റഷ്യ-ഉക്രൈൻ യുദ്ധം : ഇരുരാജ്യങ്ങളുടെയും സൈനികശക്തി തമ്മിലൊരു താരതമ്യം

0

ഉക്രൈൻ-റഷ്യ എന്നീ രാജ്യങ്ങൾ തമ്മിൽ യഥാർത്ഥത്തിൽ യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ പോലും പാടില്ലാത്തതാണ്. ഉക്രൈനേക്കാൾ അത്രയ്ക്ക് വലിയൊരു സൈനികശക്തിയാണ് റഷ്യ. എങ്കിലും, സൈനിക ശക്തികളെന്ന നിലയ്ക്ക് ഇരുവരും തമ്മിലുള്ള താരതമ്യത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.


സൈനിക ശക്തി അളക്കുന്ന പവർ ഇൻഡക്സിൽ, 140-ൽ, 22 ആണ് ഉക്രൈന്റെ സ്ഥാനം. എന്നാൽ, റഷ്യ രണ്ടാം സ്ഥാനത്താണ്. രണ്ടു ലക്ഷം സൈനികരാണ് ഉക്രൈനുള്ളത്. എന്നാൽ, റഷ്യയ്ക്ക് എട്ടരലക്ഷം പേർ സൈനികരായുണ്ട്.

ഉക്രൈന്,റിസർവ് രണ്ടര ലക്ഷം പേർ, പാരാമിലിറ്ററി അമ്പതിനായിരം പേർ. റഷ്യയ്ക്ക് യഥാക്രമം രണ്ടര ലക്ഷം റിസർവ് പട്ടാളക്കാരും, പാരാമിലിറ്ററി മറ്റൊരു രണ്ടര ലക്ഷവും.

ആകെ മൊത്തം 318 വിമാനങ്ങളുണ്ട് ഉക്രൈന്. അതിൽ, 69 യുദ്ധവിമാനങ്ങൾ, ആക്രമണത്തിനു വേണ്ടി പ്രത്യേകം ഡെഡിക്കേറ്റഡ് അറ്റാക്ക് വിമാനങ്ങൾ 29, 32 ചരക്ക് വിമാനങ്ങൾ, വൈമാനികരെ പരിശീലിപ്പിക്കാനുള്ള ട്രെയിനർ വിമാനങ്ങൾ 71, പ്രത്യേക ദൗത്യ വിമാനങ്ങൾ 5 എണ്ണം.

റഷ്യയ്ക്കാകട്ടെ, ആകെ മൊത്തം 4,173 വിമാനങ്ങൾ ഉണ്ട്. അതിൽ 772 യുദ്ധവിമാനങ്ങൾ, അതിൽത്തന്നെ 739 ഡെഡിക്കേറ്റഡ് അറ്റാക്കിനു വേണ്ടി മാത്രമുള്ളതാണ്. 445 ചരക്കു വിമാനങ്ങളും 552 ട്രെയിനർ വിമാനങ്ങളും റഷ്യയ്ക്കുണ്ട്.

112 ഹെലികോപ്റ്ററുകൾ ഉക്രൈനുണ്ട്. അതിൽ അറ്റാക്ക് ഹെലികോപ്റ്ററുകൾ 34 എണ്ണം, റഷ്യയ്ക്ക് ആകെ മൊത്തം 1,543 ഹെലികോപ്റ്ററുകൾ ഉണ്ട്. അറ്റാക്ക് ഹെലികോപ്റ്ററുകൾ മാത്രം 544 എണ്ണവും.

കരമാർഗ്ഗമുള്ള യുദ്ധമാണ് അധികവും നടക്കുന്നത് എന്നതിനാൽ, ടാങ്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. 2596 ടാങ്കുകൾ ഉക്രൈനുള്ളപ്പോൾ, 12,420 എണ്ണം വരുന്ന ഭീമമായ പീരങ്കിപ്പടയാണ് റഷ്യയുടേത്.

12,303 കവചിത വാഹനങ്ങൾ ഉക്രൈൻ സൈന്യത്തിനുണ്ട്. എന്നാൽ, ഇരട്ടിയിലധികം അഥവാ, 30,122 കവചിത വാഹനങ്ങളുണ്ട് റഷ്യയ്ക്ക്. ഒരേസമയം, നിരവധി റോക്കറ്റുകൾ തൊടുത്തു വിടാവുന്ന മൊബൈൽ റോക്കറ്റ് പ്രൊജക്ടറുകൾ 490 എണ്ണം ഉക്രൈൻ സൈന്യത്തിനുണ്ട്. റഷ്യയ്ക്ക്, അത് 3,391 എണ്ണമാണ്.


