ചൈനയുടെ ടിബറ്റൻ അധിനിവേശവും ദലൈലാമയുടെ പാലായനവും : സമ്പൂർണ്ണ ലേഖനം

0

ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനാണ് ദലൈലാമ. ബോധിസത്വരിൽ പ്രഥമനായ ശുഭ്രപദ്മധാരി അവലോകിതേശ്വരന്റെ അവതാരമാണ് ലാമമാർ. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗെഡുൻ ദ്രുപയെയാണ് ഒന്നാമത്തെ ദലൈലാമയായി കണക്കാക്കപ്പെടുന്നത്. ഇപ്പോഴുള്ള ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ പതിനാലാമത്തെ ദലൈലാമയാണ്. ലാമോ തോൻഡുപ്പ് എന്നായിരുന്നു ബാല്യകാലത്തിൽ ദലൈലാമ അറിയപ്പെട്ടിരുന്നത്. 1937-ൽ, പതിമൂന്നാമത്തെ ദലൈലാമ തബ്റ്റെൻ ഗ്യാറ്റ്സോ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സ് തെക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞാണ് ഇരുന്നത്. ലക്ഷണ പ്രകാരം, ആ ദിശയിൽ പുതിയ ലാമ ജന്മമെടുത്തിട്ടുണ്ടാവണം എന്നാണ് ബുദ്ധരുടെ വിശ്വാസം. അതേ സമയത്തു തന്നെ, ബുദ്ധ സന്യാസിമാരുടെ ഒരാൾക്ക് പുതിയ ദലൈലാമയുടെ സൂചനകളെക്കുറിച്ച് ഒരു ദർശനവുമുണ്ടായി. അങ്ങനെ, ഉചിതമായ ഒരു മുഹൂർത്തത്തിൽ ഭരണകൂടത്തിന്റെ അനുമതിയോടെ ഒരു സംഘം ബുദ്ധസന്യാസിമാർ തങ്ങളുടെ പുതിയ നായകനെ അന്വേഷിച്ചിറങ്ങി. ദീർഘനാളത്തെ അലച്ചിലിനു ശേഷം അവരുടെ യാത്രയവസാനിച്ചത് നനഞ്ഞുലഞ്ഞ ജൂനിപ്പർ മരങ്ങളുള്ള ഒരു വീട്ടിലാണ്. ആഗമനോദ്ദേശം വെളിപ്പെടുത്താതെ, അവിടെ ഒരു രാത്രി തങ്ങാൻ സന്യാസിമാർ അനുവാദം ചോദിച്ചു. സന്തോഷത്തോടെ ആ വീട്ടുകാർ അനുവദിച്ചു. എന്നാൽ, അവരെ കണ്ടതും ആ വീട്ടിലെ രണ്ടു വയസുകാരൻ ലാമോ അവരെ നോക്കി ‘സെറാ ലാമ, സെറാ ലാമ’ എന്നുരുവിട്ടു. അവരുടെ ബുദ്ധവിഹാരത്തിന്റെ പേരായിരുന്നു സെറാ. കുട്ടിയെ ഒരാൾ വാത്സല്യപൂർവ്വം എടുത്തു കളിപ്പിക്കുന്നതിനിടെ, മറ്റുള്ളവർ, അവർ കൂടെ കൊണ്ടു വന്നിരുന്ന സാധനങ്ങൾ ഒന്നൊന്നായി എടുത്തു പുറത്തു വെച്ചു. അക്കൂട്ടത്തിൽ ഒരു മാല കണ്ടതും, കുട്ടി അതിനു വേണ്ടി വാശി പിടിച്ചു കരയാൻ തുടങ്ങി… യഥാർത്ഥത്തിൽ, അത് ദിവംഗതനായ പതിമൂന്നാമത്തെ ദലൈലാമയുടെ മാലയായിരുന്നു. തങ്ങളന്വേഷിച്ചു വന്നയാൾ ഇതു തന്നെയാണെന്ന് സന്തോഷത്തോടെ ആ ബുദ്ധസന്യാസിമാർ മനസ്സിലാക്കി. ടിബറ്റിനെ നാളെ നയിക്കേണ്ടവനാണ് തങ്ങളുടെ പുത്രനെന്നും,അവൻ ബോധിസത്വന്റെ അവതാരമാണെന്നും തിരിച്ചറിഞ്ഞപ്പോൾ ആ മാതാപിതാക്കൾക്കുണ്ടായ ആനന്ദം വർണ്ണനാതീതമാണ്. കാലം കടന്നു പോയി. മതപഠനത്തിന് ശേഷം, 1940-ൽ, ടിബറ്റൻ ബുദ്ധസന്യാസിമാരുടെ ഗെലൂഗ് വിഭാഗത്തിന്റെ ആത്മീയാചാര്യനായി ലാമോ അവരോധിക്കപ്പെട്ടു. ലാമോയുടെ നാമം, ജാംഫെൽ ൻഗ്വാങ് ലോബ്സങ്ങ് യെഷെ ടെൻസിൻ ഗ്യാറ്റ്സോ എന്നാക്കി മാറ്റപ്പെട്ടു. 15 വയസ്സിനുള്ളിൽ തന്നെ 60 ലക്ഷത്തിലധികം ബുദ്ധ സന്യാസികളുടെ ആത്മീയാചാര്യനായി, ദലൈലാമയായി അദ്ദേഹം മാറിയിരുന്നു. 1950-ലെ വേനൽക്കാലം, ഒരുദിവസം സ്നാനം ചെയ്ത് പുറത്തേക്ക് വരികയായിരുന്ന ദലൈലാമയ്ക്ക് പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെട്ടു. ശ്രദ്ധിച്ചപ്പോൾ കാലിനടിയിലെ ഭൂമി ഇളകുന്നത് അദ്ദേഹത്തിന് മനസ്സിലായി. പ്രപഞ്ച ശക്തികൾക്കു മേൽ സ്വാധീനം ചെലുത്തിയിരുന്ന ആ സന്യാസിവര്യന് അതൊരു സൂചനണെന്ന് മനസ്സിലായി. പിറ്റേദിവസം ലഭിച്ചൊരു കത്തിൽ, ടിബറ്റൻ അതിർത്തിയിൽ ചൈനീസ് സൈനികരുടെ ആക്രമണമുണ്ടായതായി രേഖപ്പെടുത്തിയിരുന്നു. കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഗവർണറായിരുന്നു കത്തയച്ചത്. ടിബറ്റിൽ ചൈനീസ് അധിനിവേശം സാധാരണമായിരുന്നു.മലകളാൽ ചുറ്റപ്പെട്ടു കിടന്ന ടിബറ്റിൽ ഇടയ്ക്കിടെ ചൈനക്കാർ ആക്രമണമഴിച്ചു വിടും. പിന്നീടവർ എതിർപ്പ് ശക്തമാകുമ്പോൾ പിൻവാങ്ങും അതായിരുന്നു പതിവ്. എന്നാൽ ഇപ്രാവശ്യം, ദ്രിച്ചു നദി മുറിച്ചു കടന്ന് എൺപതിനായിരത്തിലധികം വരുന്ന വലിയൊരു സൈന്യം ലാസ ലക്ഷ്യമാക്കി വരുന്നതായി മുന്നറിയിപ്പ് ലഭിച്ചു. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ദലൈലാമ ദക്ഷിണ ടിബറ്റിലേക്ക് താമസം മാറി. ഒക്ടോബർ മാസത്തോടെ, ടിബറ്റ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി കീഴടക്കി. 1951-ഓടെ ഈ പ്രശ്നത്തിൽ ഇടപെടാനും സഹായിക്കാനും അപേക്ഷിച്ചു കൊണ്ട് ദലൈലാമ ഓരോ സംഘത്തെ വീതം ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും അയച്ചു. സമാധാന ദൂതുമായി, ടിബറ്റ് ആക്രമിക്കരുതെന്ന അപേക്ഷയോടെ ഒരു നയതന്ത്ര സംഘത്തെ ചൈനയിലേക്കും അദ്ദേഹമയച്ചു. ചൈനയ്ക്ക് ടിബറ്റിനു മേൽ അവകാശമുണ്ടെന്നായിരുന്നു ബ്രിട്ടന്റെ വാദം. അമേരിക്കയും പ്രശ്നത്തിൽ ഇടപെടാൻ വിമുഖത കാണിച്ചു. എന്നാൽ, ചൈനയുടെ കൊടും ചതി ടിബറ്റൻ ജനതയും ലാമയും അറിഞ്ഞില്ല.നയതന്ത്ര സംഘത്തെ തോക്കിൻമുനയിൽ നിർത്തിക്കൊണ്ട് 17 നിബന്ധനകൾ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടിയിൽ മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് സർക്കാർ അവരെക്കൊണ്ട് ഒപ്പു വയ്പ്പിച്ചു. ടിബറ്റിനെ പ്രതിനിധീകരിച്ച് ഒപ്പിടാനുള്ള അധികാരം ടിബറ്റൻ സർക്കാർ നയതന്ത്ര സംഘത്തിന് നൽകിയിരുന്നില്ല. എന്നാൽ, ചൈനയ്ക്കാവശ്യം ലോകത്തിനു മുന്നിൽ ഒരു കരാറിന്റെ സാധുത സൃഷ്ടിക്കുക മാത്രമായിരുന്നു. ഒപ്പിടുന്നതിനു മുൻപ് തങ്ങളുടെ സർക്കാരിനെ ബന്ധപ്പെടണമെന്ന ടിബറ്റൻ നയതന്ത്ര പ്രതിനിധികളുടെ ആവശ്യം നിരാകരിക്കപ്പെട്ടു. വ്യാജ നിർമ്മിതിയിൽ അഗ്രഗണ്യരായ ചീനക്കാർ നിർമ്മിച്ച വ്യാജ ടിബറ്റൻ ഔദ്യോഗിക മുദ്രകളും സീലുകളും അവർക്കു മുന്നിൽ നിരത്തി വയ്ക്കപ്പെട്ടു. വലിയൊരു ആപത്തിലേയ്ക്കാണ് നടന്നു കയറിയത് എന്നു മനസ്സിലായ ടിബറ്റൻ പ്രതിനിധി സംഘം ജീവനെ ഭയന്ന് അവർ പറയുന്ന കരാറുകളിലെല്ലാം ഒപ്പിട്ടു കൊടുത്തു. 