സ്റ്റാൻ സ്വാമിയും ജാർഖണ്ഡ് മതപരിവർത്തന മാഫിയയും : കഥകൾ

0

മതപരിവർത്തനത്തിനെതിരെ ശക്തമായ നിയമങ്ങൾ നിലവിലുള്ള 10 സംസ്ഥാനങ്ങളാണ് അരുണാചൽ പ്രദേശ് ചത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്,ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവ. ഇവയിൽ തന്നെ ക്രിസ്ത്യൻ മതപരിവർത്തനം ഏറ്റവും ശക്തമായി നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് ജാർഖണ്ഡ്. എന്താണിതിന് കാരണം..?

വനങ്ങളുടെ നാട്” എന്നർത്ഥമുള്ള ജാർഖണ്ഡിലെ ക്രിസ്തുമതത്തിലേക്കുള്ള നിർബന്ധിത പരിവർത്തന ചരിത്രം പതിനെട്ടാം നൂറ്റാണ്ട് മുതലാണ് ആരംഭിക്കുന്നത്. നല്ലവനായ ഇടയനെ വിറ്റ് കാശാക്കാൻ ജാർഖണ്ഡിലെ സിംഹ ഭാഗവും ഉൾപ്പെടുന്ന ചോട്ടാനാഗ്പൂർ പീഠഭൂമിയിലേക്ക് സെമിറ്റിക് മതദൂതുമായി ആദ്യം കടന്നുവന്നത് ജർമൻ പാതിരികളാണ്. കൃത്യമായി എടുത്തു പറഞ്ഞാൽ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ. ചക്രധാർപൂർ വഴി, റാഞ്ചിയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച ഇവരുടെ മതപരിവർത്തനം അത്രത്തോളം ശക്തമായിരുന്നില്ല. എന്നാൽ, ഗോത്രവിഭാഗം വളരെ വളക്കൂറുള്ള മണ്ണാണെന്ന് കണ്ട് തൊട്ടുപിന്നാലെ പത്തൊമ്പതാം നൂറ്റാണ്ടിൽ കത്തോലിക്കൻ മിഷനറികൾ കൂട്ടത്തോടെ ജാർഖണ്ഡിൽ വന്നിറങ്ങി. കാൽസ്രായിയും കോട്ടുമിട്ട് വന്ന പുരോഹിതന്മാരെ നിഷ്കളങ്കരായ അന്നേവരെ കാട്ടിനു വെളിയിലെ ലോകം കണ്ടിട്ടില്ലാത്ത ഗോത്രവർഗ്ഗക്കാർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. സന്താൾ, മുണ്ട എന്നിങ്ങനെയുള്ള പ്രധാന വിഭാഗക്കാരെക്കൊണ്ട് പെട്ടി ചുമപ്പിച്ചും പുറം പണികൾ ചെയ്യിച്ചും അവരെ കൂലിക്കെടുത്ത് പാതിരിമാർ അടിയാളാരാക്കി വച്ചു. കൃഷിയും വേട്ടയുമല്ലാതെ മറ്റൊരു പണിയും അറിയാത്ത ആ വനവാസികൾക്ക് തങ്ങളുടെ ഭാഷ സംസാരിക്കുന്ന പാതിരിമാർ വലിയ അത്ഭുതമായിരുന്നു.