38 നേവൽ ഫ്ലീറ്റുകളുണ്ട് ഉക്രൈൻ നാവിക സേനയ്ക്ക്. അതേസമയം, 605 എണ്ണമുള്ള ബൃഹത്തായ നാവിക സേനയാണ് റഷ്യയുടേത്. ഒറ്റ അന്തർവാഹിനി പോലും ഉക്രയിന് സ്വന്തമായി ഇല്ല. റഷ്യയ്ക്ക് കണക്കുകൾ പ്രകാരം 70 മുങ്ങിക്കപ്പലുകളുണ്ട്. വിനാശകാരികളായ ഡിസ്ട്രോയർ ക്ലാസിൽ പെട്ട യുദ്ധക്കപ്പലുകൾ റഷ്യക്ക് 15 എണ്ണമുണ്ട്. അതും ഉക്രൈന് ഒന്നു പോലും സ്വന്തമായി ഇല്ല. കുഞ്ഞൻ യുദ്ധക്കപ്പലുകളായ കോർവെറ്റുകളുടെ കണക്കെടുത്താൽ, ഉക്രൈന് ഒന്നും റഷ്യയ്ക്ക് 86 എണ്ണവുമാണ്. ഡിസ്ട്രോയറിനെക്കാൾ ചെറുതും, കോർവെറ്റിനേക്കാൾ വലുതുമായ ഫ്രിഗേറ്റ് വിഭാഗത്തിൽ പെട്ട യുദ്ധക്കപ്പലുകൾ ഉക്രൈന് ഒന്നും, റഷ്യയ്ക്ക് 11 എണ്ണവും സ്വന്തമായുണ്ട്.


സമുദ്രത്തിൽ മൈൻ വിതറാനും, നിർവീര്യമാക്കാനും സാധിക്കുന്ന മൈൻ വാർഫെയർ കപ്പലുകൾ ഉക്രൈന് ഒന്നു മാത്രമുള്ളപ്പോൾ, മറുപുറത്ത് 49 എണ്ണമാണ്. ഇതിനേക്കാളുപരി സ്വന്തമായി ഒരു വിമാനവാഹിനിയും റഷ്യയ്ക്ക് ഉണ്ട്. ആണവോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന നാല് യുദ്ധക്കപ്പലുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.


പ്രഥമദൃഷ്ട്യാ, റഷ്യ ഒരു ആണവ ശക്തിയാണ് എന്നതാണ് യഥാർത്ഥത്തിൽ ഏറ്റവും അപകടകരമായ വ്യത്യാസം. തന്നെയുമല്ല, കിൻസാൽ ഹൈപ്പർസോണിക് മിസൈൽ, ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ തുടങ്ങി പ്രത്യക്ഷത്തിൽ വളരെ വലിയ ആയുധങ്ങൾ റഷ്യയ്ക്കുണ്ടെങ്കിലും, അവയുടെ പ്രാധാന്യത്തെക്കാൾ അധികം നമ്മൾ മനസ്സിലാക്കേണ്ട, ഇരുത്തി ചിന്തിക്കേണ്ട ഒരു സംഗതിയുണ്ട്. വളരെ വിസ്തൃതമായ പ്രദേശമുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമാണ് റഷ്യ. അതിനുള്ളിൽ എന്ത് നടക്കുന്നുവെന്നും എന്തൊക്കെ നിർമ്മിച്ചു വച്ചിട്ടുണ്ടെന്നും ദൈവത്തിനും പുടിനും മാത്രമേ അറിയൂ. നിമിഷനേരം കൊണ്ട് ഉക്രൈനെന്ന രാഷ്ട്രത്തെ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കാനുള്ള ഹൈഡ്രജൻ ബോംബ് അടക്കമുള്ള സർവ്വ ശക്തമായ ആയുധങ്ങൾ 1961 മുതലേ റഷ്യയുടെ ആയുധ ശേഖരത്തിലുണ്ട്. അതിനാൽ, ഉക്രൈൻ യുദ്ധം ജയിക്കണമെങ്കിൽ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം.

അവലംബം: ഗ്ലോബൽ ഫയർപവർ നടത്തിയ പഠന വിവരങ്ങൾ

Google search engine
Previous article‘ഉക്രൈനിൽ മിലിറ്ററി ഓപ്പറേഷൻ ഉടൻ, രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്വം അവർക്ക്’ : നിർണായക പ്രഖ്യാപനവുമായി പുടിൻ
Next articleഉപരോധമെന്ന ഉമ്മാക്കി, പുല്ലുവില കൊടുത്ത് പുടിൻ : കാരണം അറിയാം