ബിരിയാണി വാഗ്ദാനം ചെയ്ത് സ്കൂൾ കുട്ടികളെ കലക്ടറേറ്റ് മാർച്ചിനിറക്കി: കാര്യം കഴിഞ്ഞപ്പോൾ മുങ്ങി എസ്എഫ്ഐ പ്രവർത്തകർ

0

പാലക്കാട്‌: ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐക്കാർ കുട്ടികളെ സമരത്തിന് കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിരിയാണി നൽകാമെന്ന് പറഞ്ഞ് സ്കൂൾ ഗേറ്റിന് അടുത്തുനിന്നും ബസ്സിലാണ് വിദ്യാർഥികളെ ഇവർ കൊണ്ടുപോയത്. എന്നാൽ, ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയിട്ട് വെള്ളം പോലും വാങ്ങി നൽകിയില്ലെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. വിദ്യാർഥികളെ കാണാതെ സ്കൂൾ അധികൃതരും രക്ഷകർത്താക്കളും അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർ നടുറോട്ടിൽ വിദ്യാർഥികളെ ബസിൽ ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

കനത്ത വെയിലായിട്ടു പോലും കലക്ടറേറ്റിലേക്കുള്ള മാർച്ചിൽ ഇവരെ നടത്തിച്ച എസ്എഫ്ഐ പ്രവർത്തകർ ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയില്ലെന്ന് കുട്ടികൾ വെളിപ്പെടുത്തിയതോടെ നാട്ടുകാർ പ്രതിഷേധം ഉയർത്തുകയായിരുന്നു. കൂടാതെ, തിരിച്ചു സ്കൂളിൽ ഇറക്കാതെ വിദ്യാർഥികളെ നടുറോട്ടിൽ ഇറക്കിവിട്ടതും പ്രതിഷേധത്തിനിടയാക്കി. ബിരിയാണി വാങ്ങി നൽകിയെന്ന് പറയണമെന്നും എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന് കുട്ടികൾ വെളിപ്പെടുത്തുകയും ചെയ്തു. ബിരിയാണി മോഹിച്ച് പല വിദ്യാർത്ഥികളും സ്കൂളിൽ കയറാതെ ബാഗുകളും കൊണ്ടാണ് സമരത്തിനു പോയത്.

വിശന്നു വലഞ്ഞ് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് പിന്നീട് രക്ഷകർത്താക്കളാണ് ഭക്ഷണം വാങ്ങി നൽകിയത്. ഇതേ തുടർന്ന്, നാട്ടുകാർ എസ്എഫ്ഐകാർക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർത്തി. എന്നാൽ, അധ്യാപകരുടെ സമ്മതം വാങ്ങിയിട്ടാണ് കുട്ടികളെ സമരത്തിന് കൊണ്ടു പോയതെന്ന് എസ്എഫ്ഐക്കാർ പറഞ്ഞു. എന്നാൽ, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൊണ്ടുപോയത് തട്ടിക്കൊണ്ടുപോകൽ ആണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയതോടെ എസ്എഫ്ഐക്കാർ സംഭവസ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.

Google search engine
Previous articleകറണ്ട് ബിൽ വന്നത് 3,419 കോടി!: വൃദ്ധൻ ബിപി കൂടി ആശുപത്രിയിൽ
Next articleചോർന്നൊലിച്ച് ശബരിമല ശ്രീകോവിൽ: റിപ്പോർട്ട് ചെയ്ത് മൂന്നു മാസമായിട്ടും നടപടിയെടുക്കാതെ ദേവസ്വം