സാംസൺ ഓപ്‌ഷൻ : പരാജയമുറപ്പായാൽ സർവ്വസംഹാരത്തിനായുള്ള ഇസ്രായേലി ആക്രമണ പദ്ധതി

0

സാംസൺ ഓപ്ഷൻ 

ഇസ്രായേലിന്റെ അവസാന ആയുധമായ സാംസൺ ഓപ്ഷൻ എന്തെന്ന് മനസ്സിലാക്കാൻ ആദ്യം സാംസൺ ആരെന്ന് അറിയണം. കർത്താവിന് സ്വയം ഉഴിഞ്ഞു വയ്ക്കുന്ന ഒരു പ്രത്യേകതരം ഉപവാസമാണ് നാസീർ വ്രതം. ” തിരഞ്ഞെടുക്കപ്പെട്ടവൻ, സമർപ്പിത എന്നൊക്കെയാണ് നാസീർ എന്ന ഹീബ്രു പദത്തിനർത്ഥം. കഠിനമായ നിയമങ്ങളോടു കൂടിയതാണ് ഈ വ്രതം. രണ്ടു തരത്തിൽ ഈ വ്രതമെടുക്കാം. ഒന്ന്, സ്വന്തം ഇഷ്ടപ്രകാരം നിശ്ചിതകാലത്തേക്ക് നാസീർ വ്രതസ്ഥരാവാം. ദൈവം നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. സ്വന്തം ഇഷ്ടപ്രകാരം നാസീർ വ്രത​മെ​ടു​ക്കു​ന്ന​വർക്കു പ്രധാ​ന​മാ​യി മൂന്നു നിയന്ത്രണ​ങ്ങ​ളുണ്ട്‌. ലഹരി​പാ​നീ​യ​ങ്ങ​ളും, മുന്തിരിപ്പവും മുന്തി​രി​യിൽ നിന്നുണ്ടാക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും സമ്പൂർണ്ണമായി ഒഴിവാ​ക്കണം, മുടി മുറി​ക്ക​രുത്‌, മൃത​ദേഹ​ത്തിൽ തൊട​രുത്‌. എന്നാൽ, ദൈവ​മാ​ണു നാസീ​റായി നിയമി​ക്കു​ന്നതെ​ങ്കിൽ ജീവി​ത​കാ​ലം മുഴുവൻ അവർ അങ്ങനെ തുടരണം, അവർക്കുള്ള നിബന്ധ​നകൾ യഹോ​വ​യാ​ണു കല്പിച്ചു നൽകുന്നത്. ഇത്തരത്തിൽ, ആജീവനാന്ത നാസീർ വ്രതക്കാരനായിരുന്നു സാംസൺ. ഹീബ്രു ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിൽ 13 മുതൽ 16 വരെ അധ്യായങ്ങളിലാണ് ഇസ്രായേലി ന്യായാധിപൻമാരിൽ അവസാനത്തെ ആളായ സാംസണെ കുറിച്ച് പരാമർശിക്കുന്നത്.

ശത്രുക്കൾക്കെതിരെ പൊരുതാൻ അസാമാന്യമായ ശക്തി യഹോവ സാംസണ് നൽകിയിരുന്നു. തന്റെ ബലിഷ്ഠമായ കരങ്ങൾ മാത്രം ഉപയോഗിച്ച് ഒരു സിംഹത്തെ കൊന്നതും കഴുതയുടെ താടിയെല്ല് ഉപയോഗിച്ച് ഫെലിസ്ത്യരുടെ ഒരു വലിയ സൈന്യത്തെ കൂട്ടക്കൊല ചെയ്തതും ബൈബിളിൽ പരാമർശിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ, നീളമുള്ള മുടി മുറിക്കപ്പെട്ടാൽ, അവന്റെ വ്രതം ലംഘിക്കപ്പെട്ടാൽ, സാംസന്റെ ശക്തി നഷ്ടപ്പെടുമായിരുന്നു.

