“സർപ്പധാരിയായ ബുദ്ധൻ”: ആരായിരുന്നു നാഗാർജുനൻ ?

0

രണ്ട് സഹസ്രാബ്ദം മുൻപ് ജീവിച്ചിരുന്ന നാഗാർജ്ജുനൻ, ബുദ്ധമതത്തിലെ മഹായാന പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്നു. ശതവാഹന വംശത്തിലെ രാജാവായ യജ്ഞശ്രീ ശതകർണിയുടെ ഗുരുസ്ഥാനീയൻ കൂടിയായിരുന്നു അദ്ദേഹം. സദാ സർപ്പങ്ങളാൽ വിഭൂഷിതനായാണ് ഇദ്ദേഹത്തെ കാണാറ്. അതുല്യമായ ജ്ഞാനത്തിന് ഉടമകളായിരുന്ന ആ സർപ്പങ്ങളാണ് ആത്മീയതയുടെ പാതയിൽ നാഗാർജുനനെ നയിച്ചിരുന്നത്. പരമമായ ജ്ഞാനം ഈ നാഗങ്ങൾക്ക് ഉപദേശിച്ചു കൊടുത്തത് ഭഗവാൻ ശ്രീബുദ്ധനാണ് എന്നാണ് വിശ്വാസം. എന്നാൽ, ലോകജനത ആ ജ്ഞാനം സ്വീകരിക്കാൻ പ്രാപ്തരാകുന്നത് വരെ സമുദ്രത്തിനടിയിൽ വസിക്കാൻ ബുദ്ധൻ നാഗങ്ങളോട് കൽപ്പിച്ചുവത്രേ.

രസവാദവിദ്യയിലും വൈദ്യത്തിലും അഗ്രഗണ്യനായിരുന്ന പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സിദ്ധനാഗാർജുനനുമായി ഇദ്ദേഹത്തെ മാറിപ്പോകരുത്. ശാസ്ത്രജ്ഞനും മഹായോഗിയുമായിരുന്ന ആ നാഗാർജുനന്റെ പരീക്ഷണശാലയിലെ അവശിഷ്ടങ്ങൾ മഹാരാഷ്ട്രയിലെ നാഗൽവാഡിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

അങ്ങനെ തന്റെ പഠനവും ധ്യാനവുമായി മുന്നോട്ടു പോകവേ, ഒരിക്കൽ നാഗാർജുനനെ രാജ്ഞി കാണുവാൻ എത്തി. കണ്ടപാടെ രാജ്ഞി അദ്ദേഹത്തോട് ഒരു വാഗ്ദാനം ആവശ്യപ്പെട്ടു.

“ഹേ ദേവീ..സ്വന്തമായി ആകെയൊരു ഭിക്ഷാപാത്രം മാത്രം കൈവശമുള്ള ഒരാളാണ് വാക്കു തരുന്നത് എന്നോർമ്മ വേണം” എന്ന് മറുപടി പറഞ്ഞു നാഗാർജുന..

ആ ഭിക്ഷാപാത്രം തന്നെയാണ് എനിക്ക് വേണ്ടത് എന്നായിരുന്നു രാജ്ഞിയുടെ പ്രത്യുത്തരം. പുഞ്ചിരിയോടെ അത് നാഗാർജുന രാജ്ഞിയ്ക്ക് സമ്മാനിച്ചു. നാഗാർജുനോട് അങ്ങേയറ്റം ഭക്തി ഉണ്ടായിരുന്ന രാജ്ഞി അമൂല്യവും അതിവിശിഷ്ടവുമായ രത്നങ്ങൾ പതിപ്പിച്ചതും സ്വർണ്ണത്താൽ നിർമ്മിച്ചതുമായ ഒരു ഭിക്ഷാപാത്രം പകരം നൽകി. മണ്ണും പൊന്നും സമമായി കാണുന്ന അദ്ദേഹം അത് സ്വീകരിച്ചു.

നാഗാർജുന ഒരു സഞ്ചാരി കൂടെയായിരുന്നു. സ്വദേശത്ത്,പൊന്നു കൊണ്ട് മാളിക പണിയിക്കാൻ രാജാവ് തയാറായിരുന്നെങ്കിലും, നിലം പൊത്താറായ കാടിനുള്ളിലെ ഒരു ആശ്രമത്തിൽ ആയിരുന്നു അദ്ദേഹം വസിച്ചിരുന്നത്. ഒരിയ്ക്കൽ, ഒരു യാത്രയിൽ ആ ഭിക്ഷാപാത്രം ഒരു കള്ളൻ കാണുവാനിടയായി. ദർശനമാത്രയിൽ തന്നെ ആ പാത്രത്തിന്റെ മൂല്യം മനസിലാക്കിയ കള്ളൻ അത് എങ്ങനെയും കൈക്കലാക്കാൻ തീരുമാനിച്ചു കൊണ്ട് നാഗാർജുനെ നിശ്ശബ്ദമായി പിന്തുടർന്നു. അദ്ദേഹത്തിന്റെ വാസസ്ഥലം മനസിലാക്കിയ കള്ളൻ ആശ്രമത്തിനു സമീപം, കുറ്റിക്കാട്ടിൽ അദ്ദേഹമുറങ്ങുന്നത് കാത്തിരുന്നു.

