‘ഹർ ഘർ തിരംഗ’: കടലിനടിയിൽ പതാക ഉയർത്തി കോസ്റ്റ് ഗാർഡ്

0

ന്യൂഡൽഹി: കടലിനടിയിൽ ദേശീയപതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായിട്ടാണ് തീരസംരക്ഷണ സേന വെള്ളത്തിനടിയിൽ പതാക ഉയർത്തിയത്. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ്ണ പതാക ഉയർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്നാണ്, കോസ്റ്റ് ഗാർഡ് കടലിനടിയിൽ പതാക ഉയർത്തിയത്. കടലിനടിയിൽ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ തീരസംരക്ഷണ സേന ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെയാണ് പങ്കുവെച്ചത്. നിരവധി പേരാണ് കോസ്റ്റ് ഗാർഡിന്റെ ദേശസ്നേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ദൃശ്യങ്ങൾ പങ്കു വെച്ചതിനു ശേഷം രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ദേശസ്നേഹം വളർത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും തീരസംരക്ഷണ സേന വ്യക്തമാക്കിയിട്ടുണ്ട്.

‘ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമായി ദേശീയപതാക ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് 2 നും 15 നും ഇടയിൽ ദേശീയപതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

Google search engine
Previous article‘ഓഗസ്റ്റ് 2 മുതൽ പ്രൊഫൈൽ ചിത്രമായി ദേശീയപതാക ഉപയോഗിക്കണം’: ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Next articleഅൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു: യുഎസ് മിസൈൽ നീതി നടപ്പാക്കിയെന്ന് ജോ ബൈഡൻ