23 മെയ് 1951ന് ഒപ്പു വച്ച, 17 പോയിന്റ് എഗ്രിമെന്റ് എന്നറിയപ്പെട്ട ആ കരാർ ടിബറ്റിന്റെ സകല സ്വാതന്ത്ര്യത്തെയും തച്ചുടയ്ക്കുന്നതായിരുന്നു. ടിബറ്റെന്ന പരമാധികാര രാഷ്ട്രത്തെ ചൈനയുടെ കാൽക്കീഴിൽ കൊണ്ടു വരാനുള്ള ഗൂഢപദ്ധതി. ചൈനീസ് സൈന്യത്തിന് ടിബറ്റിൽ എവിടെ വേണമെങ്കിലും ക്യാമ്പുകൾ നിർമ്മിക്കാനും യഥേഷ്ടം വിഹരിക്കാനുമുള്ള അധികാരം, ടിബറ്റൻ സൈന്യത്തെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ലയിപ്പിക്കാനുള്ള അധികാരം എന്നിവയായിരുന്നു പ്രധാനമായും ആ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നത്. ടിബറ്റിൽ ഒരു മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ് നിർമ്മിക്കാനും, കാര്യങ്ങളെല്ലാം നോക്കി നടത്താൻ വേണ്ടി ഒരു മിലിറ്ററി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാനുള്ള ചൈനയുടെ ആവശ്യവും നിസ്സഹായരായി ടിബറ്റൻ നയതന്ത്ര പ്രതിനിധികൾ അംഗീകരിച്ചു കൊടുത്തു. ടിബറ്റൻ സൈന്യത്തിന്റെ പ്രതിഷേധം ആളിക്കത്തിയെങ്കിലും, ലാമയുടെ വാക്കുകൾ അവരെ തണുപ്പിച്ചു. കരാറിലെ അധികാരം ചൈന നടപ്പിലാക്കിത്തുടങ്ങി. മെല്ലെ മെല്ലെ, അത് തദ്ദേശ ജനതയോടുള്ള അക്രമത്തിനു വഴിമാറി. പിന്നീടുള്ള ഒൻപത് വർഷങ്ങൾ, ദലൈലാമയുടെ നയതന്ത്ര വൈദഗ്ധ്യവും ക്ഷമയും പരീക്ഷിക്കുന്നതായിരുന്നു. ഒരു വശത്ത് സ്വന്തം ജനങ്ങൾക്കു മേൽ ചൈനീസ് പട്ടാളക്കാരുടെ അതിക്രമങ്ങൾ, മറുവശത്ത് വർദ്ധിച്ചു വരുന്ന ടിബറ്റൻ ജനതയുടെ പ്രതിഷേധം. 1954-ൽ, സമാധാന ദൂതുമായി ദലൈലാമ തന്നെ നേരിട്ട് ചൈനയിലേക്കു പോയി. മാവോ സേതൂങ്, ചൗ എൻ ലായി, ഡെങ് സിയാവോ പിംഗ് തുടങ്ങിയ മുൻനിര ചൈനീസ് നേതാക്കളെ കണ്ട ലാമ, ടിബറ്റൻ ജനതയുടെ ദുരവസ്ഥ വിവരിച്ചെങ്കിലും, നിരീശ്വരവാദികളും കൊടും ക്രൂരരുമായ കമ്യുണിസ്റ്റ് കാട്ടാളന്മാർക്ക് ബുദ്ധന്റെ സ്നേഹവും ശാന്തിയും നിറഞ്ഞ ഭാഷ മനസ്സിലായില്ല. നിരാശനായ അദ്ദേഹം, അവസാന ശരണമായി നെഹ്റുവിനെ സമീപിക്കാൻ തീരുമാനിച്ചു. 1956-ലെ ഭഗവാൻ ശ്രീ ബുദ്ധന്റെ 2500-മത് ജന്മദിനം ആഘോഷിക്കാൻ വേണ്ടി ഇന്ത്യയിലെത്തിയ ദലൈലാമ, ജവഹർലാൽ നെഹ്റുവിന്റെ മുന്നിൽ അഭയം യാചിച്ചു. എന്നാൽ, ചൈനയെ പിണക്കാൻ താൽപര്യമില്ലാതിരുന്ന നെഹ്റു, നിർദാക്ഷിണ്യം ആ അപേക്ഷ നിരസിക്കുകയാണ് ചെയ്തത്. 30 വർഷത്തിലധികമായി ദലൈലാമയെ വ്യക്തിപരമായി അറിയാവുന്ന അലക്സാണ്ടർ നോർമാൻ എന്ന എഴുത്തുകാരൻ, തന്റെ ഗ്രന്ഥത്തിൽ അക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തെ ഉലയ്ക്കുന്ന യാതൊന്നും ചെയ്യാൻ ജവഹർലാൽ നെഹ്റു തയ്യാറായിരുന്നില്ല. ദലൈലാമയും നെഹ്റുവും തമ്മിലുള്ള കൂടിക്കാഴ്ച ഡൽഹിയിൽ വെച്ച് നടന്നിരുന്നു. സംഭാഷണത്തിന്റെ ആദ്യഘട്ടത്തിൽ, ലാമ പറയുന്നത് നെഹ്റു താൽപര്യപൂർവം ശ്രദ്ധിച്ചു കേട്ടിരുന്നു.എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയിരുന്നു. ക്രമേണ, അത് ഉറക്കം വരുന്നതിന്റെ ലക്ഷണങ്ങൾ വരെ പ്രകടമാക്കി”. ദലൈലാമയെ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തത് അലക്സാണ്ടർ നോർമാനാണ്.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ലോകത്ത് സ്വീകാര്യത ലഭിക്കുന്നത് എതിർത്തിരുന്ന അമേരിക്കയ്ക്ക് ചൈന ടിബറ്റ് കീഴടക്കുന്നത് താൽപര്യമില്ലായിരുന്നു.യു.എസ് ചാരസംഘടനയായ സി.ഐ.എ, ദലൈലാമയുടെ സഹോദരനായ ഗ്യാലോ തോൻഡുപ്പിന്റെ സഹായത്തോടെ വിപ്ലവകാരികൾക്ക് പരിശീലനം നൽകിത്തുടങ്ങി. യു.എസിലെ റോക്കി പർവതനിരകളിൽ അഞ്ച് മാസത്തോളം അവർക്ക് ഒളിയുദ്ധത്തിലും ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പരിശീലനം നൽകപ്പെട്ടു. വളരെ വൈകിയാണ് ഈ കാര്യം ദലൈലാമ പോലും അറിഞ്ഞത്. എന്നാൽ ഇക്കാര്യം എങ്ങനെയോ മണത്തറിഞ്ഞ ചൈന, ടിബറ്റിൽ സൈനിക വിന്യാസം കൂട്ടിത്തുടങ്ങി. എതിർത്ത ടിബറ്റൻ പൗരന്മാർ ഓരോരുത്തരായി കൊല്ലപ്പെട്ടു.ടിബറ്റൻ ബുദ്ധ വിഹാരങ്ങളും മൊണാസ്ട്രികളും ഒന്നൊന്നായി തകർക്കപ്പെട്ടു. കമ്യുണിസ്റ്റുകാർക്ക് അന്നും പാർട്ടി സ്റ്റഡി ക്ലാസുകൾ നടത്തുന്ന പരിപാടിയുണ്ടായിരുന്നു. ചൈനീസ് ദേശീയതയും കമ്മ്യൂണിസ്റ്റ് ആശയഭക്തിയും ചെയർമാനോടുള്ള വിധേയത്വവും ജനങ്ങളിലുണ്ടാക്കാൻ വേണ്ടിയായിരുന്നു അത്. ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരെ, ജനങ്ങൾ കാത് കൊടുക്കുന്നവരെ കോൺസെൻട്രേഷൻ ക്യാമ്പുകൾക്ക് സമാനമായ പുനർ വിദ്യാഭ്യാസ ക്യാമ്പുകളിൽ അടയ്ക്കാൻ ഉന്നതങ്ങളിൽ നിന്നും നിർദേശമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, 1958 മാർച്ചിൽ, സുൻഹ്വാ പ്രവിശ്യയിലുള്ള ബിംദോ ബുദ്ധവിഹാരത്തിലെ ജ്ഞാന പൽ റിംപോച്ചെയേയും പട്ടാളക്കാർ ക്യാമ്പിൽ അടച്ചു. ടിബറ്റിലെ പഞ്ചെൻ ലാമയെ പോലെ പ്രമുഖരായ മറ്റു പല ലാമമാർ, എന്തിനധികം, സാക്ഷാൽ ദലൈലാമയുടെ അടക്കം ഗുരുവായിരുന്നു ജ്ഞാന പൽ റിംപോച്ചെ.