വിഗ്രഹാരാധകർക്കുള്ള ഏറ്റവും വലിയ മേന്മയെന്തെന്നാൽ, അവർക്ക് അന്യദൈവങ്ങളെ കണ്ടാൽ ചൊറിച്ചിൽ വരില്ല എന്നതാണ്. സ്വാഭാവികമായും, പുരോഹിതന്മാർ സ്ഥാപിച്ച കുരിശു പള്ളികളിലും മേടകളിലുമുള്ള ദൈവങ്ങളെ അവരും വണങ്ങി.കവലകളിൽ സ്കൂളുകൾ സ്ഥാപിച്ച പുരോഹിതന്മാർ ഗോത്രവർഗ്ഗക്കാരുടെ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിത്തുടങ്ങി. കുട്ടികൾക്കും സ്കൂളിൽ പോകാൻ ഉത്സാഹമായിരുന്നു. തങ്ങളുടെ മതത്തിൽ ചേരുന്നവർക്ക് സ്ഥിരമായ ജോലിയും അവരുടെ മക്കൾക്ക് ഭക്ഷണവും വസ്ത്രവും മിഷനറിമാർ നൽകി. പേമാരിയും വെള്ളപ്പൊക്കവും ദൈവകോപമാണെന്ന കഥകൾ മോറൽ സയൻസ് ക്ലാസുകളിൽ കുട്ടികൾ ശ്രദ്ധയോടെ കേട്ടിരുന്നു. വിദ്യാഭ്യാസത്തിൽ മതം കലർത്താനുള്ള ഇംഗ്ലീഷ് മിഷണറിമാരുടെ ജന്മസിദ്ധമായ കഴിവ് കുട്ടികളുടെ മനസിന്റെ അബോധതലത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. മെച്ചപ്പെട്ട ഭക്ഷണം തരുന്ന, വസ്ത്രം തരുന്ന, അറിവു തരുന്ന ദൈവത്തെ അവർ ആരാധിച്ചു തുടങ്ങി. ബ്രിട്ടീഷ് സർക്കാരിന്റെ ധനസഹായവും കൂടി ലഭിച്ചതോടെ, മെല്ലെ മെല്ലെ മിഷനറിമാർ സ്കൂളുകൾ വികസിപ്പിച്ചെടുത്തു. ജാർഖണ്ടിലെ ബിഷപ് വെസ്റ്റ് സ്ക്കോട്ട് പോലുള്ള സ്കൂളുകളെല്ലാം ഇത്തരത്തിൽ സ്ഥാപിച്ചതാണ്. ഒരു നഗരത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഒരു പള്ളി, പള്ളിയോട് ചേർന്ന് ഒരു അനാഥാലയം, ഒരു സ്കൂൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ പാതിരിമാർ കെട്ടിപ്പൊക്കി. അക്കാലത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ, വനവാസികളെ പരിഷ്കൃതരാക്കുന്ന അച്ഛന്മാരുടെ പുണ്യ പ്രവർത്തിയെ വാനോളം പുകഴ്ത്തി. ഇത് ബ്രിട്ടനിൽ നിന്നും മതപരിവർത്തനത്തിനായി കൂടുതൽ ഫണ്ട് അനുവദിക്കുവാൻ കാരണമായി.ബ്രിട്ടീഷ് സർക്കാരിന് ചുങ്കം കൊടുക്കാൻ നിവൃത്തിയില്ലാത്തവരായിരുന്നു ജാർഖണ്ഡിലെ ദരിദ്രരായ കർഷകർ. എന്നാൽ മതം മാറി ഇവരൊക്കെ പുരോഹിതന്മാരുടെ ശുപാർശപ്രകാരം സർക്കാർ പല ഇളവുകളും നൽകി. ദാരിദ്ര്യത്തിൽ നിന്നുള്ള മോചനമായി ആംഗലേയ മതത്തെ ഗോത്രവർഗ്ഗക്കാർ കണ്ടു. ഫലം, മൂന്നുനാലു ദശാബ്ദം കൊണ്ട് സംരക്ഷിക്കപ്പെടേണ്ട പല ഗോത്രങ്ങളിലെയും സിംഹഭാഗം ജനങ്ങളും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.

