‘കാണാതായിട്ട് 38 വർഷങ്ങൾ’: സിയാച്ചിനിൽ നിന്നും സൈനികന്റെ മൃതദേഹം കണ്ടെടുത്തു

0

ന്യൂഡൽഹി: 38 വർഷങ്ങൾക്ക് ശേഷം സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ 16000 അടി ഉയരത്തിലുള്ള സിയാച്ചിനിലെ പഴയ ബങ്കറിൽ നിന്നും കണ്ടെത്തി. 1984-ൽ സിയാച്ചിനിലെ ഓപ്പറേഷൻ മേഘദൂതിന്റെ ഭാഗമായിരുന്ന ലാൻസ് നായിക് ചന്ദർ ശേഖറിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങളാണ് ലഭിച്ചത്. അവശിഷ്ടങ്ങൾക്കൊപ്പം, ലാൻസ് നായിക് ചന്ദർ ശേഖറിന്റെ സൈനിക നമ്പറുള്ള ഡിസ്‌കും കണ്ടെത്തിയിരുന്നു. ഇതാണ് തിരിച്ചറിയാൻ സഹായിച്ചത്.

ആഗസ്റ്റ് 13-ന് ഹിമാനിയുടെ ഒരു പഴയ ബങ്കറിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കുകയായിരുന്നു. പാകിസ്താൻ ഉറ്റുനോക്കിയ പ്രധാന പോയിന്റായ 5965 പിടിച്ചെടുക്കാനുള്ള ചുമതല നൽകിയ ടീമിലെ അംഗമായിരുന്നു ലാൻസ് നായിക് ചന്ദർ ശേഖർ. അന്ന് പ്രദേശത്തേക്ക് അയച്ചത് 19 കുമയോൺ റെജിമെന്റിൽ നിന്നുള്ള ഒരു സംഘത്തെയാണ്. സിയാച്ചിൻ ഹിമാനി പിടിച്ചടക്കാനുള്ള ഓപ്പറേഷൻ മേഘദൂതിന്റെ കീഴിലുള്ള ആദ്യ നടപടിയായിരുന്നു ഇത്. 1984 മെയ് 29- നാണ് ഓപ്പറേഷൻ നടന്നത്.

അന്ന് ഹിമപാതത്തിൽ അകപ്പെട്ട് സെക്കൻഡ് ലെഫ്റ്റനന്റ് പിഎസ് പുണ്ഡിർ ഉൾപ്പെടെ 18 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. തിരച്ചിലിൽ 14 സൈനികരുടെ മൃതദേഹങ്ങളാണ് കണ്ടെത്താൻ സാധിച്ചത്. 5 പേരുടെ ഭൗതിക ശരീരങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേനൽ കാലത്ത് മഞ്ഞ് ഉരുകുമ്പോൾ സൈന്യം ഇത്തരത്തിൽ കാണാതായവർക്കായി ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്താറുണ്ട്. അങ്ങനെ സിയാച്ചിനിൽ 16,000 അടിയിലധികം ഉയരത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഇതോടെ അദ്ദേഹത്തിന് ഔപചാരികമായി വിട നൽകാൻ തയ്യാറെടുക്കുകയാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം.

Google search engine
Previous article‘ഗർഭനിരോധന ഉറകളും ഗുളികകളും’: നവദമ്പതികൾക്ക് വിചിത്ര സമ്മാനവുമായി സർക്കാർ
Next articleരാജ്യത്തെ വിശ്വസനീയമായ സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് പുറത്ത്: വിശ്വാസ്യതയിൽ ഒന്നാമത് സൈന്യം, തൊട്ടുപിറകിൽ ആർബിഐയും പ്രധാനമന്ത്രിയുടെ ഓഫീസും