വരുമോ… വ്യാജനെ കുടുക്കാൻ ഡിജിലോക്കർ? അറിയാം, കൂടുതൽ വിശദാംശങ്ങൾ

0

കേരളത്തിലിപ്പോൾ വ്യാജന്മാരെ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പണ്ട് വിപണിയില്‍ എത്തുന്ന ചില വസ്തുക്കളില്‍ കണ്ടിരുന്ന മായവും വ്യാജവും ഇപ്പോള്‍ വ്യാപിച്ച് വിദ്യാഭ്യാസ മേഖലയില്‍ പോലും കൊയ്ത്ത് നടത്തുകയാണ്. നന്നായി പഠിച്ചിട്ടും അധികാര ദുർവിനിയോഗത്തിന്റെയും സ്വാധീനത്തിന്റെയും മുൻപിൽ തോറ്റു കൊണ്ട് അർഹിക്കുന്ന റാങ്കും തൊഴില്‍ അവസരങ്ങളും കാണാമറയത്ത് ആകുന്നവര്‍ നിരവധിയാണ്. ഇവിടെ വ്യക്തികളുടെ കഴിവിന് പ്രസക്തിയില്ല, മറിച്ച് കൊടി പിടിച്ചാലും മാവിന് കല്ലെറിഞ്ഞാലും ജോലിയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പുഷ്പം പോലെ നേടാമെന്ന് കേരളം ഈയടുത്ത് തെളിയിച്ചു.

വ്യാജ സർട്ടിഫിക്കുകൾ കൊണ്ട് ജോലി നേടാൻ ശ്രമിച്ച വിദ്യയും, എം. കോമിന് പ്രവേശനം തേടിയ നിഖിൽ തോമസും ചൂട് പിടിച്ച ചര്‍ച്ചാവിഷയം ആണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യചെയ്യുന്നു. ഇവിടെയാണ് ഡിജി ലോക്കറിന്റെ പ്രസക്തിയേറുന്നത്. എന്താണീ ഡിജി ലോക്കർ? നമ്മുടെ സുപ്രധാന രേഖകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഒരു ആപ്പാണിത്. ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ എല്ലാം ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ വ്യക്തികളെ അനുവദിക്കുന്ന ഒരു ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഡിജി ലോക്കർ. ഇതിലൂടെ രേഖകള്‍ ഓൺലൈനായി ആക്‌സസ് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.

വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് കോളേജുകളിൽ നിന്നും സർവ്വകലാശാലക്ക് നൽകുന്ന മുഴുവൻ രേഖകളും ഡിജി ലോക്കറിൽ സൂക്ഷിക്കാൻ സാധിക്കും. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ ചേർത്താൽ സർവ്വകലാശാലക്ക് അവയുടെ ആധികാരികത പരിശോധിക്കാനും കഴിയും. ഇത്തരത്തിലുള്ള നൂതന ആശയം ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമ്മലാണ്. ഒരു വിദ്യാർത്ഥി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കോളേജിനാണ് എന്നും വിസി ഓര്‍മ്മിപ്പിച്ചു. ഇവിടെ കോളേജിന്റെ ഭാഗത്ത് നിന്നും തെറ്റുപറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. കേരള സർവ്വകലാശാല കേരളത്തിന് പുറത്തുള്ള നിരവധി സർവ്വകലാശാലകളുടെ സിലബസ് പരിശോധിച്ച് വിദ്യാർഥികൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. കേരള സർവ്വകലാശാലയുടെ കോഴ്സുമായി 60 ശതമാനത്തിലധികം സാമ്യം സിലബസിനുണ്ടോ എന്ന് മാത്രമാണ് നോക്കുന്നത്. അതിന് കാരണം തന്നെ, കോളേജുകൾക്ക് ഇതര സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിലെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് ഉള്ള പരിമിതിയാണ്. ഈ സാഹചര്യത്തിൽ കോളേജുകൾക്ക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടോയെന്ന് ആദ്യം പരിശോധിക്കണം.

നാഷനൽ മെഡിക്കൽ കമ്മിഷൻ വിദേശത്ത് നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, മറ്റ് രാജ്യങ്ങളിലെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കഴിയാത്തതിനാൽ ഈ നിർദേശം പിൻവലിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഇതിനുള്ള പരിഹാരമാണ് ഡിജിലോക്കർ സംവിധാനം. ഇനിയെങ്കിലും കേരളത്തിൽ വിദ്യമാരും നിഖില്‍മാരും ഇല്ലാതിരിക്കാൻ ഈ സംവിധാനം ഉപയോഗപ്പെടും. ഡിജി ലോക്കർ വരുമ്പോൾ നിരാശ ഉണ്ടാവുക ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ആയിരിക്കും. അവർക്ക് വേണ്ടി ആര് തെരുവിലിറങ്ങി അക്രമം അഴിച്ചുവിടും? ആര് രക്തസാക്ഷിയാവും? ഈ ചോദ്യങ്ങൾക്ക് മുൻപിൽ സത്യമാണോ അതോ വ്യാജമാണോ ആത്യന്തികമായി പിടിച്ചുനിൽക്കുക എന്നത് കണ്ട് തന്നെ അറിയേണ്ടി വരും. കേരളത്തിൽ ഈ പാർട്ടിക്കാരുടെ തുടർഭരണം വന്നു കഴിഞ്ഞാൽ ഡിജിലോക്കറിന് പോയിട്ട് സ്വന്തം കണ്ണുകളെ പോലും നമുക്ക് വിശ്വസിക്കാൻ കഴിയാതെ വരും. എന്നാൽ, സർവ്വകലാശാലകൾക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.

Google search engine
Previous article‘ജോണി ഡെപ്പിന് ഒരു മില്യൺ നഷ്ടപരിഹാരം നൽകി ആംബർ ഹേഡ്’: പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡെപ്പ്
Next articleകെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റിൽ