ഇതിനെതിരെ എഴുപതുകളിൽ ആദ്യമായി ശബ്ദമുയർത്തുന്നത് സംഘപരിവാർ ആണ്. അടിയന്തരാവസ്ഥയുടെ മറവിൽ, ആ മേഖലയിൽ നടന്നിരുന്ന പ്രവർത്തനത്തെയും സർക്കാർ അടിച്ചൊതുക്കി. അക്കാലത്ത് ബീഹാർ ഭരിച്ചിരുന്ന അബ്ദുൽഗഫൂർ, ജഗന്നാഥ് സർക്കാരുകൾ കണ്ണുമടച്ച് മതപരിവർത്തനത്തിനു ചുക്കാൻ പിടിച്ചു.2007-08 കാലഘട്ടത്തിൽ, ആർ.എസ്.എസ്, മതപരിവർത്തനം തടയുന്ന നിയമമുണ്ടാക്കാൻ ജാർഖണ്ഡ് ഭരിക്കുന്ന ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഘടകകക്ഷിയായ ജനതാദൾ(യു) മുതലായ പരാദങ്ങളുടെ എതിർപ്പു കാരണം അത് നടപ്പിലായില്ല. കാലം കടന്നു പോയി, ജാർഖണ്ഡിൽ ഭരണകൂടങ്ങൾ മാറി. 2017 ഓഗസ്റ്റ് 11ന് കുരിശു കൃഷിക്കാരുടെ വയറ്റത്തടിച്ചു കൊണ്ട് ജാർഖണ്ഡ് സർക്കാർ ഒരു പത്രപരസ്യം നൽകി. ഫ്രണ്ട് പേജിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന മഹാത്മാഗാന്ധിയുടെ ചിത്രവും “ക്രിസ്തുമതം മാത്രമാണ് മോക്ഷത്തിലേക്കുള്ള ഒരേയൊരു മാർഗ്ഗമെന്ന് ക്രിസ്ത്യൻ മിഷനറിമാർ വിശ്വസിക്കുന്നെങ്കിൽ, അവർക്ക് എന്നിൽ നിന്നോ മഹാദേവ ദേശായിയിൽ (സെക്രട്ടറി) നിന്നോ മതപരിവർത്തനം ആരംഭിച്ചു കൂടേ.? നിരക്ഷരരും നിസ്വരും പാവപ്പെട്ടവരുമായ വനവാസികളെ മതം മാറ്റി മോക്ഷം നൽകാനാണല്ലോ അവർക്ക് താല്പര്യം.? അവർക്ക് മുഹമ്മദും ജീസസും ആരാണെന്ന് തന്നെ അറിയില്ല, നിങ്ങളുടെ വാക്കുകേട്ട് ആ കാട്ടു മനുഷ്യർ മതം മാറുന്നത് ഒരു നേരത്തെ അന്നത്തിനു വിശപ്പടക്കാനും വേണ്ടി മാത്രമാണ്.” എന്ന അദ്ദേഹത്തിന്റെ ഉദ്ധരണിയുമായിരുന്നു ആ പരസ്യം. സാക്ഷാൽ, ഗാന്ധിജിയെ തന്നെ ദക്ഷിണാഫ്രിക്കയിൽ വച്ച് റോമൻ കത്തോലിക്കൻ പുരോഹിതന്മാർ മതം മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.