“നഗ്നനായ ഈ സന്യാസിക്കെന്തിന് ഈ രത്നഖചിതമായ സ്വർണ്ണപ്പാത്രം! അയാളിൽ നിന്നും ആരെങ്കിലും ഉറപ്പായുംഅത് തട്ടിയെടുക്കും. എങ്കിൽപ്പിന്നെ എന്ത് കൊണ്ടത് എനിക്കായിക്കൂടാ? ആഹാരം കഴിഞ്ഞു മയങ്ങട്ടെ. അപ്പോളാണ് അവസരം..! ” ബുദ്ധസന്യാസിമാർ ദിവസത്തിൽ ഒരിക്കൽ മാത്രമേ ആഹാരം കഴിക്കുകയുള്ളൂ എന്നറിയാമായിരുന്ന കള്ളൻ ഇങ്ങനെ കണക്കുകൂട്ടി.

പക്ഷേ…

ഭക്ഷണം കഴിച്ച ശേഷം നാഗാർജുന, ആ അമൂല്യമായ പാത്രം ജനലിലൂടെ കള്ളനിരിക്കുന്ന കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.!!

അമ്പരന്ന കള്ളൻ ഒന്നും മനസിലാകാതെ സ്തംഭിച്ചു നിന്നു..!

ഇയാളിതെന്താ ഇങ്ങനെ ? ഇത്ര അമൂല്യമായ പാത്രം വലിച്ചെറിഞ്ഞിരിക്കുന്നു. അതും കൃത്യം ഞാനിരിക്കുന്നിടത്തേക്ക്. ഇനി എന്നെ കണ്ടു കാണുമോ.? കണ്ടാൽ തന്നെ ഒരു കള്ളൻ ആയ എനിക്ക് ഇത്രയും വിലപിടിച്ച പാത്രം വലിച്ചെറിഞ്ഞു തരേണ്ട കാര്യമെന്താണ്?

ആകാംക്ഷ സഹിയ്ക്കാനാവാതെ കള്ളൻ നാഗാർജുനനെ സമീപിക്കാൻ തീരുമാനിച്ചു.

“ഞാനിവിടെ പുറത്ത് നിന്നൊരു ചോദ്യം ചോദിക്കട്ടെ..?”

“അകത്തു വരാം…” നാഗാർജ്ജുന്റെ ശബ്ദം…!

“ഞാനൊരു കള്ളനാണ്…!”

“ഞാനും! ധൈര്യമായി കയറിവരൂ”

കള്ളൻ അകത്തു കയറി.

“പരിഭ്രമിക്കാതിരിക്കൂ..
തലസ്ഥാനം മുതൽ നിങ്ങളെന്റെ പുറകെ കൂടിയിരുന്നത് ഞാനറിഞ്ഞിരുന്നു. നിങ്ങളെ പക്ഷേ,അകത്തു കൊണ്ടു വരുവാൻ എനിക്കാ പാത്രം പുറത്തേക്കെറിയേണ്ടി വന്നു. വിഷമിയ്ക്കേണ്ട,അത് നിങ്ങളുടേതാണ്. എന്റെ അനുവാദത്തോടെ നിങ്ങളെ മോഷ്ടിയ്ക്കാൻ അനുവദിക്കാതിരിക്കാൻ വേണ്ടിയുള്ള ഒരു കൊച്ചു സമ്മാനം. ഈ വേനലിൽ വെയിൽ കൊണ്ട് കുറെ നടന്നതല്ലേ,? ദയവായി ഇത് നിരസിക്കാതെ സ്വീകരിക്കുക.” പുഞ്ചിരിയോടെ നാഗാർജുനൻ പറഞ്ഞു.

‘ഇതിന്റെ വിലയെന്തെന്ന് നിങ്ങൾക്കറിയില്ലേ ?’
കള്ളൻ ചോദിച്ചു..

“ഞാനെന്റെ വിലയറിഞ്ഞത് മുതൽ ഇതിനൊരു വിലയുമില്ലാതായിരിക്കുന്നു..”

നാഗാർജുന പ്രതിവചിച്ചു..

“എങ്കിൽ..എങ്കിൽ അങ്ങേയ്ക്കത് എന്നെ കൂടി പഠിപ്പിച്ചു തന്നുകൂടെ ? കള്ളൻ ചോദിച്ചു..”