ടിബറ്റൻ ജനങ്ങളിൽ രോഷം ആളിക്കത്തി. തടിച്ചു കൂടിയ നാലായിരത്തിലധികം പേർ ചൈനീസ് ടാസ്ക് ഫോഴ്സുമായി ഏറ്റുമുട്ടി.പൊരിഞ്ഞ പോരാട്ടത്തിൽ ചൈനീസ് സൈനിക തലവൻ വധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പട്ടാളക്കാർ നിരീശ്വരവാദികളും അന്യമതസ്ഥരെ പരിഹസിക്കുന്നവരുമായതിനാൽ തുർക്കിഷ് വംശജരായ സലർ മുസ്ലിങ്ങളും ഈ പ്രക്ഷോഭത്തിൽ ടിബറ്റൻ ബുദ്ധരോടൊപ്പം അണിനിരന്നു. സുൻഹ്വാ തെരുവിൽ അണിനിരന്ന പ്രക്ഷോഭകരെ നേരിടാൻ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രണ്ട് റെജിമെന്റ് അയക്കപ്പെട്ടു. വളരെ ക്രൂരമായാണ് ആ പ്രക്ഷോഭത്തെ ചൈനീസ് പട്ടാളം നേരിട്ടത്.നഗരത്തിന്റെ ഇരുവശത്തു നിന്നും ഇരച്ചു കയറിയ ചീനപ്പട എവിടെയൊക്കെ ആൾക്കൂട്ടം കണ്ടോ, അവിടെയൊക്കെ തുരുതുരാ വെടിയുതിർത്തു. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണ ജനങ്ങളായിരുന്നു. നാലു മണിക്കൂർ തികയുന്നതിനു മുൻപ് മാത്രം 435 പേർ കൊല്ലപ്പെട്ടു. ജനങ്ങൾ നിരായുധരാണെന്ന് കണ്ടിട്ടും പട്ടാളക്കാർ അവരെ വെടിവച്ചു വീഴ്ത്തിക്കൊണ്ടിരുന്നു. സുൻഹ്വാ പട്ടണത്തിൽ നിന്നും സൈന്യം പിൻവാങ്ങുമ്പോഴേക്കും 719 പേരെ ചൈന കൊന്നു തള്ളിയിരുന്നു. തന്റെ അറസ്റ്റിന്റെ പേരിൽ നടന്ന പ്രതിഷേധ സമരവും, അതിനെതിരെ നടന്ന മൃഗീയമായ കൂട്ടക്കൊലയും ജ്ഞാന പൽ റിംപോച്ചെ വൈകിയാണ് അറിഞ്ഞത്. എഴുനൂറിലധികം മനുഷ്യജീവനുകൾ താൻ നിമിത്തം നഷ്ടമായെന്ന മനോദുഃഖം താങ്ങാനാവാതെ ആ വന്ദ്യവയോധികൻ ക്യാമ്പിൽ ആത്മഹത്യ ചെയ്തു. ഈ സംഭവം ജനങ്ങൾക്കിടയിൽ തിബറ്റൻ ഗറില്ലകളുടെ സ്വാധീനം വർധിപ്പിച്ചു. ജനങ്ങൾ പരമാവധി പോരാളികളുമായി സഹകരിച്ചു തുടങ്ങി. സ്വതന്ത്ര ടിബറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജനിച്ചവരായി വിപ്ലവകാരികളെ ജനം കണ്ടു. ലാസയിൽ അവർക്ക് ശക്തമായ സ്വാധീനം സൃഷ്ടിക്കാൻ സാധിച്ചു. ലാസ, ടിബറ്റിന്റെ തലസ്ഥാനം നഗരം അറിയപ്പെടുന്നത് ‘വിലക്കപ്പെട്ട നഗരം’ എന്നാണ്. ക്ഷേത്രങ്ങളും ബുദ്ധ വിദ്യാലയങ്ങളും കൊണ്ട് സമ്പന്നമായ ലാസ, ടിബറ്റിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഈ നഗരത്തിന്റെ വിശുദ്ധിയും സംസ്കാരവും കാത്തു സൂക്ഷിക്കാൻ ടിബറ്റൻ ജനത ബദ്ധശ്രദ്ധരായിരുന്നു. അതു കൊണ്ടു തന്നെ, വിദേശികളുടെ ആഗമനവും താമസവും അവർ നിരുത്സാഹപ്പെടുത്തിയിരുന്നു. അതിനാലാണ് ലാസയ്ക്ക് ഈ പേരു ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റും ചൈനീസ് ഭരണത്തിന്റെ ശക്തികേന്ദ്രവുമായ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ പങ്കെടുത്തു സംസാരിക്കാൻ ദലൈലാമയെ ചൈന നിർബന്ധിച്ചു. ചൈനയിലെ ജനങ്ങളുടെ മുന്നിലും ലോകത്തിന്റെ മുന്നിലും ടിബറ്റിൽ ഭരണകൂടം നടത്തുന്ന കിരാത വാഴ്ചയെ വെള്ള പൂശിക്കാണിക്കുക എന്നതായിരുന്നു ചൈനയുടെ ഉദ്ദേശം. ദലൈലാമ പറഞ്ഞാൽ ടിബറ്റിൽ മറുവാക്കില്ല, അദ്ദേഹത്തിന്റെ ന്യായീകരണം ലോകത്തിന്റെ പ്രതിഷേധത്തെ നിശബ്ദമാക്കിക്കൊള്ളുമെന്നും ചൈന കണക്കുകൂട്ടിയിരുന്നു. ദലൈലാമയത് ചെയ്യില്ലല്ലെന്ന് അറിയുന്നതിനാൽ, വേണ്ടിവന്നാൽ അദ്ദേഹത്തെ തട്ടിക്കൊണ്ടു വരാനും മാവോ ഭരണകൂടം പദ്ധതിയിട്ടു. 1959 മാർച്ച്‌ ഒന്നാം തീയതി, ദലൈലാമയ്ക്കൊരു സന്ദേശം ലഭിച്ചു. ലാസയുടെ അടുത്തുള്ള നോർബുലിങ്കയിൽ, വരുന്ന പത്താം തീയതി നടക്കാൻ പോകുന്ന ദൃശ്യവിരുന്ന് ആസ്വദിക്കാൻ ലാമയെ ക്ഷണിച്ചു കൊണ്ട് ചൈനീസ് മിലിട്ടറി ജനറൽ സാങ് ചെൻവു എഴുതിയതായിരുന്നു അത്.ചൈനീസ് നൃത്ത കലാകാരന്മാർ ഒരുക്കുന്ന ആ വിരുന്നു നടക്കുക മിലിട്ടറി ഹെഡ് ക്വാർട്ടേഴ്സിലായിരുന്നു. ആദ്യം ലാമ നിരസിച്ചുവെങ്കിലും, പിന്നീട് അദ്ദേഹം ക്ഷണം സ്വീകരിച്ചു. എന്നാൽ വരുംദിനങ്ങളിൽ കൂടുതൽ അഭ്യർത്ഥനകൾ ചൈന മുന്നോട്ടുവെച്ചു. വിരുന്നിൽ ദലൈലാമ ഒറ്റയ്ക്ക് വേണം പങ്കെടുക്കാനെന്നും, അദ്ദേഹത്തിന്റെ സുരക്ഷാഭടന്മാർ അനുഗമിക്കേണ്ട കാര്യമില്ലെന്നും ജനറൽ വിനീതമായി അറിയിച്ചു. ലാമയുടെ സുരക്ഷിതത്വം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അത് ഭംഗിയായി നിർവഹിച്ചു കൊള്ളാമെന്നും ജനറൽ ഉറപ്പു നൽകി. സംശയാസ്പദമായ ഈ നിർദ്ദേശം എങ്ങനെയോ പുറത്തറിഞ്ഞതോടെ, ടിബറ്റൻ ജനതയൊന്നടങ്കം കടലു പോലെ ഇളകി മറിഞ്ഞു. തങ്ങളുടെ പരമാചാര്യനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനെതിരെ ടിബറ്റിലെ ആബാലവൃദ്ധം ജനങ്ങൾ തെരുവിലിറങ്ങി. ദലൈലാമയുടെ ലാസയിലെ കൊട്ടാരം കാക്കാൻ വേണ്ടി ചുറ്റും ജനങ്ങൾ തടിച്ചുകൂടി. ആയിരങ്ങൾ പതിനായിരങ്ങളായി, ലക്ഷങ്ങളായി. തങ്ങളുടെ ബുദ്ധനെ കാക്കാൻ ടിബറ്റൻ ജനത അഹോരാത്രം കാവൽ നിന്നു. ജനങ്ങളുടെ കനത്ത പ്രതിഷേധം തിരിച്ചറിഞ്ഞ ദലൈലാമ, പരിപാടിയിൽ പങ്കെടുത്തില്ല.