കോവിഡ് വരുത്തിവെച്ച ക്ഷാമം മൂലം പട്ടിണി കിടക്കുന്ന കുടുംബങ്ങളിൽ പശു ഇറച്ചിയുമായാണ് പാതിരിമാർ കയറിച്ചെല്ലുന്നത്. ഹൈന്ദവർക്ക് വർജ്ജ്യയമായ പശുമാംസം പാചകം ചെയ്യാൻ പാതിരിമാർ ആഹ്വാനം ചെയ്യുന്നുവെന്ന് തുറന്നു പറഞ്ഞ ജംഷഡ്പൂരിനടുത്ത് പരസുധിയിലെ ഗോത്രവർഗ്ഗക്കാരനായ രമേശ് ഹൻസ്ദയുടെ വീഡിയോ കേരളത്തിൽ വലതുപക്ഷ മാധ്യമങ്ങൾ പോലും വാർത്തയാക്കിയില്ല എന്നത് നിർഭാഗ്യകരമാണ്. ജാർഖണ്ഡിലെ സിംഡെഗ ജില്ലയുടെ ഹൃദയ ഭാഗത്ത് മാത്രം 300 പള്ളികളാണ് പ്രവർത്തിക്കുന്നത്. ചെറുതും വലുതുമായി ജില്ലയിൽ ആകെ മൊത്തം 2,400 ക്രിസ്ത്യൻ പള്ളികൾ എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചിന്തിക്കാനാകുമോ, അവിടെ നടക്കുന്നത് എന്താണെന്ന്.? ബിജെപി പാർലമെന്റ് അംഗമായ സഞ്ജയ് സേട്ട് ആണ് ഈ വിഷയം ജനമധ്യത്തിൽ ഉയർത്തിക്കൊണ്ടു വന്നത്. ഇവയ്ക്ക് പലതിനും സ്വന്തമായി അനാഥാലയങ്ങളുണ്ട്. ഈ അനാഥാലയങ്ങളുടെ നടത്തിപ്പ് നിയന്ത്രിക്കുന്നത് മിക്കതും, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയായിരിക്കും.അവിടത്തെ അനാഥാലയങ്ങളിൽ നടക്കുന്നത് എന്താണെന്ന് കർത്താവിനു മാത്രമേ അറിയൂ. സൗജന്യ പ്രസവ ശുശ്രൂഷ ലഭ്യമായ അത്തരം അനാഥാലയങ്ങളിൽ പ്രസവിക്കുന്നവരിൽ ഭൂരിഭാഗവും അവിവാഹിതരായ പെൺകുട്ടികളായിരിക്കും. 2015-ൽ, ദത്തെടുക്കൽ നിയമം മോദി സർക്കാർ പരിഷ്കരിച്ചപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് ഇതേ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയാണ്. കനത്ത പ്രതിഷേധമുയർത്തിയ അവർ, രോഷ പ്രകടനത്തിന്റെ അടയാളമായി രാജ്യമെമ്പാടുമുള്ള തങ്ങളുടെ ദത്തെടുക്കൽ സ്ഥാപനങ്ങൾ അടച്ചിട്ടു. ഈ സമയത്താണ് അവരുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് കൊണ്ട് റാഞ്ചി ശിശുക്ഷേമ സമിതി രംഗത്തെത്തുന്നത്. അനാഥാലയത്തിൽ നടക്കുന്ന പ്രസവങ്ങളെക്കുറിച്ച് തങ്ങൾ പലപ്പോഴും അറിയാറു പോലുമില്ല എന്ന അവരുടെ പ്രഖ്യാപനത്തോടെ ജനശ്രദ്ധ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്ക് തിരിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2016 മുതൽ നടന്ന പ്രസവങ്ങളിലായി ജനിച്ച 122 കുട്ടികളിൽ, 54 പേരും അപ്രത്യക്ഷരായെന്ന് കണ്ടെത്തൽ ഭാരതത്തെ ഒന്നടങ്കം ഞെട്ടിച്ചു. ( കേരളത്തിൽ അറിഞ്ഞിട്ടില്ല, മുക്കി) കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ റാഞ്ചി പോലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ, മിഷണറീസ് ഓഫ് ചാരിറ്റി കുട്ടികളെ വിൽക്കാറുണ്ടെന്ന് അവർക്ക് തെളിവ് ലഭിച്ചു. അവിവാഹിതകളുടെ പ്രസവം നിയന്ത്രിക്കുന്ന യൂണിറ്റിന് സൂപ്പർവൈസർ ആയ സിസ്റ്റർ കോൺസീലിയയും സഹായം മറ്റൊരു യുവതിയും ചേർന്ന് മൂന്നു കുട്ടികളെ വിറ്റതായി പോലീസ് കണ്ടുപിടിച്ചു.

