ജോർദാൻ രാജാവ്, ഷക്കീറ, സച്ചിൻ ടെണ്ടുൽക്കർ, ഷെയ്ഖ് മുഹമ്മദ്, പുടിന്റെ വെപ്പാട്ടി : ലോകസമ്പത്തിന്റെ സിംഹഭാഗവും പൂഴ്ത്തി വച്ചിരിക്കുന്നവരെ വെട്ടിലാക്കി “പൻഡോറ പേപ്പേഴ്സ്” പുറത്ത്

0

ന്യൂയോർക്ക്: ലോകസമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്നവരെ പറ്റിയുള്ള വിവരങ്ങൾ ചോർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.”പൻഡോറ പേപ്പേഴ്സ്” എന്നറിയപ്പെടുന്ന ഈ റിപ്പോർട്ടുകൾ 14 ഓഫ്ഷോർ ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നാണ് ചോർന്നിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ ഇന്റർനാഷണൽ കൺസോർഷ്യം പഠന വിധേയമാക്കുകയും വിലയിരുത്തുകയും ചെയ്ത ഈ റിപ്പോർട്ടുകളിൽ, നൂറിലധികം നിഗൂഢരായ ശതകോടീശ്വരൻമാരെ കുറിച്ചുള്ള വിവരങ്ങളുണ്ട്.

ഇതു കൂടാതെ, ലോകത്തെ ഇപ്പോഴത്തെയും മുൻപത്തെയും ശക്തരായ 35 ലോകനേതാക്കൾ, 300 പൊതു പ്രവർത്തകർ എന്നിവരുടെ കണക്കറ്റ സമ്പാദ്യങ്ങളുടെ വിവരങ്ങളും ഇപ്പോൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. വിദേശ മാധ്യമമായ വാൾസ്ട്രീറ്റ് ജേണലാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രമുഖരുടെ ലിസ്റ്റിൽ, ഷെൽ കോർപ്പറേഷനുകൾ മുഖാന്തിരം തന്റെ സമ്പാദ്യം നിക്ഷേപിക്കുന്ന ജോർദാൻ രാജാവ് കിംഗ് അബ്ദുള്ള രണ്ടാമനും പോപ്പ് ഗായിക ഷക്കീരയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ഉൾപ്പെടുന്നു.

ഷെൽ കോർപ്പറേഷനുകൾ ഉപയോഗിച്ച് 14 അത്യാഡംബര വസതികളാണ് അബ്ദുല്ല രാജാവ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. 800 കോടിയോളം വില വരുന്ന ഇവയിലധികവും അമേരിക്കയിലും ബ്രിട്ടനിലുമാണ്. അസർബൈജാൻ ഭരിക്കുന്ന രാജകുടുംബമായ അലിയേവ്, 500 മില്യൺ വില വരുന്ന ബ്രിട്ടീഷ് വസ്തുവകകളുടെ കച്ചവടം നടത്തിയിട്ടുണ്ട്. അതിൽ ചിലത് രാജ്ഞിയുടെ സ്വകാര്യ നിക്ഷേപത്തിലേക്കാണ് പോയിരിക്കുന്നത്.

ചെക്ക് പ്രധാനമന്ത്രി ആൻഡ്രെ ബാബിസ്, ഒരു തീരദേശ നിക്ഷേപ കമ്പനിയുപയോഗിച്ച് ദക്ഷിണ ഫ്രാൻസിൽ 22 മില്യൻ യു.എസ് ഡോളർ വില വരുന്ന കൂറ്റൻ കൊട്ടാരം വാങ്ങിയിട്ടുണ്ട്. റഷ്യയിലെ വമ്പൻ സ്രാവായ ഒരു കോടീശ്വരന്റെ കണക്കറ്റ സ്വത്തുക്കൾ ഒളിപ്പിക്കുന്നത് സൈപ്രസ് പ്രസിഡന്റിന്റെ നിയമ സ്ഥാപനമാണെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യയും 8.8 മില്യൺ ഡോളർ വിലയുള്ള ഓഫീസ് കെട്ടിടസമുച്ചയം വാങ്ങിയപ്പോൾ, നാലര ലക്ഷം യു.എസ് ഡോളർ ടാക്സ് തുക വെട്ടിച്ച കാര്യവും റിപ്പോർട്ടുകളിലുണ്ട്.

ശക്തനായ റഷ്യൻ ഭരണാധികാരി വ്ലാദിമിർ പുടിന്റെ
ദീർഘകാല കാമുകിയെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്വെറ്റ്ലാന ക്രിവോനോഗിക് എന്ന വനിതയുടെ നാമവും ലിസ്റ്റിലുണ്ട്. ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതിന് തൊട്ടുപിന്നാലെ, മൊണാക്കോയിൽ ഇവരുടെ പേരിൽ ഒരു അത്യാഡംബര വസതി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നു രേഖകളിൽ വ്യക്തമാണ്. ഇത് പുടിന്റെ കുഞ്ഞാണെന്നാണ് മോസ്കോയിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു റഷ്യൻ ഓവർസീസ് കമ്പനിയാണ് ഇതിന് ചരടു വലിച്ചതെന്നും ശ്രദ്ധേയമാണ്. അളവറ്റ സമ്പത്തുള്ള പുട്ടിന്റെ ഒരു സുഹൃത്തിന്റെ സ്ഥാപനത്തിലാണ് സ്വെറ്റ്ലാന ജോലി ചെയ്തിരുന്നത്.

പ്രമുഖ പോപ്പ് ഗായിക ഷക്കീര, ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ്, ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി, കെനിയൻ പ്രസിഡന്റ് ഉഹുരു കെന്യട്ട തുടങ്ങി നിരവധി പ്രബല വ്യക്തിത്വങ്ങളുടെ പേരും രേഖകളിൽ ഉൾപ്പെടുന്നു.
ഈ സഹസ്ര കോടീശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യൻ സാന്നിധ്യവുമുണ്ട്. വിഖ്യാത ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ പേരാണ് പൻഡോറ പേപ്പേഴ്സിൽ പരാമർശിക്കുന്നത്.

ഓഫ്ഷോർ ബാങ്കിംഗ് നിയമപരമായി തെറ്റല്ല. ജനങ്ങളുടെ മുൻപിലുള്ള “സാധാരണക്കാരൻ” എന്ന ഇമേജ് കളയാതിരിക്കാൻ വേണ്ടി പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും തങ്ങളുടെ സമ്പത്ത് രഹസ്യമായി സൂക്ഷിക്കാൻ കാലങ്ങളായി ഉപയോഗിച്ചു വരുന്ന വഴികളിൽ ഒന്നാണിത്. എൻഫോഴ്സ്മെന്റ്, ഇൻകം ടാക്സ് എന്നിവയുടെ കണ്ണു വെട്ടിക്കാൻ ഇന്ത്യയിലെ കള്ളപ്പണക്കാരും ഈ മാർഗം തന്നെയാണ് അവലംബിക്കുന്നത്.

Google search engine
Previous articleകപ്പലിൽ മയക്കുമരുന്ന് പാർട്ടി : സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ കസ്റ്റഡിയിൽ
Next articleഫ്യുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി