരു തനത് കറൻസി വേണമെന്ന് ഗദ്ദാഫിക്ക് തോന്നി. ലിബിയയുടെ നേതൃത്വത്തിൽ, സ്വർണ്ണത്താൽ വിപണിമൂല്യം സംരക്ഷിക്കപ്പെടുന്ന ആഫ്രിക്കൻ കറൻസി ഇറങ്ങിയാൽ തങ്ങളുടെ ഇടപാട് തീരുമെന്ന് മനസ്സിലാക്കിയ അമേരിക്ക, സി.ഐ.എ.യുടെ സഹായത്താൽ സൃഷ്ടിച്ച മുല്ലപ്പൂ വിപ്ലവത്തിൽ  ഗദ്ദാഫിയെ തീർത്തു. ആഫ്രിക്കൻ കറൻസിയും അദ്ദേഹത്തോടൊപ്പം അകാലമൃത്യു പ്രാപിച്ചു.

കൈയിലിരിപ്പ് വച്ചു നോക്കിയാൽ ഗദ്ദാഫി മഹാനൊന്നുമായിരുന്നില്ലെങ്കിലും, അയാളെക്കുറിച്ച് എടുത്തു പറയേണ്ട ചില കാര്യങ്ങളുണ്ട്. ഡോളർ-യൂറോ കുത്തകകൾക്കെതിരെ വിട്ടുവീഴ്ച ചെയ്യാതെ ഏറ്റവും ശക്തമായി നില കൊണ്ട  ഭരണാധികാരിയാണ് മുഅമ്മർ ഗദ്ദാഫി. 2011-ൽ ഗദ്ദാഫി വധിക്കപ്പെടുമ്പോൾ ആഫ്രിക്കയിൽ പൊതുവേ ദുർലഭമായ ജലം, എണ്ണ, മുതലായ അടിസ്ഥാന പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമായിരുന്ന ലിബിയ ശക്തമായ സാമ്പത്തികസ്ഥിരത നേടിയിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിൽ  നിന്നും സമ്പന്ന രാഷ്ട്രങ്ങളുടെ തലപ്പത്തേക്ക് ഗദ്ദാഫി ലിബിയയെ എത്തിച്ചു. എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസവും വൈദ്യസഹായം തികച്ചും സൗജന്യമായിരുന്നു. എല്ലാവർക്കും ഒരു വീടുണ്ടാവണമെന്നത് അടിസ്ഥാന മനുഷ്യാവകാശമായാണ് ലിബിയൻ ഭരണകൂടം കരുതിയിരുന്നത്. തന്റെ രാജ്യത്ത് എല്ലാവർക്കും വീടുണ്ടാകുന്നതു വരെ, താൽക്കാലിക കൂടാരങ്ങളിലായിരുന്നു ഗദ്ദാഫി കഴിഞ്ഞിരുന്നത്. നദിയിൽ നിന്നും മരുഭൂമിയുടെ നടുക്കുള്ള ഗ്രാമങ്ങളിൽ പോലും ജലമെത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലസേചന സംവിധാനം ലിബിയയിലായിരുന്നു. ലിബിയയുടെ നട്ടെല്ലൊടിക്കാൻ ലോകപോലീസ്-നാറ്റോ സഖ്യം ആദ്യം ബോംബിട്ട് തകർത്തതും ആ ജലസേചന സംവിധാനമാണ്.

2015-ൽ, യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി ക്ലിന്റന്റെ മൂവായിരത്തോളം ഇ-മെയിലുകൾ ചോർന്നു. ഹിലാരിയും, മോണിക്ക ലെവിൻസ്കി കേസിൽ അവരുടെ ഭർത്താവായ മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റനെ പ്രതിനിധീകരിച്ചിരുന്ന അഭിഭാഷക സിഡ്നി ബ്ലൂമെൻതലും തമ്മിൽ 2011 ഏപ്രിൽ രണ്ടിന് നടത്തിയ സംഭാഷണം ഇങ്ങനെയായിരുന്നു.

“ഗദ്ദാഫി സർക്കാർ 143 ടൺ സ്വർണവും തത്തുല്യമായ അളവിൽ വെള്ളിയും കരുതി വെച്ചിട്ടുണ്ട്. വിപ്ലവത്തിനു മുൻപേ തന്നെ ശേഖരിച്ചു വെച്ചിരുന്ന ഈ ധനം, ലിബിയൻ ഗോൾഡൻ ദിനാറിനാൽ പിന്തുണയ്ക്കപ്പെടുന്ന ഒരു സാർവത്രിക ആഫ്രിക്കൻ കറൻസിയ്ക്ക് രൂപംനൽകാൻ വേണ്ടിയായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിലവിൽ ഉപയോഗിക്കുന്ന ഫ്രാൻസിന്റെ ഫ്രഞ്ച് ഫ്രാങ്കിന് ഒരു ബദലായാണ് ഈ പുതിയ നാണയം നിലവിൽ വരുക.”

“വിദഗ്ധാഭിപ്രായമനുസരിച്ച് ഏഴ് ബില്യൺ യുഎസ് ഡോളറിന് തത്തുല്യമായ തുകയാണിത്. ഫ്രഞ്ച് രഹസ്യന്വേഷണ ഏജന്റുമാർ ഇക്കാര്യം കണ്ടെത്തി. ലിബിയ ആക്രമിക്കാനുള്ള ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സർക്കോസിയുടെ തീരുമാനത്തിന് പ്രധാന കാരണം ഇതാണ്. ലിബിയയിലെ എണ്ണ ഉൽപാദനത്തിൽ വലിയൊരു പങ്ക് കൈക്കലാക്കുക, ഉത്തര ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഫ്രഞ്ച് സ്വാധീനം വർദ്ധിപ്പിക്കുക, തന്റെ ഫ്രാൻസിലെ രാഷ്ട്രീയ സ്ഥിരത ഉറപ്പു വരുത്തുക, ലോകത്തിനു മുമ്പിൽ ഫ്രണ്ട്സ് സൈനികശക്തി കാണിച്ചു കൊടുക്കാനുള്ള അവസരം വിനിയോഗിക്കുക, നാറ്റോയിലെ സഖ്യകക്ഷികളുടെ ഭൂരിപക്ഷ തീരുമാനത്തിന് ഒപ്പംനിൽക്കുക എന്നീ ഫ്രാൻസിന്റെ താൽപര്യങ്ങൾ കൂടി ഈ തീരുമാനത്തിൽ സംരക്ഷിക്കപ്പെടും.”

നോക്കൂ.. ഇന്ത്യൻ വിഷയങ്ങളിൽ പോലും ആശങ്ക പ്രകടിപ്പിക്കാറുള്ള അമേരിക്കൻ ബ്യൂറോക്രാറ്റുകളുടെ ഇ-മെയിലിൽ  മനുഷ്യത്വവുമില്ല, മാനുഷികമൂല്യങ്ങളുമില്ല. പ്രാധാന്യവും പരാമർശിക്കപ്പെടുന്നത് പണവും അധികാരവും സമ്പത്തും മാത്രം.!

ആഫ്രിക്കയിൽ നിലവിലുണ്ടായിരുന്ന, ഇപ്പോഴും നിലവിലുള്ള നാണയമാണ് CFA ഫ്രാങ്ക്. യൂറോയുമായി ഫിക്സ്ഡ് എക്സ്ചേഞ്ച് റേറ്റുള്ള  ഇതിന്റെ മൂല്യസുരക്ഷിതത്വം ഫ്രഞ്ച് ട്രഷറിയിൽ നിക്ഷിപ്തമാണ്. ഒന്നും രണ്ടുമല്ല, മാലിയും സെനഗലും ഐവറി കോസ്റ്റും കാമറൂണുമടക്കം ആഫ്രിക്കയിലെ 14 രാജ്യങ്ങളിൽ ഇപ്പോഴും ഈ കറൻസിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ കുത്തക തകർക്കാൻ നോക്കിയാൽ ഫ്രാൻസിന് അത് സഹിക്കുമോ.? 2023 ഓടെ, 53 ആഫ്രിക്കൻ രാഷ്ട്രങ്ങൾക്ക്  സ്വന്തമായി  ഏകീകൃത സ്വർണ്ണ കറൻസി ആവിഷ്കരിക്കാനുള്ള പദ്ധതിയ്ക്കാണ് ഗദ്ദാഫി രൂപം നൽകിയത്.  പോരാഞ്ഞ്, പെട്രോഡോളർ ഉപേക്ഷിച്ച് ഗ്യാസിനും എണ്ണയും പകരമായി സ്വർണം ആവശ്യപ്പെടാൻ ആഫ്രിക്കൻ രാജ്യങ്ങൾ തീരുമാനിച്ചതോടെ, ഗദ്ദാഫി ഇനി വേണ്ടെന്നും, അയാളുടെ കഥ മറ്റുള്ള ഒപെക് രാഷ്ട്രങ്ങൾക്ക് ഒരു പാഠമായിരിക്കണമെന്നും യുഎസ്-നാറ്റോ-യൂറോപ്യൻ സഖ്യം തീരുമാനിച്ചു.

