ചൈനയ്ക്ക് ഇസ്രായേലിന്റെ അനധികൃത ക്രൂയിസ് മിസൈൽ വില്പന : നയതന്ത്രബന്ധങ്ങളിലെ രഹസ്യ സമവാക്യങ്ങൾ

0

ജറുസലേം: ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വില്പന നടത്തിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് ഇസ്രായേലി ഭരണകൂടം. മൂന്ന് കമ്പനികളിലെ 10 പേരെയാണ് അനധികൃത ആയുധ കച്ചവടവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്. ഇസ്രായേലി സ്റ്റേറ്റ് അറ്റോർണി ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇസ്രായേലി ഡ്രോൺ നിർമ്മാതാവായ എഫ്രയിം മെനാഷ് എന്നയാളാണ് ഈ അനധികൃത കച്ചവടത്തിന്റെ ഇടനിലക്കാരനെന്ന് അധികൃതർ വ്യക്തമാക്കി. സൈനിക ആവശ്യത്തിനുള്ള ക്രൂയിസ് മിസൈലുകൾ നിർമ്മിച്ച്, വിൽപ്പന ഉറപ്പിച്ച്, കയറ്റുമതി നടത്തി എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്നോകോൺ എന്ന ഡ്രോൺ കമ്പനിയുടെ പേരിലും സമാനമായ കുറ്റം ചാർജ് ചെയ്തിട്ടുണ്ട്. ഉന്നതരായതിനാൽ, പല പ്രമുഖരുടെയും പേര് പുറത്തു വന്നിട്ടില്ല.

മിസൈലുകൾ ഫലപ്രദമായി പരീക്ഷണം നടത്തിയതിനു ശേഷമാണ് ഇവർ ചൈനയ്ക്ക് വിറ്റതായി കണ്ടെത്തിയിരിക്കുന്നത്. മിസൈൽ പരീക്ഷണങ്ങൾ, ആൾപ്പാർപ്പുള്ള സ്ഥലങ്ങളുടെ അടുത്താണ് നടത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് ഡോളർ ഇതിനു പ്രതിഫലമായി അവർ കൈപ്പറ്റിയതായും അധികൃതർ കണ്ടെത്തി. എന്നാൽ എത്രയെണ്ണം വിറ്റുവെന്നോ ചൈന ഈ മിസൈലുകൾ എന്തു ചെയ്തെന്നോ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

കറതീർന്ന മികവു കാഴ്ചവെക്കുന്ന മൊസാദ് പോലൊരു ചാരസംഘടനയുടെ രാഷ്ട്രത്തിൽ ക്രൂയിസ് മിസൈൽ പരീക്ഷണങ്ങൾ അനധികൃതമായി നടന്നു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.  അധികൃതർ അറിയാതെ നടന്നുവെന്നു പറയുമ്പോൾ വിശ്വസിക്കാൻ അതിലും പ്രയാസമാണ്. അതിനാൽ തന്നെ, ലോകരാഷ്ട്രങ്ങൾ ആശങ്കയോടെയാണ് ഈ സംഭവത്തെ ഉറ്റുനോക്കുന്നത്.

Google search engine
Previous article0 രൂപ നോട്ട് കണ്ടിട്ടുണ്ടോ? : എന്നാണ്, എന്തിനാണ് അത് പ്രിന്റ് ചെയ്തതെന്നറിയാമോ.?
Next articleതളർന്നു കിടക്കുന്നയാൾ ചിന്തിച്ചത് ട്വീറ്റ്‌ ചെയ്തു : ലോകത്തിലെ ആദ്യത്തെ സംഭവം, നിർണായക കണ്ടുപിടുത്തമായി മൈക്രോചിപ്