സാംസണെ വകവരുത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫെലിസ്ത്യർ പരാജയപ്പെട്ടു അവസാനം, അവർ ഒരു വഴി കണ്ടെത്തി. അവന്റെ കാമുകിയായ സ്വാധീനിച്ച ശത്രുക്കൾ അവളുടെ മടിയിൽ ഉറങ്ങിക്കിടന്ന സാംസന്റെ മുടി മുറിപ്പിച്ചു. അതോടെ, സർവ്വ ശക്തികളും നഷ്ടപ്പെട്ട സാംസണെ അവർ ബന്ധനസ്ഥരാക്കി. കൊടിയ പീഡനങ്ങൾക്ക് അവസാനം അവന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു. അവസാനം, ഇന്നത്തെ ഗാസയിലുള്ള ദാഗന്റെ ക്ഷേത്രത്തിനകത്തെ രണ്ട് കൂറ്റൻ തൂണുകളിൽ അവനെ ബന്ധനസ്ഥനാക്കി. ആ രണ്ട് തൂണുകളായിരുന്നു കൂറ്റൻ ദേവാലയം താങ്ങി നിർത്തിയിരുന്നത്. സാംസണെ ക്രൂശിക്കുന്നത് കാണാൻ മൂവായിരത്തോളം ജനങ്ങൾ ആ വലിയ ക്ഷേത്രത്തിൽ തടിച്ചുകൂടിയിരുന്നു. അതേസമയം, കാമുകിയെ വിശ്വസിച്ചതിനാൽ ചതിക്കപ്പെട്ട സാംസൺ, ഒരേയൊരു നിമിഷത്തേക്ക്‌ തന്റെ ശക്തി തിരിച്ചു തരാനും തന്നോട് കനിവു കാണിക്കാനും യഹോവയോട് പ്രാർത്ഥിച്ചു. ഹൃദയം നൊന്തുള്ള സാംസന്റെ പ്രാർത്ഥന കേട്ട കാരുണ്യവാനായ യഹോവ, അവന്റെ ശക്തികൾ തിരിച്ചു നൽകി. അടുത്ത നിമിഷം, “സകല ഫെലിസ്ത്യരും എന്നോടൊപ്പം മരിക്കട്ടെ.!” എന്നലറിയ സാംസൺ, തന്റെ സർവ്വശക്തിയും കൈകളിലേക്കാവാഹിച്ച് ആ രണ്ട് തൂണുകൾ കടപുഴക്കി മറിച്ചിട്ടു. ആ വമ്പൻ കെട്ടിടം ഒന്നടങ്കം നിലംപൊത്തിയപ്പോൾ അവിടെ തടിച്ചു കൂടിയിരുന്ന സകല ജനങ്ങളും അതിനടിയിൽപ്പെട്ട് സാംസണോടൊപ്പം ഞെരിഞ്ഞമർന്നു. അങ്ങനെ, തനിക്ക് നാശം വിധിച്ച ശത്രുക്കളെ ഒന്നടങ്കം സാംസൺ തന്നോടൊപ്പം മരണത്തിലേക്ക് കൊണ്ടു പോയി.

സാംസൺ ഓപ്ഷൻ അങ്ങേയറ്റം വിനാശകരമായ ഒന്നാണ്. ഇസ്രായേലെന്ന ജനത എന്ന തങ്ങളുടെ സമ്പൂർണ പരാജയം ഉറപ്പാക്കുന്നുവോ, അന്ന് ശത്രുക്കൾക്ക് മേൽ “സെക്കൻഡ്‌ സ്ട്രൈക്ക്” നടത്താനുള്ള സംവിധാനമാണ് സാംസൺ ഓപ്ഷൻ. ഒരു രാജ്യം അണുബോംബിനാൽ നശിപ്പിക്കപ്പെട്ടാൽ, ആക്രമണം മുൻകൂട്ടിക്കണ്ട് അതിനെ തിരിച്ചടിക്കാൻ വേണ്ടി ആണവായുധം രഹസ്യമായി സജ്ജമാക്കി വയ്ക്കുന്നതിനെയാണ് സെക്കൻഡ്‌ സ്ട്രൈക്ക് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, സാംസൺ ഓപ്ഷൻ ഇതിനെക്കാളും വളരെ മാരകമാണ്. ഇസ്രായേലിൽ പല അതീവ രഹസ്യ കേന്ദ്രങ്ങളിലും എല്ലാ ശത്രു രാജ്യങ്ങളും ലക്ഷ്യമാക്കി ‘ന്യൂക്ക്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചിട്ടുണ്ട്. കരയിൽ നിന്നും, jal കടലിൽനിന്നും ആകാശത്തുനിന്നും ഈ ഭീകരന്മാരെ വിക്ഷേപിക്കാൻ സാധിക്കും. ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പിനുള്ള അവസാന വഴി പോലും അടഞ്ഞാൽ, ഒരൊറ്റ നിമിഷം കൊണ്ട് ഈ മിസൈലുകൾ ലോഞ്ച് ചെയ്യപ്പെടും. അങ്ങേയറ്റം വിനാശകരമായ അന്ത്യമാകും അതോടെ ശത്രു രാജ്യങ്ങൾക്ക് സംഭവിക്കുക. അമേരിക്കയുടെ കുപ്രസിദ്ധമായ മാഡ് ഓപ്ഷൻ പോലെ, ശത്രുരാജ്യത്തിന്റെ സമ്പൂർണ സംഹാരം ഇതിലൂടെ ഇസ്രയേൽ ഉറപ്പു വരുത്തും. തനിക്ക് മരണം വിധിച്ചവരെ കൂട്ടത്തോടെ മരണത്തിലേയ്ക്ക് വലിച്ചിട്ട തങ്ങളുടെ സാഹസികനായ ന്യായാധിപന്റെ ഓർമ്മയ്ക്കായാണ് ഇസ്രായേൽ ഈ സർവ്വനാശത്തിന്റെ പദ്ധതിക്ക് സാംസൺ ഓപ്ഷൻ എന്ന പേര് നൽകിയിരിക്കുന്നത്.

