യു.എസ്- ഓസ്ട്രേലിയ ആണവ അന്തർവാഹിനി കരാർ : പ്രകോപിതരായി ചൈന, പിന്നിൽ നിന്നു കുത്തിയെന്ന് ഫ്രാൻസ്

0

സിഡ്നി: യു.എസ് നിർമിത ആണവ അന്തർവാഹിനികൾ സ്വന്തമാക്കാനൊരുങ്ങി ഓസ്ട്രേലിയ. ചൈനയുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെയാണ് ഓസ്ട്രേലിയയുടെ ഈ തീരുമാനം.

യു.എസ്-യു.കെ- ഓസ്ട്രേലിയ എന്നീ ത്രിരാഷ്ട്ര സഖ്യങ്ങൾ രൂപപ്പെട്ടതോടെ, ചൈനയുടെ സമുദ്ര മേൽക്കോയ്മകൾക്ക് വിഘാതമാവുമോ എന്ന ഭയം മൂലമാണ് ചൈനയുടെ ഈ എതിർപ്പ്. ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനികൾ നൽകാനുള്ള യു.എസ് തീരുമാനത്തെ, “സ്വന്തം കാലിൽ വെടിവെയ്ക്കുന്നു” എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഈ കൂട്ടായ്മയിലെ ഓസ്ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങൾ ക്വാഡ് കൂട്ടായ്മയിലും അംഗങ്ങളാണ് എന്നത് അപായസൂചനയായാണ് ചൈന കാണുന്നത്.

എന്നാൽ, ചൈനയുടെ തദ്ദേശ ആണവ അന്തർവാഹിനി നിർമ്മാണ പദ്ധതികൾ നിർബാധം മുന്നോട്ടു പോകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ഓസ്ട്രേലിയയ്ക്കും സ്വന്തം രാഷ്ട്ര താൽപര്യങ്ങളുണ്ടെന്നും അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര സമുദ്രാതിർത്തികൾ അന്താരാഷ്ട്ര സമുദ്രാതിർത്തികളായും, അന്താരാഷ്ട്ര വ്യോമാതിർത്തികൾ അന്താരാഷ്ട്ര വ്യോമാതിർത്തികളായും തന്നെ തുടരണമെന്നും, അത് ഉറപ്പു വരുത്തുവാൻ തങ്ങൾ ശ്രമിക്കുമെന്നുമുള്ള സ്കോട്ട് മോറിസന്റെ പ്രസ്താവന, ചൈനയ്ക്കുള്ള വ്യക്തമായ താക്കീത് തന്നെയാണ്.

യുഎസ്-ഓസ്ട്രേലിയൻ അന്തർവാഹിനി നിർമ്മാണ കരാറിൽ ഫ്രാൻസും വളരെ അസംതൃപ്തരാണ്. 39 ബില്യൺ യു.എസ് ഡോളറിന്റെ ഈ നിർമ്മാണ കരാർ ആദ്യം ലഭിച്ചത് ഫ്രാൻസിലെ ആയുധ നിർമ്മാതാക്കളായ ഡി.സി.എൻ.എസ്  ഗ്രൂപ്പിനാണ്. അത് ക്യാൻസൽ ചെയ്താണ് ഓസ്ട്രേലിയ അമേരിക്കയ്ക്കു കരാർ നൽകിയത് എന്നതാണ് ഫ്രഞ്ച് ഭരണാധികാരികളെ പ്രകോപിപ്പിച്ചത്. സ്റ്റെൽത്ത് സംവിധാനമുള്ള ഷോർട്ട്ഫിൻ ബാരക്കുഡ ഡിസൈനിലുള്ള ഫ്രഞ്ച് സാങ്കേതികവിദ്യയിലാണ് അന്തർവാഹിനികൾ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഓസ്ട്രേലിയൻ ഭരണകൂടം അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

ഫ്രാൻസ് ” പിറകിൽ നിന്ന് കുത്തുന്ന പരിപാടി” എന്നാണ് ഈ കരാറിനെ വിശേഷിപ്പിച്ചത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-വെസ്-ലെ – ഡ്രിയാൻ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച്, അമേരിക്കയിലെ ബാൾട്ടിമോർ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഫ്രഞ്ച് കപ്പലിൽ വച്ച് നടത്താനിരുന്ന അമേരിക്കൻ-ഫ്രഞ്ച് സംയുക്ത ആഘോഷ പരിപാടി ഫ്രഞ്ച് ഗവൺമെന്റ് റദ്ദാക്കിയതും നാറ്റോ രാജ്യങ്ങൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത് .

Google search engine
Previous article“മെയ്ക്ക് താലിബാൻ ഗ്രേറ്റ് എഗെയ്ൻ” : ചിരി പടർത്തി യു.എസിലെ പൊതുസ്ഥലങ്ങളിൽ ബൈഡന്റെ ഫ്ലെക്സുകൾ
Next article“പുള്ളി ഇപ്പോഴും ഉറങ്ങുകയാണ്” : ജോ ബൈഡനെ പരിഹസിച്ച് എലോൺ മസ്കും