സ്റ്റാൻ സ്വാമി

തമിഴ് നാടിന് ഒരു പ്രത്യേകതയുണ്ട്. അർജുൻ, കൃഷ്ണ, ഭരത് എന്ന് പേരുള്ള ക്രിസ്ത്യാനികളെ നിങ്ങൾക്കവിടെ കാണാൻ സാധിക്കും. തിങ്കളാഴ്ച മരിച്ച സ്റ്റാൻ സ്വാമിയുടെ മുഴുവൻ പേര് സ്റ്റാനിസ്‌ലാസ് ലൂർദ് സ്വാമിയെന്നാണ്. ലൂർദ് “സ്വാമി”യെന്ന പേരും നിങ്ങൾക്ക് ഏറ്റവുമധികം കാണാൻ സാധിക്കുക തമിഴ്നാട്ടിലാണ്. പ്രശസ്തനായ ദുരൈസ്വാമി സൈമൺ ലൂർദ് സ്വാമി തന്നെ മറ്റൊരുദാഹരണമാണ്.റോമൻ കത്തോലിക്കൻ ജെസ്യൂട്ട് പാതിയായ സ്റ്റാൻഡ് സ്വാമിയെന്ന സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റ് എഴുപതുകളിലാണ് ജാർഖണ്ഡ് മേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആദിവാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയ സ്വാമി, “വിസ്ഥാപൻ വിരോധി ജൻവികാസ് മോർച്ച” എന്ന സംഘടനയുടെ സ്ഥാപനത്തോടെ വിദ്യാഭ്യാസമില്ലാത്ത ഗോത്രവർഗക്കാരുടെ കണ്ണിലുണ്ണിയായി. ശരിയായ വൈദ്യസഹായം ലഭിക്കാതെ നിരവധി രോഗങ്ങളാൽ വീർപ്പുമുട്ടിയിരുന്ന സർണ ഗോത്രക്കാരെ സ്വാമി പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ചു.

സർണ ഗോത്രക്കാർ ഏറ്റവുമധികം കാണപ്പെടുന്നത് ഘോര വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന സിന്ദ്രി മേഖലയിലാണ്. ഗ്രാമത്തിലേക്ക് നയിക്കുന്ന ചെമ്മൺ പാതകളിൽ, അരകിലോമീറ്റർ കൂടുമ്പോൾ “അപകടകരമായ വളവുണ്ട്, സൂക്ഷിക്കുക” എന്ന ബോർഡ് കാണാം. സർണയോടൊപ്പം,പ്രകൃതിശക്തികളെ ആരാധിക്കുന്ന സിന്ദ്രി ഗോത്രക്കാരെയും സ്വാമിയടക്കമുള്ള നിരവധി പാതിരിമാർ സമൂഹ പ്രാർത്ഥനയ്ക്ക് പ്രേരിപ്പിച്ചു.കുഞ്ഞുങ്ങളുടെയും പ്രിയപ്പെട്ടവരുടെയും രോഗശാന്തി വാഗ്ദാനം ചെയ്യുന്ന മൂർത്തികൾക്ക് മുന്നിൽ ഏതു മാതാപിതാക്കളാണ്, ഏതു ബന്ധുക്കളാണ് പ്രാർത്ഥിക്കാതിരിക്കുക.? രോഗശാന്തി പ്രാർത്ഥനയിലൂടെയാണെന്ന് വിശ്വസിച്ച പ്രാർത്ഥനാ സംഘങ്ങൾക്കു മുന്നിൽ മെല്ലെ ക്രൂശിത രൂപങ്ങൾ സ്ഥാനം പിടിച്ചു. ” അത്ഭുത സിദ്ധി” യുള്ള പുരോഹിതന്മാർ കൊടുക്കുന്ന പ്രത്യേക ജലത്തിനും ചൂർണങ്ങൾക്കും പെയിൻ കില്ലറുകളുടെയും ആന്റിബയോട്ടിക്കുകളുടെയും ചുവയാണെന്ന് ആ പാവങ്ങൾ തിരിച്ചറിഞ്ഞില്ല. രോഗികളിൽ മിക്കവർക്കും താൽക്കാലികമായും, ഭാഗ്യമുള്ളവർക്ക് പൂർണ്ണമായും വേദനകളിൽ നിന്നും മോചനം ലഭിച്ചപ്പോൾ, അവർ പുരോഹിതരെ ദൈവപുത്രന്മാരായി കണ്ടു. രോഗബാധിതർക്ക് സ്വർഗ്ഗം ഉറപ്പുവരുത്താനായി അന്ത്യകൂദാശ നൽകാൻ മുൻപന്തിയിലായിരുന്നു ജാർഖണ്ഡിലെ പുരോഹിതന്മാർ. അപ്പോൾ എല്ലാം, തന്റെ ആക്ടിവിസ്റ്റ് പരിവേഷം നിലനിർത്താൻ സ്വാമി ബദ്ധശ്രദ്ധനായിരുന്നു.

പക്ഷേ, മാവോയിസ്റ്റുകളുമായുള്ള ബന്ധം രഹസ്യാന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റാൻ സ്വാമിയുടെ കഷ്ടകാലം ആരംഭിച്ചു. 1818-ൽ ബ്രിട്ടീഷുകാരുമായി നടന്ന ഭീമ-കൊറെഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ആഘോഷിക്കുന്നതിനിടയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ചുവടുപിടിച്ച് ലോക്കൽ പോലീസ് അന്വേഷണം തുടങ്ങി. രണ്ടുവർഷത്തിനു ശേഷം, കേസ് എൻഐഎ ഏറ്റെടുത്തതോടെ പല ആക്ടിവിസ്റ്റുകളുടെയും മുഖംമൂടി അഴിഞ്ഞു വീണു. കലാപത്തിലെ മുഖ്യ ആസൂത്രകൻ സ്റ്റാൻഡ് സ്വാമിയാണെന്ന് കണ്ടെത്തിയതോടെ 2020 ഒക്ടോബർ 8ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അയാളെ അറസ്റ്റ് ചെയ്തു.പേഴ്സിക്യൂട്ടഡ് പ്രിസണേഴ്സ് സോളിഡാരിറ്റി കമ്മിറ്റി, അഥവാ പിപിസിസി എന്ന സംഘടനയുടെ കൺവീനറായിരുന്നു സ്റ്റാൻ സ്വാമി. മാവോയിസ്റ്റുകളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നതിനാൽ ഈ സംഘടന പണ്ടേ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായിരുന്നു. സ്വാമിയുടെ ഉറ്റ തോഴിയായ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടെന്ന് മുംബൈ പോലീസ് ഹൈക്കോടതിയിൽ തെളിവുകളടക്കം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. സ്വാമിയുടെ വസതിയിൽ നടത്തിയ എഴുതി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ഉള്ള സകല തെളിവുകളും അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ നിന്ന് എംഎൽഎ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ഭരണം അട്ടിമറിക്കാനും മാവോയിസ്റ്റ് സംഘടനകളുമായി സ്റ്റാൻ സ്വാമി പ്ലാൻ ചെയ്തിരുന്നു. മോഹൻ എന്നൊരു മാവോയിസ്റ്റ് പ്രവർത്തകരിൽ നിന്നും എട്ടു ലക്ഷം രൂപ സ്വാമി സ്വീകരിച്ചതായും എൻഐഎ കണ്ടെത്തി. പ്രതിയുടെ ഇമെയിൽ സന്ദേശങ്ങൾ വിശദമായി പരിശോധിച്ച കോടതി, സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിച്ചു.ആക്ടിവിസ്റ്റുകളെന്ന പേരിൽ ഫലപ്രദമായി നിയമത്തിന്റെ കണ്ണ് വെട്ടിക്കുന്ന കൊമ്പൻ സ്രാവുകളിൽ മുൻനിരക്കാരനായിരുന്നു സ്റ്റാൻ സ്വാമി. വേദനിപ്പിക്കുന്നൊരു സത്യം പറയട്ടെ..സ്റ്റാൻ സ്വാമിക്ക് പിറകിലുള്ള ചരടുകൾ നിയന്ത്രിക്കുന്നവർ ബിജെപിയുടെയോ ഇന്ത്യൻ ഗവൺമെന്റിന്റെയോ രണ്ട് കൈകൾക്കുള്ളിൽ ഒതുങ്ങുന്നവരല്ല. അവരെ തോട്ടിക്ക് പിടിച്ചു നടത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ മാഫിയയായ യു. എസ്-യൂറോപ്യൻ സഭയാണ്.

ഒരുദാഹരണം പറയാം, കഴിഞ്ഞ മാസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ “അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് -2020 ” ക്രിസ്ത്യൻ മതപരിവർത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. റിപ്പോർട്ടിൽ, മിഷനറി മാഫിയ നിയന്ത്രിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അഥവാ, USCIRF ചില നിർദേശങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്.