2011 ഫെബ്രുവരിയിൽ, ആഭ്യന്തര കലാപത്തിന്റെ രൂപത്തിൽ തുടങ്ങിയ ഗദ്ദാഫി വിരുദ്ധ പ്രക്ഷോഭം മാർച്ച് മാസത്തോടെ അന്താരാഷ്ട്ര സേനകൾ ഏറ്റെടുത്തു. മാർച്ച് 28ന് അമേരിക്കൻ പ്രസിഡണ്ടന്റായിരുന്ന ബറാക് ഒബാമ ഇപ്രകാരം പ്രഖ്യാപിച്ചു.

“ലിബിയയിലെ സാധാരണക്കാരായ  പൗരൻമാരെ ഗദ്ദാഫിയുടെ സൈന്യത്തിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി അമേരിക്കൻ സൈന്യം ഉടൻ പുറപ്പെടുന്നു. എന്നാൽ, ലിബിയയിലെ ഭരണമാറ്റം എന്നത് ഒരിക്കലും അമേരിക്കയുടെ അജണ്ടയായിരിക്കില്ല. അത് നമ്മളുടെ ലക്ഷ്യത്തിൽ  ഉൾപ്പെടുത്തുന്നത് അബദ്ധമായിത്തീരും. യു.എൻ രക്ഷാസമിതിയുടെ മാനദണ്ഡങ്ങൾ നടപ്പിലാക്കുക മാത്രമായിരിക്കും അമേരിക്കയുടെ ലക്ഷ്യം.!”

നാറ്റോ യുദ്ധവിമാനങ്ങളുടെ എയർ സപ്പോർട്ടോടെ കലാപകാരികൾ ഓരോരോ നഗരങ്ങളായി കീഴടക്കി മുന്നേറിക്കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ഗദ്ദാഫിയും അനുയായികളും  പരാജയം രുചിച്ചു. ഒടുവിൽ, ഒക്ടോബർ 20ന് ഗദ്ദാഫിയെ പിടികൂടിയ വിമതർ മൃഗീയമായി പീഡിപ്പിച്ചതിനു ശേഷമാണ് അയാളെ കൊന്നത്. മൃഗീയമായി മർദ്ദിച്ച്, ഗദ്ദാഫിയുടെ മലദ്വാരത്തിൽ കലാപകാരികൾ ബയണറ്റ് കുത്തിയിറക്കുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ പ്രതിഷേധം സൃഷ്ടിച്ചു. ഗദ്ദാഫിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും സഖ്യസേന ഒരിക്കലും പുറത്തു വിട്ടില്ല.

ലിബിയ തകർത്തു തരിപ്പണമാക്കിയ ശേഷം, മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ നിസാരമായി ഇപ്രകാരം പറഞ്ഞു. ” We came, we saw, he died.!”

പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചത് പോലെ, ലിബിയൻ അധിനിവേശം ഒരിക്കലും അന്താരാഷ്ട്ര മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കും സമാധാനത്തിനും വേണ്ടിയായിരുന്നില്ല.

ഒരർത്ഥത്തിൽ, സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു, പക്ഷേ, അത് ആഗോള ബാങ്കിംഗ് സംവിധാനത്തിന്റെയും ഡോളറിന്റെയും എണ്ണയുടെയുമാണെന്ന് മാത്രം..

The Big Lie About the Libyan War

https://wikileaks.org/clinton-emails/emailid/6528

Google search engine
Previous articleശിവശങ്കർ പുറത്തുതന്നെ : സസ്‌പെൻഷൻ നീട്ടി
Next articleകശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ വധിച്ച് സൈന്യം