ഏതുനിമിഷവും കലാപം പൊട്ടിപ്പുറപ്പെടുമെന്ന് മനസ്സിലാക്കിയ ടിബറ്റൻ വിപ്ലവകാരികളും ഗറില്ലകളും ലാസയിലെ തന്ത്രപ്രധാനമായ മേഖലകൾ കൈയടക്കി. ബാരിക്കേഡുകളും ആയുധങ്ങളുമായി പീപ്പിൾസ് ലിബറേഷൻ ആർമിയും തയ്യാറെടുപ്പുകൾ തുടങ്ങി.മാർച്ച് പത്താം തിയതി, കനത്ത സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പാഗ്‌ബല സോയ്നം ഗ്യാംചോ എന്ന ഒരു ലാമയെ കൊലപ്പെടുത്തിയ ശേഷം ചൈനീസ് പട്ടാളക്കാർ ജനക്കൂട്ടത്തിന് മുന്നിലൂടെ കിലോമീറ്ററുകളോളം ശവം കുതിരയെക്കൊണ്ട് കെട്ടിവലിപ്പിച്ചു. ലാമമാരെ ദൈവിക തുല്യമായി കരുതിയിരുന്ന ജനങ്ങൾക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാർച്ച്‌ 12ന്, ഗുർട്ടെൻ കുൻസങ്ങ്, പാമോ കുൻസങ്ങ് എന്നീ സ്ത്രീകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വനിതകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇവർക്ക് നേരെ കിരാതമായ അക്രമമായിരുന്നു ചീനക്കാർ അഴിച്ചു വിട്ടത്. സ്ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളുടെയും മേലെ ചൈനീസ് വാഹനങ്ങൾ കയറിയിറങ്ങി. പ്രക്ഷോഭകാരികളുടെ നേരെ പീരങ്കി തിരിച്ച് പട്ടാളക്കാർ ഷെല്ലാക്രമണം നടത്തി. എണ്ണൂറിലധികം ഷെല്ലുകൾ തൊടുത്ത് ദലൈലാമയുടെ വേനൽകാലവസതി ചൈനക്കാർ പൊടിച്ചു കളഞ്ഞു. ചക്പൊരി ഹിൽ മെഡിക്കൽ കോളേജിൽ നിന്നും ബാർക്കോർ വരെയുള്ള പാത നൂറുകണക്കിന് ബുദ്ധസന്യാസിമാരുടെയും ജനങ്ങളുടെയും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു. റൈഫിളുകളുടെയും മെഷീൻ ഗണ്ണിന്റെ ഹാമറിന്റെയും ശബ്ദം ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ വ്യക്തമായി കേൾക്കാമായിരുന്നു. ടിബറ്റിന്റെ പുറം ലോകത്തേക്കുള്ള ഒരേയൊരു മാധ്യമമായ അവിടത്തെ റേഡിയോ ട്രാൻസ്മിറ്ററിൽ ആ ശബ്ദം വന്നലച്ചു. മാർച്ച്‌ 10 മുതൽ 23 വരെ നടന്ന ടിബറ്റൻ പ്രക്ഷോഭം എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനു പേർ ലാസയിൽ നിന്നും നാടു കടത്തപ്പെട്ടു.ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 12 മണിക്കൂറിൽ അധികമാണ് ചൈനീസ് പട്ടാളം ടിബറ്റൻ പൗരന്മാരുടെ ശവശരീരങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്.

മോഹൻലാൽ അഭിനയിച്ച യോദ്ധ എന്ന ചലച്ചിത്രത്തിൽ, സൂര്യഗ്രഹണം നോക്കി ഭാവി നിർണയിക്കുന്ന, രക്ഷകന്റെ വരവ് പ്രവചിക്കുന്ന ഒരു ലാമയുണ്ട്. ടിബറ്റൻ ബുദ്ധിസത്തിൽ നെച്ചുങ് എന്നാണ് ഈ വ്യക്തി അറിയപ്പെടുക.ആസ്ഥാന പ്രവാചകൻ എന്ന് വേണമെങ്കിൽ പറയാം. ദലൈലാമയെയും ബുദ്ധ ധർമ്മത്തെയും അപകടങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ഇയാളുടെ പ്രധാന കർത്തവ്യം. പ്രധാനമായ ഏതൊരു കാര്യവും ദലൈലാമ ഇയാളോട് അഭിപ്രായം ചോദിച്ച് മാത്രമേ തീരുമാനിക്കൂ. ആശയക്കുഴപ്പത്തിലായ ലാമ, മാർച്ച് 17-ന് നെചുങ്ങുമായി ഈ വിഷയം ചർച്ച ചെയ്തു. നിലവിലുള്ള നെചുങ്, ടിബറ്റിൽ നടക്കാൻ പോകുന്ന അധിനിവേശവും മുൻകൂട്ടി പ്രവചിച്ചിരുന്നു. ദലൈലാമയുടെ സന്ദർശനത്തിന്റെ ഉദ്ദേശം മനസ്സിലായ അദ്ദേഹം ‘ടിബറ്റ് വിടുക’ എന്നു മാത്രം ലാമയോട് പറഞ്ഞു. ധ്യാനത്തിൽ തെളിഞ്ഞതിനാൽ ഇക്കാര്യം നേരത്തെ ഊഹിച്ചിരുന്ന ദലൈലാമ, സ്ഥിരീകരണത്തിന് വേണ്ടിയാണ് നെചുങ്ങിനെ സമീപിച്ചത്. അതോടെ, ടിബറ്റ് ജനതയുടെ പരമാധികാരിയും രക്ഷിതാവുമായ ദലൈലാമ, രാജ്യം വിടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ദലൈലാമ അവസാനമായി തന്റെ ജനതയ്ക്ക് നൽകിയ സന്ദേശം ഇങ്ങനെയായിരുന്നു. “ടിബറ്റിൽ നിലവിലുള്ള സാഹചര്യങ്ങളെ പ്രത്യാശയുടെ ദീർഘവീക്ഷണത്തോടെ ജനങ്ങൾ നോക്കിക്കാണുക.പ്രവാസത്തിലും പുനരധിവാസം മാത്രമായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം.സത്യവും നീതിയും ആയുധമാക്കിയ നമ്മുടെ ഭാവി നിർണയിക്കപ്പെടും.ടിബറ്റ് സ്വാതന്ത്ര്യം വീണ്ടെടുക്കുക തന്നെ ചെയ്യും” 17 മാർച്ച്‌ 1959, രാത്രി പത്തുമണിയോടെ ഒരു സൈനിക വേഷത്തിൽ ദലൈലാമ തന്റെ കൊട്ടാരത്തിൽ നിന്നിറങ്ങി. ആറ് ക്യാബിനറ്റ് മന്ത്രിമാരോടും വിശ്വസ്തരായ 20 അനുചരരോടുമൊപ്പം ഒരു ജനതയുടെ കൺകണ്ട ദൈവമായിട്ടും വിധി വൈപരീത്യം കൊണ്ട് ജന്മനാട് വിട്ട് ആ നിസ്വന് പാലായനം ചെയ്യേണ്ടി വന്നു. മാർഗ്ഗമദ്ധ്യേ, ലാമയുടെ സുരക്ഷയ്ക്കായി വിശ്വസ്തരായ പല സൈനികരും വന്നു ചേർന്നു. പൂജ്യത്തിന് താഴെയുള്ള താപനില സൃഷ്ടിച്ച കൊടും തണുപ്പിൽ ആ സംഘം 15 ദിവസം ഹിമാലയത്തിലൂടെ സഞ്ചരിച്ചു. ചൈനീസ് പട്ടാളക്കാർ പിന്തുടരാതിരിക്കാൻ രാത്രി മാത്രമാണ് അവർ യാത്ര ചെയ്തത്. അശരണരെ എക്കാലവും നെഞ്ചോട് ചേർത്ത് പിടിച്ച വലിയൊരു സംസ്കാരത്തിന്റെ നടുവിലേക്ക് മാർച്ച്‌ 31ന് ഒരു വിശ്വാസി സമൂഹത്തിന്റെ ദൈവം അഭയം ചോദിച്ചു വന്നു കയറി. അരുണാചൽ പ്രദേശ് വഴി ഇന്ത്യയിലെത്തിയ ലാമയുടെ സഞ്ചാര കാലഘട്ടം മുഴുവൻ അദ്ദേഹം കൊല്ലപ്പെട്ടു എന്നായിരുന്നു ഭൂരിപക്ഷവും കരുതിയിരുന്നത്. ടിബറ്റിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിരുന്ന ഇന്ത്യൻ ഭരണകൂടം, ദലൈലാമയ്ക്ക് ഹാർദ്ദവമായ സ്വാഗതമേകി. ഹിമാചൽപ്രദേശിലെ ധരംശാലയിൽ ദലൈലാമയ്ക്കും കൂട്ടർക്കും വാസസ്ഥലം ഒരുക്കപ്പെട്ടു. ടിബറ്റൻ ബുദ്ധവിഹാരങ്ങൾ, ഈ സ്ഥലത്തിന് പിൽക്കാലത്ത് ‘ചെറിയ ലാസ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. ടിബറ്റൻ ഭാഷ, മതം, സംസ്കാരം എന്നിവ പഠിപ്പിക്കാൻ വേണ്ട സകല സൗകര്യങ്ങളും ഇന്ത്യ ആ യുവ ബുദ്ധന് ചെയ്തു കൊടുത്തു. ദലൈലാമ, ടിബറ്റ് നിയന്ത്രിക്കാൻ വേണ്ടി സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് ടിബറ്റ് എന്ന ഒരു വിദൂര ഭരണകൂടം ധരംശാല കേന്ദ്രീകൃതമാക്കി സ്ഥാപിച്ചു. മതാധിഷ്ഠിതവും സൗമ്യരുമായ ഒരു ജനതയെ, നിരീശ്വരവാദികളും സർവ്വോപരി മൃഗീയ വാസനയുള്ള ഒരു ഭരണകൂടം ആക്രമിച്ചു കീഴടക്കിയാൽ എങ്ങനെയായിരിക്കും അവരുടെ ഭാവി?. അതാണ് ടിബറ്റിൽ സംഭവിച്ചത്.

