ചീഫ് ഓഫ് ആർമി സ്റ്റാഫ് വിരാട് വിരമിയ്ക്കുന്നു : അംഗരക്ഷകനായ അശ്വരാജന് യാത്രമൊഴി ചൊല്ലി രാഷ്ട്രപതി,പ്രധാനമന്ത്രി

0

ഇന്ത്യയിന്ന് എഴുപത്തി മൂന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സായുധ സേനകളുടെ പരേഡും വ്യോമസേനയുടെ ഫ്ലൈ പാസ്റ്റും കണ്ട് വിസ്മയഭരിതരായി മടങ്ങുന്നവരിൽ, വിരാട് മാത്രം തിരിച്ചു പോകുന്നത് ദുഃഖത്തോടെയാണ്. കാരണം, അടുത്ത വർഷം മുതൽ അവനീ വേദിയിൽ ഉണ്ടാവില്ല.

വിരാട് ഒരു കുതിരയാണ്. രണ്ടു ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും കുലീന വിഭാഗമായ പ്രസിഡന്റസ് ബോഡിഗാർഡ്സിന്റെ സ്വകാര്യ അഹങ്കാരമാണ് ഈ അശ്വരാജാവ്. റിപ്പബ്ലിക് ദിന പരേഡിലെ ഏറ്റവും വിശ്വസ്തനായ കുതിരയായാണ് വിരാട് അറിയപ്പെടുന്നത്. വലിപ്പത്തിനും ഉയരത്തിനും സർവ്വോപരി, അച്ചടക്കത്തിനും പേരുകേട്ട വിരാട്, കരസേനയുടെ ഭാഗമാവുന്നത് 2003ലാണ്. അനായാസം പരിപാലിക്കാവുന്നതിനാലും, അച്ചടക്കമുള്ളതിനാലും അവൻ സംഘത്തെ നയിക്കുന്ന ‘ചാർജർ ഹോഴ്സ്’ ആയി ഉയർന്നു.

ടാങ്കർമെൻ, പാരാകമാൻഡോ ട്രെയിനിങ് ലഭിച്ച മിടുക്കരാണ് പ്രസിഡന്റസ് ബോഡിഗാർഡ്സ്. ഇവരോടൊപ്പം 13 തവണ വിരാട് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്. ഈ വർഷം, അവന്റെ അവസാനത്തെ റിപ്പബ്ലിക് ദിന പരേഡിൽ, വിരാടിന്മേൽ ആരൂഢനായിരുന്നത് കേണൽ അനൂപ് തിവാരിയാണ്. തലയുയർത്തി ഭാരതത്തിന്റെ സർവ്വസൈന്യാധിപനെ വണങ്ങിയ അവന്റെ മുഖം കാഴ്ചക്കാരന്റെ മനസ്സിൽ നിന്നും മായില്ല. ഇക്കഴിഞ്ഞ കരസേനാ ദിനത്തിൽ, ഗാംഭീര്യ പൂർവ്വമുള്ള തന്റെ സേവനത്തിന് ഇന്ത്യൻ കരസേന അവന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ബഹുമതി നൽകി ആദരിച്ചു.

രാഷ്ട്ര സേവനം പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്ന വിരാടിന് യാത്രാ മംഗളങ്ങൾ നേരാൻ, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നേരിട്ടത്തിയിരുന്നു. കുതിരയെ തൊട്ടുതലോടി സ്നേഹപൂർവ്വമാണ് രാജ്യത്തിന്റെ ഭരണാധികാരികൾ അവനെ യാത്രയാക്കിയത്.

Google search engine
Previous articleറിപ്പബ്ലിക് ദിനാഘോഷങ്ങളിലെ കാരണവർ : പ്രസിഡന്റിന് ഗൺസല്യൂട്ട് നൽകുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ പീരങ്കികളുടെ കഥ
Next article‘ഇതാ ഒന്ന് ചുംബിച്ചോളൂ’ : സ്ഥിരം വിമർശകയ്ക്കു നേരെ പട്ടിയുടെ പൃഷ്ഠം ഉയർത്തിക്കാട്ടി യു.എസ് ഗവർണർ