പ്രസവവേദനയിൽ തെരുവിൽ പിടഞ്ഞ് ഭിക്ഷക്കാരി: തുണയായി പ്രസവമെടുത്തത് പോലീസുകാരി

0

ചെന്നൈ: തെരുവിൽ പ്രസവവേദനയാൽ പിടഞ്ഞ ഭിക്ഷാടകയ്ക്ക് തുണയായിയെത്തിയത് പോലീസുകാരി. വെല്ലൂർ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജകുമാരിയാണ്  യുവതിയെ സഹായിക്കാൻ എത്തിയത്. തുടർന്ന്, രാജകുമാരി അവിടെ വെച്ച് തന്നെ പ്രസവം എടുക്കുകയും ചെയ്തു. നിരവധി പേരാണ് പൊലീസുകാരിയ്ക്ക് അഭിനന്ദനമായി എത്തിയത്.

പുലർച്ചെ ജോലിക്ക് പോകുമ്പോഴാണ് രാജകുമാരി യുവതിയുടെ കരച്ചിൽ കേട്ടത്. കരച്ചിൽ കേട്ട സ്ഥലത്തെത്തിയപ്പോൾ പ്രസവവേദനയിൽ പിടയുന്ന ഭിക്ഷാടകയെയാണ് കണ്ടത്. ഉടൻ തന്നെ രാജകുമാരി സ്റ്റേഷനിലേക്ക് ഓടുകയും  സബ് ഇൻസ്പെക്ടർ പത്മനാഭനെയും വനിതാ കോൺസ്റ്റബിൾ ശാന്തിയെയും സഹായത്തിനായി കൊണ്ടുവരികയും ചെയ്തു. തുടർന്ന്, മൂന്ന് പേരും ചേർന്ന് യുവതിയുടെ പ്രസവമെടുത്തു. യുവതിക്ക് പെൺകുട്ടിയാണ് ജനിച്ചത്.

പ്രസവം കഴിഞ്ഞ് ഉടൻ തന്നെ അമ്മയെയും കുട്ടിയെയും ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ആറു വയസ്സുള്ള മകനും യുവതിക്ക് ഉണ്ട്. വിവാഹ ശേഷം ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ ജീവിക്കാൻ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ഭിക്ഷാടനത്തിന് ഇറങ്ങിയതെന്നും യുവതി പറഞ്ഞു. അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയാണ് രാജകുമാരി അവിടെനിന്നും മടങ്ങിയത്. ഭിക്ഷാടനം നടത്തരുതെന്ന നിർദ്ദേശവും അവർക്ക് നൽകിയിട്ടുണ്ട്.

Google search engine
Previous article‘പെട്ടല്ലോ മാതാവേ..!’: ആഹാരത്തിന്റെ മണംപിടിച്ചെത്തിയ കൊമ്പൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങി
Next articleഅണുബോംബിടുമെന്ന് റഷ്യൻ ഭീഷണി: പുടിൻ വെറുതേ പറയില്ലെന്ന് സെലൻസ്കി