പൊട്ടിത്തെറിക്കാൻ വന്ന ചാവേറിനെ പറ്റിച്ച് ടാക്സിക്കാരൻ വണ്ടിയ്ക്കകത്ത് പൂട്ടി : ഭീകരൻ പൊട്ടിത്തെറിച്ചത് ഒറ്റയ്ക്ക്

0

ലിവർപൂൾ: കൂട്ടക്കൊല ആസൂത്രണം ചെയ്ത് ബോംബുമായി വന്ന ചാവേറിനെ കബളിപ്പിച്ച് ടാക്സിക്കാരൻ വണ്ടിയ്ക്കകത്തിട്ട് പൂട്ടി. ബ്രിട്ടനിലെ, ലിവർപൂൾ നഗരത്തിലെ ടാക്സി ഡ്രൈവറായ ഡേവിഡ് പെറിയാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്.

നിരവധി സൈനികരുടെ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്ന സ്മൃതി മണ്ഡപത്തിനു സമീപമുള്ള ആംഗ്ലിക്കൻ കത്തീഡ്രലിലേക്കാണ് ഭീകരൻ ഓട്ടം വിളിച്ചത്. 1,200 സൈനികർ കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാൽ, ട്രാഫിക് ബ്ലോക്ക് കാരണം ഇയാൾ തൊട്ടടുത്തുള്ള സിറ്റി സെന്ററിലേക്ക് വണ്ടി തിരിക്കാൻ പറഞ്ഞു. യാത്രാമധ്യേ ലിവർപൂൾ വുമൺസ് ഹോസ്പിറ്റൽ കണ്ടതോടെ, കാർ ഹോസ്പിറ്റലിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടുവെന്ന് ഡ്രൈവർ പറയുന്നു. ഇതിനിടയിൽ, ഭീകരന്റെ വസ്ത്രത്തിനുള്ളിൽ ഘടിപ്പിച്ച ലൈറ്റ് മിന്നുന്നത് ഡ്രൈവറായ ഡേവിഡിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ, ഞൊടിയിടയിൽ കാർ നിർത്തി പുറത്തിറങ്ങിയ ഡേവിഡ്, വണ്ടി ലോക്ക് ചെയ്ത് ഓടി മാറുകയായിരുന്നു.

ഡ്രൈവർ ഓടി നീങ്ങിയതോടെ, ഭീകരൻ, വണ്ടിയ്ക്കുള്ളിലിരുന്ന് സ്വയം പൊട്ടിത്തെറിച്ചു. വൻസ്ഫോടനത്തിന്റെ ആഘാതത്തിൽ ഡേവിഡിന്റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന് ദേഹമാസകലം ചെറുതായി മുറിവേറ്റിട്ടുണ്ട്. എന്തായാലും, വലിയൊരു ദുരന്തം ഒഴിവാക്കിയ ഡ്രൈവറെ ജനങ്ങൾ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ്. സംഭവത്തിൽ, പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Google search engine
Previous articleത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന വ്യാജപ്രചാരണവുമായി രാഹുൽ ഗാന്ധി : ആഞ്ഞടിച്ച് ബിജെപി
Next articleഅസിലത ഗോഡ്സെ,അഥവാ ഹിമാനി സവർക്കർ : രണ്ട് പ്രശസ്ത കുടുംബങ്ങളെ കൂട്ടിയിണക്കിയ അഗ്നിപുഷ്പം