ഇനി പരാമർശിക്കുന്ന ഖണ്ഡികയിലെ വിവരങ്ങൾ 1999 മാർച്ച്‌ 17-ൽ കാനഡ ഗവൺമെന്റിന്റെ നേതൃത്വത്തിൽ, കനേഡിയൻ ജ്യൂവിഷ് കോൺഗ്രസ്സ്, കനേഡിയൻ സെന്റർ ഫോർ ഫോറിൻ പോളിസി ഡെവലപ്മെന്റ് എന്നീ സംഘടനകൾ അന്താരാഷ്ട്ര ന്യൂനപക്ഷ മത പീഡനം എന്ന ഈ വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധത്തെ ആസ്പദമാക്കിയാണ്. ഒരു രാജ്യം കീഴടക്കണമെങ്കിൽ ആദ്യം ചെയ്യുക അതിന്റെ പൈതൃകം നഷ്ടപ്പെടുത്തുകയാണ്. പരിഹസിക്കുക, അപമാനിക്കുക, വ്യർത്ഥമാണെന്ന് പ്രചരണം നടത്തുക എന്നീ മാർഗ്ഗങ്ങൾ അവലംബിച്ചാൽ സാധാരണ ഇതിൽ വിജയം നേടാൻ കഴിയും. എന്നാൽ, ചൈന ആദ്യം പ്രയോഗിച്ചത് പൈതൃക ചിഹ്നങ്ങളും മന്ദിരങ്ങളും ആക്രമിച്ചു നശിപ്പിക്കുക എന്ന നയമായിരുന്നു. വരാണസി, അയോധ്യ എന്നീ രണ്ടു പ്രദേശങ്ങൾ നശിപ്പിക്കപ്പെട്ടാൽ ഹിന്ദുമതത്തിലുണ്ടാവുന്ന സാംസ്കാരിക ക്ഷതമെന്താവുമോ അതു പോലെയുള്ള അപചയമായിരുന്നു ആംദോ, ഖാം എന്നീ രണ്ടു പ്രവിശ്യകൾ നശിച്ചപ്പോൾ ടിബറ്റിനു സംഭവിച്ചത്. ഏറ്റവുമധികം ബുദ്ധ വിഹാരങ്ങളും, ബുദ്ധ വിദ്യാലയങ്ങളും ചൈന നശിപ്പിച്ചു കളഞ്ഞത് പുണ്യപുരാതനമായ ഈ നഗരങ്ങളിലാണ്. അതിൽ മിക്കതും ഭഗവാൻ ശ്രീബുദ്ധന്റെ കാലം മുതൽ നിലവിലുള്ള പ്രാചീന വിദ്യാലയങ്ങളായിരുന്നു. 1950-70 വരെയുള്ള രണ്ട് ദശാബ്ദങ്ങൾ ഏറ്റവും ക്രൂരമായാണ് ചൈന എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത്. ദലൈലാമയ്ക്കൊപ്പം കുറച്ചു കാലത്തിനിടയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ബുദ്ധസന്യാസിമാർ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. രാജാവില്ലാത്ത ഒരു രാജ്യത്തെ പ്രജകളുടെ ഗതി നേരത്തെ മനസ്സിലാക്കിയ അവർ മാത്രം രക്ഷപ്പെട്ടുവെന്ന് വേണം പറയാൻ.അവരുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല. സിദ്ധാർഥനെ ഭഗവാൻ ശ്രീ ബുദ്ധനാക്കി മാറ്റിയ ഈ മണ്ണ് അവരെ ചതിച്ചില്ല. എന്നാൽ, വളരെ ദയനീയമായിരുന്നു ടിബറ്റിൽ ശേഷിച്ച മറ്റുള്ളവരുടെ സ്ഥിതി. എതിർത്തവരെ മുഴുവൻ തോക്കിനിരയാക്കിക്കൊണ്ട് ബുദ്ധ പാരമ്പര്യത്തിന്റെ അടയാളങ്ങൾ ഒന്നൊന്നായി ചൈനീസ് സർക്കാർ ഇടിച്ചു നിരത്തി. അഞ്ചു ദശാബ്ദത്തിനുള്ളിൽ അവർ കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിച്ചു നിരപ്പാക്കിയത് ആറായിരത്തിലധികം ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്. ആദ്യ ദശാബ്ദത്തിൽ തന്നെ ലക്ഷക്കണക്കിന് ബുദ്ധ സന്യാസിമാരും സന്യാസിനിമാരും മഠങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടു. പ്രാദേശികമായി സംഘടിച്ച് ഗറില്ലകളും വിപ്ലവകാരികളും അവരെ എതിർത്തു നിൽക്കാൻ നോക്കിയെങ്കിലും ചൈനയുടെ മൃഗീയമായ സൈനിക ശക്തിക്ക് മുന്നിൽ അതൊന്നും വിലപ്പോയില്ല. പിടികൂടിയവരെ മരണ വേദനയനുഭവിപ്പിച്ചു പീഡിപ്പിച്ച ശേഷമാണ് ചൈനീസ് പട്ടാളം കൊന്നിരുന്നത്. സാമൂഹിക പരിഷ്കരണം എന്ന ലേബലിൽ ടിബറ്റിനു മേൽ ചൈന പ്രത്യേക നിയമമേർപ്പെടുത്തി. രക്തം മരവിപ്പിക്കുന്ന ക്രൂരതകൾക്ക് ക്രമസമാധാനപാലനം എന്ന ഔദ്യോഗിക പരിരക്ഷ നൽകുകയായിരുന്നു ചൈനയുടെ ഉദ്ദേശം. ഇതു വഴി അന്താരാഷ്ട്ര പ്രതിച്ഛായ മങ്ങലേൽക്കാതെ സൂക്ഷിക്കാമെന്ന് ഭരണകൂടം കണക്കു കൂട്ടി. സാംസ്കാരിക വിപ്ലവം എന്നറിയപ്പെട്ട ഈ താവഴി തുടച്ചു നീക്കുന്ന പ്രക്രിയ നടപ്പിലാക്കാൻ, ഗെങ്കിസ് ഖാനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യമൃഗമായ മാവോ സേതൂങ് സൈന്യത്തിന് ടിബറ്റിൽ സമ്പൂർണ്ണ അധികാരം കൊടുത്തു. ടിബറ്റൻ ബുദ്ധ പൈതൃകത്തെ നിശബ്ദമായി ഉന്മൂലനം ചെയ്യുക എന്നതായിരുന്നു മാവോ നൽകിയിരുന്ന നിർദ്ദേശം. ടിബറ്റൻ പുനരുദ്ധാരണം എന്ന പേരിൽ ടിബറ്റിന്റെ തനത് വ്യക്തിത്വവും സാംസ്കാരിക അടയാളങ്ങളും നശിപ്പിക്കപ്പെട്ടു. ടിബറ്റിനെ പരിപൂർണ്ണമായും ചൈനയിൽ ലയിപ്പിക്കുക, ടിബറ്റ് എന്ന ബുദ്ധരാഷ്ട്രം ജനങ്ങളുടെ ഓർമ്മയിൽ നിന്നു പോലും മായ്ച്ചു കളയുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ലക്ഷ്യം. എന്നാൽ, മാവോ മരിച്ചതോടെ സ്ഥിതിഗതികളിൽ നേരിയൊരു മാറ്റമുണ്ടായി. പ്രത്യക്ഷത്തിൽ ബുദ്ധസന്യാസിമാരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതിനും പകരം പഴയ പാർട്ടി ക്ലാസ് നയം സിപിസി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി) വീണ്ടും പൊടി തട്ടിയെടുത്തു. 1987-ൽ തുടങ്ങിയ ഈ പുനരധ്യാപന ക്യാമ്പുകൾ, ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകൾ സമാനമായിരുന്നു. പതിനായിരക്കണക്കിന് പേരെ ചൈനീസ് സർക്കാർ ക്യാമ്പുകളിൽ അടച്ചു. ഓരോ ബുദ്ധസന്യാസിമാരിലും ചൈന അടുത്ത ദലൈലാമയെയാണ് കണ്ടത്.തടവിലാക്കിയവരിൽ മുക്കാൽഭാഗവും 30 വയസ്സിനു താഴെയുള്ള ബുദ്ധമത പ്രവർത്തകരായിരുന്നു. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ മതപഠനവും പ്രാർത്ഥനയും കർശനമായി വിലക്കിയിരുന്നു. പിടിക്കപ്പെട്ടാൽ മരണമായിരുന്നു ശിക്ഷ. സ്ത്രീകളെയും അവർ ഒഴിവാക്കിയില്ല. ടിബറ്റൻ സന്യാസിനിമാരെ തണുപ്പകറ്റുന്ന ജീവനുള്ള പുതപ്പുകളായി പട്ടാളക്കാർ ഉപയോഗിച്ചു. മനസു മരിച്ച ആ പെൺകുട്ടികൾ എതിർത്തു നിൽക്കാൻ പോലും അശക്തരായിരുന്നു. മഠങ്ങളിലെ പതിവു കാഴ്ചയെന്ന പോലെ ദുരൂഹ സാഹചര്യങ്ങളിൽ പല സന്യാസിനിമാരും പുലരുമ്പോൾ മരിച്ചു കിടന്നു. കത്തുന്ന നെഞ്ചോടെ ടിബറ്റൻ ജനത എല്ലാം കണ്ടു നിന്നു. കാരണം, 1972-ൽ, അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൺ, ചെയർമാൻ മാവോയുമായി നടത്തിയ ഒരു സംരക്ഷണത്തോടെ യു.എസ് ചാരസംഘടനയായ സിഐഎ, ടിബറ്റൻ വിപ്ലവകാരികൾക്ക് നൽകിയിരുന്ന സഹായങ്ങൾ ഒറ്റയടിക്ക് നിർത്തലാക്കിയിരുന്നു. ഇന്ത്യയിലിരുന്ന് നിശബ്ദമായി എല്ലാം വീക്ഷിക്കുന്ന ദലൈലാമയുടെ മനസു പോലും പൊള്ളിപ്പോയൊരു സന്ദർഭമായിരുന്നു അമേരിക്കയുടെ ആ അവസരവാദം. ആയുധം വെച്ച് കീഴടങ്ങിയാൽ, ഗറില്ലകളുടെ പേരിലുള്ള കുറ്റങ്ങൾ പിൻവലിക്കപ്പെടുമെന്ന് മാവോ ഉറപ്പു നൽകി. അന്നത്തെ പതിനായിരം രൂപയും അവർക്ക് നൽകാമെന്ന് ചൈന സമ്മതിച്ചു.ആ പണം കൊണ്ട് അവർക്ക് ഇന്ത്യയിൽ ഭൂമി വാങ്ങുകയോ, ടിബറ്റിൽ വ്യവസായം നടത്തുകയോ ചെയ്യാനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്ന ഉറപ്പു കൂടി ലഭിച്ചതോടെ കീഴടങ്ങിയത് 1,500 ഗറില്ലകളാണ്. ടിബറ്റൻ ജനതയുടെ പ്രതിരോധത്തിന്റെ നട്ടെല്ലായിരുന്നു അതോടെ തകർന്നത്. കാരണം, ഒളിപ്പോരിൽ വിദഗ്ധരായ സിഐഎ പരിശീലിപ്പിച്ച ഗറില്ലാ സൈന്യത്തിലെ പ്രധാന പോരാളികളായിരുന്നു കീഴടങ്ങിയ 1,500 പേരും.