1) മതസ്വാതന്ത്ര്യത്തിനു തടയിടുന്ന ഇന്ത്യയെ “നിരീക്ഷണ വിധേയമായ രാഷ്ട്രമാക്കി” നിലനിർത്തണം. അതു വഴി, ഇന്ത്യയിലെ മതസ്വാതന്ത്ര്യം പാലിക്കപ്പെടുന്നെന്ന് ഉറപ്പു വരുത്തണം.

2) ഇതിനു വിഘാതമായി പ്രവർത്തിക്കുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിച്ച് ശിക്ഷിക്കണം. അഥവാ, അവരുടെ സ്വത്തുവകകൾ അമേരിക്കയിലുണ്ടെങ്കിൽ അത് മരവിപ്പിക്കണം.

3) ഉഭയകക്ഷിപരമായ, വേണ്ടിവന്നാൽ ഏകപക്ഷീയമായ നടപടികളിലൂടെയും സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും ഇന്ത്യയിലെ എല്ലാ പീഡിത മതവിഭാഗങ്ങളുടെയും മനുഷ്യാവകാശം ഉറപ്പുവരുത്തണം.

4) ഇന്ത്യയിൽ നടക്കുന്ന മതസ്വാതന്ത്ര്യ (മതപരിവർത്തന എന്ന് ഭാഷ്യം) പ്രവർത്തനങ്ങൾക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായാൽ അമേരിക്കയതിനെ പരസ്യമായി അപലപിക്കുകയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും വേണം.

ഇതൊക്കെയായിരുന്നു മിഷനറി മാഫിയ ഡിപ്പാർട്ട്മെന്റ് അമേരിക്കൻ സർക്കാരിന് മുന്നിൽ വച്ച നിർദ്ദേശങ്ങൾ. ഇതിനെ പിന്തുണച്ചു കൊണ്ടും പൊക്കിപ്പിടിച്ച് കൊണ്ടും ലേഖനങ്ങളെഴുതാൻ ഇന്ത്യയിലെ മിക്ക തദ്ദേശ ഭാഷ/ഇംഗ്ലീഷ് ന്യൂസ് പോർട്ടലുകൾക്കും ക്രിസ്ത്യൻ മിഷണറിമാർ കാശു വാരിക്കോരി എറിഞ്ഞു. എന്നാൽ, പോയി പണി നോക്കാനായിരുന്നു മോദിസർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ തൽക്കാലം ഞങ്ങളുണ്ടെന്നും പുറത്തു നിന്നുള്ളൊരു ഏജൻസിയുടെ നിർദ്ദേശമോ അഭിപ്രായങ്ങളോ പരിഗണിക്കാൻ തൽക്കാലം ഉദ്ദേശമില്ലെന്നും സർക്കാർ തുറന്നടിച്ചു പറഞ്ഞു.

ഇവരൊക്കെ ചെയ്തു വെച്ചിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയണമെങ്കിൽ 2021 census റിപ്പോർട്ട് പുറത്ത് വരേണ്ടിവരും. മരണം ഒരാളെയും മഹാനാക്കുന്നില്ല. അല്ലെങ്കിൽ ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടെയും ക്ഷേത്രങ്ങൾ കൊണ്ട് യൂറോപ്പ് നിറഞ്ഞേനെ. ലഭ്യമായ തെളിവുകൾ പ്രകാരം, സ്റ്റാൻ സ്വാമി ഒരു രാജ്യദ്രോഹിയാണ്, മാത്രമല്ല സനാതന ധർമ്മത്തിന് ഏറ്റവും ഭീഷണിയുയർത്തുന്ന ഒരു ശത്രുവുമാണ്.

Google search engine
Previous articleകോവിഡ് വാക്സിനേഷൻ : കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകാൻ ഉത്തരവ്
Next articleപുൽവാമയിൽ ഏറ്റുമുട്ടൽ : 2 ഭീകരരെ വധിച്ച് സൈന്യം