ഇത്തരം കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ ഒരിക്കലും പുറത്തു വിടാത്ത ഇസ്രായേൽ, ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പക്ഷേ, ഡേവിഡ് ബെൻഗുരിയോൺ, ഷിമോൺ പെരസ്, ലെവി എഷ്കോൾ, തുടങ്ങി ഇസ്രായേലിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ച പ്രമുഖരെല്ലാം പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇറാൻ ഇസ്രായേലിന്റെ പ്രഥമലക്ഷ്യമായിരിക്കും. 209-ൽ,ഭരണത്തിൽ കയറിയ ഉടനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത് “ഇറാന്റെ ആണവ പദ്ധതികൾ ഒബാമ നിയന്ത്രിച്ചില്ലെങ്കിൽ ഇസ്രയേൽ അതിനു വേണ്ട പരിഹാരം കാണും” എന്നാണ്. ക്ഷമ നശിച്ചപ്പോൾ, “ഇറാനിലെ ഓപ്പൺഹൈമർ” എന്നറിയപ്പെട്ട ഇറാനി ആണവ പദ്ധതിയുടെ പിതാവായ മൊഹ്സിൻ ഫക്രിസാദേ നടുറോഡിൽ മരിച്ചു കിടന്നത് ഇസ്രയേലിന്റെ പ്രഹരശേഷിയുടെ ജ്വലിക്കുന്ന തെളിവാണ്.

“ഇറാന്റെ ആണവ പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്ന റഷ്യ ഒന്നോർക്കണം. ഇസ്രായേലിനു മാത്രമല്ല, നാളെ ഇതിന്റെ തിരിച്ചടി നിങ്ങൾക്കും നേരിടേണ്ടി വരും” എന്ന് 2004-ൽ, റഷ്യയ്ക്ക് നൽകിയ മുന്നറിയിപ്പ്, ഇസ്രയേലിന്റെ ലക്ഷ്യങ്ങളിൽ റഷ്യയും ഉൾപ്പെടുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ലോകത്തിലെ പ്രശസ്തരായ പല പ്രതിരോധ വിദഗ്ധരും ആശങ്കപ്പെടുന്നത്, ഇസ്രായേലിന്റെ ശത്രുരാഷ്ട്രങ്ങളെല്ലാം തന്നെ ഒന്നൊഴിയാതെ ഈ ഭീകരമായ ആക്രമണത്തിൽ നാമാവശേഷമാകുമെന്നാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ആണവായുധ സംരംഭകരാണ് ഇസ്രായേലെന്നതാണ് ഇതിനു തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത്.

Google search engine
Previous article“നിങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു, ഞങ്ങൾക്ക് അതു മതി” : ഫെൻസർ ഭവാനി ദേവിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Next articleരത്നഗിരിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങി : നരകയാതനയിൽ മഹാരാഷ്ട്ര