ടിബറ്റൻ ജനതയുടെ പ്രതിരോധത്തിന്റെ മുനയൊടിഞ്ഞതു മനസ്സിലാക്കിയ ചൈന, തേർഡ് വർക്ക് ഫോറമെന്ന പേരിൽ ആധിപത്യ നിയമങ്ങൾ കർശനമാക്കി. ഫോറത്തിന്റെ തീരുമാനത്തിന്റെ ഫലമായി 1994-ൽ ടിബറ്റ് ജനതയുടെ മേൽ പുതിയ നയങ്ങൾ ഏർപ്പെടുത്തി. ചൈനീസ് സർക്കാരിന് വിശ്വസ്തൻ എന്നു തെളിയണമെങ്കിൽ ദലൈലാമയെ ഓരോ ബുദ്ധ സന്യാസിമാരും തള്ളിപ്പറയണമായിരുന്നു.ദലൈലാമയുടെ ചിത്രങ്ങൾ പൊതു സ്ഥലങ്ങളിലോ പത്രമാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടു. ബുദ്ധവിഹാരങ്ങളിൽ മാത്രമായി അവ ഒതുങ്ങി.സാമാന്യ ജനങ്ങൾക്ക് പിന്നെയും സ്വാതന്ത്ര്യമുണ്ടായിരുന്നു.അതേസമയം, 1996-ൽ ഈ നിയമം ചൈനീസ് സർക്കാർ പിന്നെയും കടുപ്പിച്ചു.ദലൈലാമയുടെ ചിത്രങ്ങൾ, ബുദ്ധ മത ചിഹ്നങ്ങൾ,ബുദ്ധപ്രതിമകൾ എന്നിവയെല്ലാം കർശനമായി നിരോധിക്കപ്പെട്ടു. ബുദ്ധ വിഹാരങ്ങൾ മുതൽ സന്യാസിനിമാരുടെ കിടപ്പറകളിൽ വരെ പരിശോധനയെന്ന പേരിൽ പട്ടാളക്കാർ കയറിയിറങ്ങി. അതേ വർഷം മെയ് മാസത്തിൽ, ലാസയിലെ ഗാൻഡെൻ ബുദ്ധ വിഹാരത്തിൽ പരിശോധനയ്ക്കു ചെന്ന പട്ടാളക്കാർ, ദുർബലമായി പ്രതിഷേധിച്ചതിന് ആറു ബുദ്ധ സന്യാസിമാരെയാണ് വെടിവെച്ചിട്ടത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ടിബറ്റിൽ നടന്നത്. അതിന്റെ പരിണതഫലം, 92 ബുദ്ധഭിക്ഷുക്കളെ ബുദ്ധവിഹാരം നിന്നും പുറത്താക്കി കൊണ്ടുള്ള ചൈനയുടെ നടപടിയാണ്. ദലൈലാമയെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലത്തിൽ ഒപ്പിടാത്തതായിരുന്നു അവർ ചെയ്ത കുറ്റം. 1996-ൽ പാർട്ടി പുനരധ്യാപന ക്യാമ്പുകൾക്ക് ഒരു ഓമനപ്പേര് നൽകപ്പെട്ടു. പാട്രിയോട്ടിക് എജുക്കേഷൻ ക്യാമ്പയിൻ എന്ന പേരിലറിയപ്പെട്ട സാമൂഹിക പുനർനിർമ്മാണം ലക്ഷ്യമിട്ടുള്ള ആ പദ്ധതി പ്രകാരം ഓരോ മതങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രചാരകർ അയക്കപ്പെട്ടു. ബുദ്ധന്റെയും പത്മസംഭവന്റെയും പ്രബോധനങ്ങളുയർന്ന ക്ഷേത്ര മണ്ഡപങ്ങളിൽ ബുദ്ധ സന്ന്യാസിമാർക്ക് അവർ മാവോ സൂക്തങ്ങൾ സുവിശേഷങ്ങളായി ചൊല്ലിക്കൊടുത്തു. എതിർക്കുന്നവരെയും അനുസരണക്കേട് കാണിക്കുന്നവരെയും തോക്കിനിരയാക്കാൻ ഗാർഡുകൾ പുറത്ത് കാവൽ നിന്നു. ടിബറ്റിനെ കോട്ട പോലെ ചുറ്റി നിന്ന ഗിരിശൃംഗങ്ങൾ പോലും തേങ്ങിയ കാലഘട്ടമായിരുന്നു അത്. ജീവനേക്കാൾ സ്നേഹിച്ച ധർമ്മത്തെ തള്ളിപ്പറയാൻ കഴിയാതെ നിരവധിപേർ കാൽനടയായി രാജ്യം വിട്ടു. പത്തു വർഷത്തിനുള്ളിൽ പതിനായിരത്തിലധികം പേർ അഭയം തേടി ഇന്ത്യയിലെത്തി. അതിലും എത്രയോ അധികം പേരാണ് കൊടും തണുപ്പും മഞ്ഞും സഹിച്ചുള്ള യാത്രയിൽ മരിച്ചു വീണത്. നിരവധി പേർ പിടിക്കപ്പെട്ടു, മാർഗമധ്യേ ചൈനീസ് പട്ടാളം വെടിവെച്ചു കൊന്നവരുടെ കണക്കുകൾ കൃത്യമായി അറിയുന്നത് ഒരു പക്ഷേ, ഹിമവാനു മാത്രമായിരിക്കും.

1995-ൽ, ടിബറ്റിലെ ഒരു ഇടയ കുടുംബത്തിൽ നിന്നും ഒരു കുഞ്ഞിനെ പത്താമത്തെ പഞ്ചെൻ ലാമയായി തിരഞ്ഞെടുത്തു. അവസാനവാക്ക്, ചൈനീസ് നിയന്ത്രിത ഭരണകൂടത്തിന്റെയായിരിക്കണം എന്ന കർശന നിയമം, കുഞ്ഞിനെ കണ്ടെത്തിയ പുരോഹിത വൃന്ദം അവഗണിച്ചു. ചടങ്ങുകൾ നിഷ്കർഷിക്കുന്നതിനാൽ, കുഞ്ഞിനെ തിരഞ്ഞെടുത്തിരിക്കുന്ന വിവരം ദലൈലാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പക്ഷേ, മറ്റൊരു കുട്ടിയെ തിരഞ്ഞെടുത്ത ഭരണകൂടം, അവനെ പാർട്ടി സ്റ്റഡി ക്ലാസിന് അയച്ച് ഉത്തമ കമ്മ്യൂണിസ്റ്റ് ലാമയായി വളർത്താൻ ആഗ്രഹിച്ചു. എന്നാൽ, ഇഞ്ചിഞ്ചായി പീഡിപ്പിച്ചിട്ടും, ബുദ്ധസന്യാസിമാർ ആരും അവനെ പഞ്ചെൻ ലാമയുടെ പുനർജന്മമായി അംഗീകരിച്ചില്ല. അംഗീകരിച്ചില്ല. കുപിതരായ ചൈനീസ് ഭരണകൂടം, പുരോഹിത വൃന്ദത്തിന്റെ തലവനായ ഛാദ്രെൽ റിൻപോച്ചെയെ ആറു വർഷം കഠിന തടവിന് ശിക്ഷിച്ചാണ് പ്രതികാരം ചെയ്തത്. പഞ്ചെൻ ലാമയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പോലും കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ജാഗ്രത ഇതാണെങ്കിൽ, ഇവിടെ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പതിനഞ്ചാമത്തെ ദലൈലാമയെ തെരഞ്ഞെടുക്കുന്ന ചടങ്ങ് ചൈനീസ് ഭരണകൂടത്തിന്റെ കിരാത ദംഷ്ട്രകൾ ഏതുവിധേനയും തടയുമെന്ന കാര്യം ഉറപ്പാണ്. കാരണം, മറ്റൊരു ദലൈലാമ ടിബറ്റിന്റെ മേലെയുള്ള ആധിപത്യത്തിന് ഭീഷണിയായി വളരുന്നത് ചൈനയ്ക്ക് ഏറ്റവും കനത്ത വെല്ലുവിളിയാകും എന്നത് തന്നെ.

ചൈനീസ് അധിനിവേശത്തിനു പിറകിൽ കൃത്യമായ വ്യവസായിക ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.സമൃദ്ധമായ ടിബറ്റിലെ പ്രകൃതി വിഭവങ്ങളിൽ മുൻപേ കണ്ണു വെച്ചിരുന്ന ചൈന, ഈ ഏഴു ദശാബ്ദങ്ങൾക്കുള്ളിൽ അവിടെ നിന്നും കടത്തിയ മുതലിന് കയ്യും കണക്കുമില്ല. 5,400 കോടി ഡോളർ, നിങ്ങൾക്ക് ചിന്തിക്കാനാകുമോ എത്ര വലിയ തുകയാണെന്ന്?, അത്ര രൂപയുടെ തടി മാത്രം ടിബറ്റിൽ നിന്നും ചൈന കടത്തിക്കഴിഞ്ഞു. ഫലം, ടിബറ്റിലെ വനങ്ങളുടെ 80 ശതമാനത്തിലധികം പരിപൂർണ്ണമായി നശിപ്പിക്കപ്പെട്ടു. വനങ്ങളാൽ നിബിഢമായിരുന്ന ടിബറ്റിലെ താഴ്‌വരകൾ ഇന്ന് മൊട്ടക്കുന്നുകളാണ്. ചൈനീസ് കമ്പനിയായ ബി.വൈ.ഡി, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് വാഹന നിർമാതാക്കളിൽ ഒന്നാണ്. ദക്ഷിണ ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ കമ്പനി തന്നെയാണ് ലോകത്തിലെ ഏറ്റവും ബൃഹത്തായ ലിഥിയം അയൺ ബാറ്ററി നിർമ്മാതാക്കൾ. ഇവരുടെ പ്രവർത്തിക്കാനാവശ്യമായ ലിഥിയം മുഴുവൻ ഖനനം ചെയ്തെടുക്കുന്ന ടിബറ്റിൽ നിന്നാണ്. വ്യവസായ ഭീമനായ വാറൻ ബഫറ്റ് ഈ കമ്പനിയുടെ ഓഹരിയുടമയാണ്.ചൈനയ്ക്കെതിരെ തികഞ്ഞൊരു ദേശീയ വാദിയായ ട്രംപ് പലപ്പോഴും നിസ്സഹായനായി പോകുന്നത് ഇത്തരം വൻസ്രാവുകൾ ചൈനയിൽ പണം മുടക്കിയത് കാരണമാണ്. ഛാബിർ സാക്ക തടാകത്തിലെ രക്തമൂറ്റിക്കുടിച്ചാണ് ചൈനീസ് കമ്പനികൾ ഇത്രയും ലിഥിയം തുരന്നെടുക്കുന്നത്. ഈ ഖനനത്തിതിനെതിരെ പ്രതിഷേധിച്ചവരെയെല്ലാം അധികൃതർ തന്നെ ഖനികളിൽ കൊന്നു തള്ളിയിട്ടുണ്ട്. ഗാൻഷിസു റോങ്ദ എന്ന കമ്പനിയാണ് ഇതിനു മുൻകൈ എടുക്കുന്നത്. സംസ്കരണത്തിന് ശേഷം അവസാനിക്കുന്ന രാസമാലിന്യങ്ങൾ എല്ലാം നദികളിലേക്കാണ് കമ്പനികൾ ഒഴുക്കിവിടുക. 2013 ഒക്ടോബറിൽ, കിഴക്കൻ ടിബറ്റിലെ ഗാജിക്കയിലെ ഖനിയുടെ ഉടമസ്ഥർ, അവിടെ നിന്നുള്ള വിഷപദാർത്ഥങ്ങൾ നേരെ നദിയിലേക്കൊഴുക്കി. വിഷലിപ്തമായ ജലം കുടിച്ചതിന്റെ ഫലമായി 30 കിലോമീറ്റർ ദൂരത്തുള്ള വളർത്തുമൃഗങ്ങളും വന്യജീവികളും കൂട്ടത്തോടെയാണ് നുരയും പതയുമൊലിപ്പിച്ചു ചത്തു വീണത്. 2016-ൽ, ഇതുപോലൊരു അശ്രദ്ധയുടെ ഫലമായി കന്നുകാലികളും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ ചത്തു പൊങ്ങിയിയിരുന്നു. അന്ന് ടിബറ്റ് നടത്തിയ പ്രക്ഷോഭം എങ്ങനെയോ പുറംലോകം അറിഞ്ഞതോടെയാണ് ഇക്കാര്യത്തിന് മാധ്യമശ്രദ്ധ ലഭിക്കുന്നത്. 2014-ൽ, ഗ്രീൻപീസ് ഈസ്റ്റ്‌ ഏഷ്യ വിഭാഗം ചൈനയിൽ നടക്കുന്ന പ്രകൃതി വിഭവം ചൂഷണത്തെപ്പറ്റി വ്യക്തമായി റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും, ചൈന ഇപ്പോഴും നിർബാധം ക്രൂരത തുടരുകയാണ്.

