യു.എൻ ജനറൽ അസംബ്ലിയിൽ എന്തു കൊണ്ട് ബ്രസീൽ ആദ്യം പ്രസംഗിക്കുന്നു.? : കാരണം ഇതാണ്

0

ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയാണ്. ചൊവ്വാഴ്ചയാരംഭിച്ച ഒരാഴ്ച ദൈർഘ്യമുള്ള യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ, ഏറ്റവുമാദ്യം പ്രസംഗിക്കാനുള്ള അവസരം ബ്രസീലിനാണ് എന്നത് നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്.? 193 അംഗരാഷ്ട്രങ്ങളുള്ള യു.എൻ ജനറൽ അസംബ്ലിയെ ആദ്യമായി അഭിസംബോധന ചെയ്യുന്നതും പ്രസംഗിക്കുന്നതും ബ്രസീലിനെ പ്രതിനിധീകരിച്ചു കൊണ്ടുള്ള അംഗമാവും. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്.

ബ്രസീൽ ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപകാംഗങ്ങളിൽ ഒന്നാണ്. യു.എൻ സംഘടനയുടെ രൂപീകരണത്തിന് ശേഷം നടന്ന ആദ്യകാല യോഗങ്ങളിൽ, കൃത്യമായി പറഞ്ഞാൽ
1947-ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന രണ്ടാമത്തെ യു.എൻ ജനറൽ അസംബ്ലിയിൽ വച്ചാണ് ആ രസകരമായ സംഭവമുണ്ടായത്. യോഗം ആരംഭിച്ചപ്പോൾ, എന്താണ്, എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന ആശയക്കുഴപ്പം കാരണം ആദ്യമായി പ്രസംഗിക്കുന്നതിൽ നിന്നും എല്ലാ അംഗരാഷ്ട്രങ്ങളും വിട്ടു നിന്നു. തുടങ്ങി വെക്കാൻ ആർക്കും ധൈര്യമില്ലെന്ന് കണ്ടപ്പോൾ, ബ്രസീലിനെ പ്രതിനിധീകരിച്ചു കൊണ്ട് സന്നിഹിതനായിരുന്ന ഓസ്വാൾഡോ അരാൻഹ ധൈര്യപൂർവ്വം സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി. പ്രസിദ്ധമായ ഈ യു.എൻ സമ്മേളനത്തിലാണ് പാക്കിസ്ഥാനും യെമനും ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം ലഭിച്ചത്.

പിന്നീടങ്ങോട്ട് യു.എൻ ജനറൽ അസംബ്ലിയിൽ ബ്രസീലിനെ ആദ്യം സംസാരിക്കാൻ അനുവദിക്കുക എന്നത് ഒരു ചടങ്ങായി മാറി. അവിടുന്നങ്ങോട്ട് നടന്ന ജനറൽ അസംബ്ലി യോഗങ്ങളിലെല്ലാം ആദ്യം ബ്രസീലും തൊട്ടുപിറകെ അമേരിക്കയുമാണ് സദസ്സിനെ അഭിമുഖീകരിക്കുക. ചുരുക്കം ചില യോഗങ്ങളിൽ ഒഴിച്ച്, ഇപ്പോഴും ആ കീഴ്‌വഴക്കം തുടർന്നു വരുന്നു.

ഇപ്പോൾ ന്യൂയോർക്കിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ, യോഗം ആരംഭിച്ച ചൊവ്വാഴ്ച ദിവസം ആദ്യമായി പ്രസംഗിച്ചു കൊണ്ട് ബ്രസീൽ പ്രസിഡന്റ് ജയ്ർ ബോൾസൊനാരോയും തന്റെ പൂർവികരുടെ പാത പിന്തുടരുന്നു.

Google search engine
Previous articleഅധിനിവേശ കശ്മീരിൽ നിന്നും ഉടൻ പിന്മാറണം” : ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാന് താക്കീതു നൽകി ഇന്ത്യ
Next articleനടരാജ വിഗ്രഹമടക്കം മോദി ഭാരതത്തിൽ തിരിച്ചെത്തിക്കുന്നത് 157 പുരാവസ്തുക്കൾ : ഇന്ത്യയിൽ നിന്നും വിദേശികൾ കടത്തിയ അമൂല്യ നിധികൾ മടങ്ങിയെത്തുന്നു