‘ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന പുതിയ നിയമം’, അറിയാം പുതിയ ബില്ലുകളെ പറ്റി

0

ലോകസഭയിലെ പ്രതിപക്ഷത്തുള്ള ഭൂരിപക്ഷം  എംപിമാരെയും സസ്പെൻഷനിലൂടെ പുറത്തു നിർത്തിയാണ് സുപ്രധാനമായ ബില്ലുകൾ കേന്ദ്രസർക്കാർ പാസ്സാക്കി എടുത്തത്. രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകളാണിവ.

ഭാരതീയ ന്യായ സംഹിത (രണ്ട്) , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം (രണ്ട്) ബിൽ എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന ബില്ലുകളാണ് ഇവ. നേരത്തെ ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയുടെ പരിഗണനയ്ക്ക് വെച്ചിരുന്നു.
18 സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, 22 നിയമ സർവ്വകലാശാലകൾ എന്നിവരുമായി കൂടിയാലോചിച്ചാണ് കരട് തയ്യാറാക്കിയതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എം.പിമാരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് പുറത്തുനില്‍ക്കുമ്പോള്‍ ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്. 543 അംഗ ലോക്‌സഭയില്‍ ഒഴിവുള്ള സീറ്റുകള്‍ കഴിച്ചാല്‍ 522 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രതിപക്ഷത്തെ 95 പേരേയും കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നീതി വേഗം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കൊളോണിയല്‍ ചിന്താഗതിയില്‍നിന്നുംഅടയാളങ്ങളില്‍നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന പുതിയ നിയമങ്ങള്‍, ഇന്ത്യന്‍ ചിന്താധാര അടിസ്ഥാനമാക്കിയാണ് നിര്‍മിക്കപ്പെട്ടതെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍പ്പെട്ട് രാജ്യത്തിന് പുറത്തുള്ളവര്‍ 90 ദിവസത്തിനകം കോടതിക്കുമുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയല്‍ ഇന്‍ ആബ്ഷന്‍സ്യ എന്ന വ്യവസ്ഥ പുതിയ നിയമപ്രകാരമുണ്ടാവും.
കുറ്റവിമുക്തനക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴുദിവസത്തെ സമയം ലഭിക്കും. ആ
ഏഴു ദിവസത്തിനുള്ളിൽ ജഡ്ജി വാദം കേൾക്കണം. 120 ദിവസത്തിനുള്ളിൽ കേസ് വിചാരണയ്ക്ക് വരും. കുറ്റകൃത്യം നടന്ന 30 ദിവസത്തിനുള്ളിൽ ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ കുറവ് വരുമെന്നും ബില്ലിൽ പറയുന്നു.

Google search engine
Previous article‘ഇന്റേൺഷിപ്പിന് അവസരം തേടി ഇന്ത്യൻ വിദ്യാർത്ഥി’: വിചിത്ര മറുപടി നൽകി ജർമ്മൻ പ്രൊഫസർ, വൈറൽ
Next article‘ലോകമെമ്പാടും ആഘോഷം’, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