2008 മാർച്ചിൽ, 1959-ലെ ടിബറ്റൻ വിപ്ലവത്തിന്റെ സമാധാനപരമായ ഓർമ്മ പുതുക്കൽ നടത്താൻ ടിബറ്റൻ ജനത തീരുമാനിച്ചു.അന്യായമായി തടവിലാക്കിയിരിക്കുന്ന ബുദ്ധ സന്യാസിമാരുടെ യും സന്യാസിനിമാരുടെയും മോചനത്തിനുവേണ്ടി അവർ തെരുവിലൂടെ സമാധാനപരമായി നടത്തിയ ജാഥയ്ക്കു നേരെ ചൈനീസ് പട്ടാളം ടിയർഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ജനങ്ങളിൽ ഒരു വിഭാഗം ശക്തമായി തിരിച്ചടിച്ചു. ബുദ്ധ സന്യാസിനിമാരെ തടവറകളിൽ ചൈനീസ് പട്ടാളക്കാർ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയരാക്കുന്ന വാർത്തകൾ, ആയിടെ പുറത്തു വന്നിരുന്നു. ഇതു മനസ്സിൽ കിടന്നു പുകഞ്ഞിരുന്ന ടിബറ്റൻ യുവാക്കൾ ചൈനീസ് പട്ടാളത്തിനോട്‌ ഏറ്റുമുട്ടി. എന്നാൽ, 2008-ൽ നടത്തേണ്ട ബെയ്ജിങ് ഒളിമ്പിക്സിനുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്ന ചൈനീസ് ഭരണകൂടം, അതിക്രൂരമായി ഈ അക്രമം അടിച്ചമർത്തി. ചൈന ആദ്യം ചെയ്തത്, ടിബറ്റിലേക്കുള്ള വിദേശ മാധ്യമങ്ങളുടെ പ്രവേശനം നിരോധിക്കുകയായിരുന്നു. തൊട്ടുപിറകെ വിന്യസിക്കപ്പെട്ട 5,000 ട്രൂപ്പുകളിലെ സൈനികർ, സമരക്കാരെ റോഡിൽ പട്ടിയെപ്പോലെ വെടി വെച്ചിട്ടു. ഏതാണ്ട് 18 പേർ മരിച്ചുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, കൊല്ലപ്പെട്ടവരുടെ യഥാർത്ഥ കണക്ക് നൂറ്റി നാല്പതിനടുത്തായിരുന്നു. 2009 മുതൽ ഏതൊരു കഠിനഹൃദയന്റെയും ഹൃദയം തകരുന്ന കാഴ്ചകൾക്കാണ് ടിബറ്റ് സാക്ഷ്യം വഹിച്ചത്.

പ്രത്യാശയുടെ അവസാന കിരണങ്ങൾ നഷ്ടപ്പെട്ട ബുദ്ധഭിക്ഷുക്കൾ ജനസഹസ്രങ്ങളെ സാക്ഷിയാക്കി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു തുടങ്ങി. താപേ എന്ന 25 വയസുകാരനായ ബുദ്ധഭിക്ഷുവാണ് ടിബറ്റിന്റെ ആദ്യ രക്തസാക്ഷി. കിർദി ബുദ്ധവിഹാരത്തിലെ സന്യാസിയായിരുന്നു താപേ. ചൈനീസ് സർക്കാർ, അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ നിരോധിച്ചതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 27-ന് താപേ, നടുറോഡിൽ വെച്ച് സ്വയം അഗ്നിക്കിരയായി. എന്നാൽ, പിശാച് പോലും ലജ്ജിച്ചു പോകുന്ന ക്രൂരമായിരുന്നു ചൈനീസ് പടയാളികൾ ചെയ്തത്. തീപ്പന്തം പോലെ കത്തുന്ന ആ യുവസന്യാസിയുടെ നെഞ്ചു നോക്കി അവർ നിറയൊഴിച്ചു. 2011-ൽ, പട്ടാളക്കാരുടെ ആക്രമണത്തിൽ 10 ബുദ്ധഭിക്ഷുക്കൾ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്, ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുമ്പോൾ ഫുൻസോങ് എന്ന യുവസന്യാസിയ്ക്ക് പ്രായം വെറും 20 വയസായിരുന്നു. ങാബ പ്രവിശ്യയിൽ നടുറോഡിൽ വച്ച് ശരീരത്തിൽ അടിമുടി തീ പടർന്നു കയറുമ്പോൾ, അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞത് “ദലൈലാമ സൗഖ്യത്തോടെ പതിനായിരം വർഷം ജീവിക്കട്ടെ” എന്നാണ്.

നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, എന്നാൽ, 28 സ്ത്രീകളും 128 പുരുഷന്മാരും അടക്കം 156 ബുദ്ധസന്യാസിമാരാണ് ടിബറ്റിൽ ബുദ്ധധർമ്മം സംരക്ഷിക്കാൻ പച്ച ജീവനോടെ കത്തിയെരിഞ്ഞത്…. ഇക്കൂട്ടത്തിൽ,16 വയസ്സ് തികയാത്തവർ മുതൽ പടു വൃദ്ധർ വരെയുണ്ട്. ഇവരിൽ നിന്നും ഭാരതത്തിലെ ഹൈന്ദവർക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇക്കഴിഞ്ഞ ഏഴു ദശാബ്ദത്തിനുള്ളിൽ ടിബറ്റിൽ കൊല്ലപ്പെട്ടത് ഏതാണ്ട് 12 ലക്ഷം ബുദ്ധസന്യാസിമാരാണ്. കർശനമായ മാധ്യമ നിയന്ത്രണം ഉണ്ടായിട്ടും പുറത്തറിഞ്ഞ സംഖ്യ ഇതാണെങ്കിൽ, യഥാർത്ഥ സംഖ്യ ഇതിലും എത്രയോ അധികമായിരിക്കും. മാവോയുടെ ഭ്രാന്തൻ ആശയങ്ങളിൽ നിന്നും ബുദ്ധധർമ്മത്തെ സംരക്ഷിച്ചു പിടിക്കാൻ, ടിബറ്റിൽ സ്വാതന്ത്ര്യത്തിന്റെ പുലരി ആസ്വദിച്ചു കൊണ്ട് നിത്യനിദ്രയെ പുൽകാൻ ഓരോ ബുദ്ധസന്യാസിയ്ക്കും ഭാഗ്യമുണ്ടാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

Google search engine
Previous articleഫിലിപ്പീൻസിൽ 92 പേരുമായി പോയ സൈനിക വിമാനം തകർന്നു : 17 മരണം
Next articleഇസ്രായേലി കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ വച്ച് ആക്രമിക്കപ്പെട്ടു : പ്രയോഗിച്ചത് അജ്ഞാത ആയുധമെന്ന് റിപ്പോർട്ടുകൾ