നാഗാർജുന പറഞ്ഞു …” തീർച്ചയായും…അതിനു ചെയ്യേണ്ട കാര്യം ഇതാണ്..”മോഷ്ടിക്കുക!”

കള്ളൻ ഒന്ന് ഞെട്ടി…!

“പക്ഷേ..
നിരീക്ഷണത്തോടെ, മോഷ്ടിക്കുകയാണെന്ന വ്യക്തമായ അവബോധത്തോടെ മോഷ്ടിയ്ക്കുക.ആ നിരീക്ഷകത്വം നിങ്ങൾക്ക് കൈമോശം വരുമ്പോൾ മോഷ്ടിക്കാതിരിക്കുക..’
“ഒരു കുഞ്ഞ് നിയമം” നാഗാർജുന പറഞ്ഞു മുഴുമിച്ചു.

കള്ളൻ ചിരിച്ചു. “ആഹാ…ഇത്രേയുള്ളൂ …? നിസ്സാരം..”
“ഇനിയെന്ന് കാണാൻ പറ്റും അങ്ങയെ ?”

“രണ്ടാഴ്ച ഞാൻ എങ്ങും പോകില്ല!” അദ്ദേഹം പറഞ്ഞു.

സന്തുഷ്ടനായ കള്ളൻ സ്ഥലം വിട്ടു..
.
.
.

എന്നാൽ..

കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു. കള്ളൻ പറഞ്ഞത് പോലെ ശ്രമിച്ചു നോക്കി.ലോകത്തിൽ ഏറ്റവും വിഷമം പിടിച്ച ജോലി അതാണെന്ന് അയാൾക്ക്‌ മനസിലായി. ഒറ്റ മോഷണം പോലും നടത്താൻ അയാൾക്ക്‌ സാധിച്ചില്ല. അയാളുടെ സത്തയിൽ ബോധത്തിന്റെ പരിവർത്തന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു പ്രാവശ്യം രാജ്യഖജനാവിന്റെ വാതിൽ തുറന്നകത്ത് വരെയെത്തിയ അയാൾ, മോഷ്ടിക്കാൻ തുടങ്ങിയതോടെ അയാളുടെ ബോധമതിനെ എതിർത്തു.

മോഷണമാണ് തൊഴിലെങ്കിലും അയാൾ സത്യസന്ധനായിരുന്നു. അതു കൊണ്ട് ആ ശ്രമവും പകുതിക്കു നിർത്തേണ്ടി വന്നു. കടുത്ത മാനസിക സംഘർഷത്തിൽ പെട്ടുഴറിയ ആ പാവം വെറും കൈയോടെ നാഗാർജുന സമക്ഷം തിരിച്ചെത്തി.

“അങ്ങെന്റെ ജീവിതം താറുമാറാക്കി..ഇനിയീ ജന്മത്തിൽ എനിക്ക് മോഷ്ടിയ്ക്കാൻ സാധിക്കില്ല..”
.

വിഷാദത്തോടെ കള്ളൻ വെളിപ്പെടുത്തി..
.

എങ്കിൽ, അവബോധം മറന്നേക്കൂ…!

നാഗാർജുന ഉപദേശിച്ചു..

“ഒരിക്കലുമില്ല..!”

ഉറച്ച ശബ്ദത്തോടെ അയാൾ തുടർന്നു..
“മോഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും ആ നിമിഷങ്ങൾ ഞാനിഷ്ടപ്പെടുന്നു. ഇത്രയ്ക്കും ശാന്തനും,ആനന്ദാപൂർണ്ണനുമായി ഞാനിതു വരെ സമാധപൂർവ്വം വർത്തിച്ചിട്ടില്ല..
ഇവിടെയീ നിമിഷം മറ്റു വസ്തുക്കളുടെ നിരർത്ഥകത ഞാനറിയുന്നു..”

പൊട്ടിച്ചിരിച്ചു കൊണ്ടാണ് അതിന് നാഗാർജുന മറുപടി പറഞ്ഞത്..

“എല്ലാവരും ആത്യന്തികമായി കള്ളന്മാർ തന്നെയാണ്.നീയാ പാത്രം മോഷ്ടിക്കുന്ന ശ്രമത്തിലായിരുന്നപ്പോൾ, ഞാൻ നിന്നെ മോഷ്ടിക്കുന്ന തിരക്കിലായിരുന്നു…!! “

Google search engine
Previous article“യൂണിഫോം സിവിൽ കോഡ് ഉടൻ നടപ്പാക്കുക”: കേന്ദ്രസർക്കാരിനോട് ഹൈക്കോടതി
Next article“ഇറാൻ അഞ്ചു വർഷത്തിൽ അണുബോംബ് നിർമ്മിക്കും” : നിർണായക മുന്നറിയിപ്പുമായി ഇസ്രായേൽ